അരുണിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; ഭാര്യ ആര്യയെയും ഏകമകൾ ആരാധ്യയെയും ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ
Feb 10, 2023
തിരുവനന്തപുരം: കൊവെൻട്രിയിൽ നിര്യാതനായ അരുണിന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. ഇന്നലെ വെളിപ്പിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മൃതദേഹം ബന്ധുക്കളും യുക്മ ദേശീയ വക്താവ് അഡ്വ എബി സെബാസ്റ്റിയനും ചേർന്ന് ഏറ്റുവാങ്ങി.
ഇന്നലെ രാവിലെ 7 മണിക്ക് പൊതുദർശനത്തിന് വച്ചശേഷം സംസ്കാരം ഉദിയൻകുളങ്ങര ജംഗ്ഷനിൽ ഇലങ്കം ലൈനിൽ വീട്ടുവളപ്പിലായിരുന്നു. അരുണിന്റെ വേർപാടിൽ മനംനൊന്ത് കരയുന്ന ഭാര്യ ആര്യയെയും ഏകമകൾ മൂന്ന് വയസ്സുകാരി ആരാധ്യയെയും മാതാപിതാക്കളെയും ആശ്വസിപ്പിക്കാനാവാതെയായിരുന്നു ബന്ധുക്കൾ. നാട്ടുകാരും ബന്ധുക്കളുമടക്കം നൂറുകണക്കിന് ആളുകളാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്.
ഉദിയൻകുളങ്ങര ഇലങ്കം ലൈൻ അരുണിമയിൽ അഡ്വ മുരളീധരൻ നായരുടെയും കുമാരി ശാന്തിയുടെയും മകനാണ് അരുൺ. സഹോദരി ആതിര എം എസ്. തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയന്റെ സഹോദര പുത്രനാണ് അരുൺ എം എസ്.
കഴിഞ്ഞ ഒരു വർഷമായി കൊവൻട്രി എൻഎച്ച്എസ് ഗവൺമെന്റ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്ന അരുൺ കഴിഞ്ഞ 19നാണ് ഹെഡ്ഫോൺ വച്ച് പാട്ട് കേട്ട് ഉറങ്ങുന്നതിനിടയിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്.
അകാലത്തിൽ വിട്ടുപിരിഞ്ഞ അരുണിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ബന്ധുക്കളുടെ ആവശ്യപ്രകാരം കൊവെൻട്രി കേരള കമ്മ്യ്യൂണിറ്റിയും യുക്മയും ഏറ്റെടുക്കുകയായിരുന്നു. അരുൺ ജോലി ചെയ്തിരുന്ന എൻഎച്ച്എസ് ട്രസ്റ്റിലും ഇന്ത്യൻ ഹൈക്കമ്മീഷനിലും ബന്ധപ്പെട്ട് ഇതിനായി ആവശ്യമായ നടപടികൾ യുക്മ നേതൃത്വവും സികെസിയും സ്വീകരിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള ചിലവുകൾ എൻഎച്ച്എസ് ട്രസ്റ്റ് തന്നെ ഏറ്റെടുക്കുകയായിരുന്നു. മൃതദേഹം എത്രയും വേഗം വിട്ടുകിട്ടുന്നതിനും ആവശ്യമായ രേഖകൾ ലഭ്യമാക്കി നടപടികൾ പൂർത്തിയാക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷൻ അധികൃതരും ഇടപെട്ടിരുന്നു.
അരുണിന്റെ കുടുംബത്തെ സഹായിക്കാൻ യുക്മയും കൊവെൻട്രി കേരളാ കമ്യൂണിറ്റിയും യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫണ്ട് ശേഖരണവും പൂർത്തിയാക്കിയിരുന്നു. ലഭിച്ച പതിനായിരം പൗണ്ട് ഉടൻ തന്നെ ബന്ധുക്കൾക്ക് കൈമാറുമെന്ന് യുക്മ നേതൃത്വം വ്യക്തമാക്കി. ഇതിനായി സഹകരിച്ച മുഴുവൻ യുകെ മലയാളികൾക്കും ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച യുക്മ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് ജോർജ്ജ് തോമസ്, സികെസി പ്രസിഡന്റ് ഷിൻസൺ മാത്യു, സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ, ട്രഷറർ ലിയോ ഇമ്മാനുവൽ എന്നിവർക്കും യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു.
click on malayalam character to switch languages