നോട്ടിംഗ്ഹാം മലയാളികളുടെ പ്രിയപ്പെട്ട ബൈജു മേനാച്ചേരിക്ക് ഇന്ന് ജന്മനാട്ടിൽ അന്ത്യവിശ്രമം; സംസ്കാരച്ചടങ്ങുകൾ തത്സമയം കാണാം
Mar 05, 2023
നോട്ടിംഗ്ഹാം: നോട്ടിംഗ്ഹാം മലയാളികളുടെ പ്രിയപ്പെട്ട ബൈജു മേനാച്ചേരിക്ക് ഇന്ന് ജന്മനാട്ടിൽ അന്ത്യവിശ്രമമൊരുങ്ങും. ഇന്ന് വൈകുന്നേരം നാലുമണിയോടെ ചാലക്കുടി സെന്റ് മേരിസ് ഫെറോന ദേവാലയത്തിലാകും സംസ്കാരച്ചടങ്ങുകൾ നടക്കുക. രാവിലെ മുതൽ തന്നെ ഭവനത്തിൽ പൊതുദർശനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പൊതുദർശനവും സംസ്കാരച്ചടങ്ങും താഴെ കാണുന്ന ലിങ്കിൽ തത്സമയം കാണാം.
നോട്ടിങ്ഹാമിലെ ആദ്യകാല മലയാളികളിൽ ഒരാളും എൻഎംസിഎ ഉൾപ്പെടെ പല സംഘടനകളുടെയും സ്ഥാപകരിൽ ഒരാളുമായ ബൈജു മേനാച്ചേരി വെള്ളിയാഴ്ച്ച വൈകുന്നേരം നാട്ടിൽവച്ചാണ് മരണമടഞ്ഞത്. ഒരു വര്‍ഷത്തിലേറെ ആയി ബൈജു നാട്ടില്‍ ആയിരുന്നു. ശനിയാഴ്ച്ച രാവിലെ ബൈജുവിന്റെ പത്‌നി ഹില്‍ഡയും രണ്ടു മക്കളും നാട്ടിലേക്കു യാത്ര തിരിക്കുവാന്‍ തയ്യാറായിരിക്കവെയാണ് ദുഃഖവാർത്തയെത്തിയത്. അടുത്ത മാസം നാട്ടില്‍ നിന്നും യുകെയിലേക്കു മടങ്ങാന്‍ തയാറെടുക്കുമ്പോഴാണ് മരണം കൂട്ടിനെത്തിയത്. വീട്ടില്‍ കുഴഞ്ഞു വീണ ബൈജുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
രണ്ടു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ ബൈജുവും പത്‌നി ഹില്‍ഡയും നോട്ടിന്‍ഹാമിലെ ആദ്യ മലയാളി കുടുംബങ്ങളില്‍ ഒന്നാണ്. നോട്ടിങ്ഹാം മലയാളി ജീവിതത്തില്‍ ബൈജു ഇല്ലാത്ത പരിപാടികള്‍ ഒന്നുമില്ലായിരുന്നു. നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെയും പിനീട് പിറന്ന മുദ്രയുടെയും ഒക്കെ ആദ്യകാല സംഘാടകരിൽ ഒരാളായിരുന്നു.
ബൈജുവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, നാഷണൽ കമ്മിറ്റിയംഗം ജയകുമാർ നായർ, റീജിയൻ പ്രസിഡൻ്റ് ജോർജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ ജോബി പുതുക്കുളങ്ങര, നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസ്സോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.
click on malayalam character to switch languages