1 GBP = 104.26

ഇഎംഎസ് ഓര്‍മയായിട്ട് ഇന്ന് ഇരുപത് വര്‍ഷം

ഇഎംഎസ് ഓര്‍മയായിട്ട് ഇന്ന് ഇരുപത് വര്‍ഷം

തിരുവനന്തപുരം: ഇഎംഎസ് ഓര്‍മയായിട്ട് ഇന്ന് 20 വര്‍ഷം. കേരളത്തിന്റെ പൊതുരാഷ്ട്രീയ സാമൂഹ്യ മേഖലയെ ഇഎംഎസിനോളം സ്വാധീനിക്കാന്‍ കഴിഞ്ഞവര്‍ ചുരുക്കമാണ്. കമ്മ്യൂണിസ്റ്റ് താത്വിക ആചാര്യനെന്നതിനപ്പുറം നവകേരളത്തിന്റെ പുരോഗതിക്ക് ചുവട് പാകിയ വ്യക്തി എന്ന നിലയിലാണ് രാഷ്ട്രീയ ഭേദമില്ലാതെ ഇഎംഎസ് മലയാളികളുടെ മനസ്സില്‍ ഇടംനേടിയത്.

ഇഎംഎസ് എന്ന മൂന്ന് വാക്കിലൊതുങ്ങിയ കേരളത്തിന്റെ രാഷ്ട്രീയ ഇതിഹാസം തീര്‍ത്ത ശൂന്യതയ്ക്ക് ഇന്ന് 20 വയസ്. ആ ധൈഷണിക ഇടപെടലുകള്‍ അന്യമായ നാളുകളില്‍ നാട് ആശയപരമായി ദരിദ്രമാക്കപ്പെടുക തന്നെ ചെയ്തു. വാക്ചാതുര്യങ്ങളുടെ യുക്തിരഹിത മറുപടികള്‍ക്കിടയില്‍ സംസാരിക്കുമ്പോഴെല്ലാം വിക്കിയിരുന്ന ആ സൈദ്ധാന്തിക ദാര്‍ശനികന്റെ ആഴവും അര്‍ത്ഥവുമേറിയ വാക്കുകള്‍ക്കായി മലയാളി ഇന്നും കാത് കൂര്‍പ്പിക്കുന്നു.

ഏലം കുളം മനയില്‍ അഷ്ടഗൃഹത്തിലാഡ്യനായി പിറന്ന ഇഎംഎസ് ജാതിമേല്‍ക്കോയ്മയും ജന്‍മിനാടുവാഴിത്തവും തീര്‍ത്ത പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ് ദരിദ്ര ജനവിഭാഗങ്ങളെ തനിക്ക് പിന്നില്‍ കടലിരമ്പം പോലെ ചേര്‍ത്തുനിര്‍ത്തി. ഐക്യ കേരളപ്പിറവിയ്ക്ക് ശേഷം ആദ്യമായി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ അനുകരിക്കാന്‍ അദ്ദേഹത്തിന് മുമ്പിലാരുമുണ്ടായിരുന്നില്ല. എന്നിട്ടും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയായി അദ്ദേഹം ലോകത്തിനാകെ അത്ഭുതം തീര്‍ത്തു. ഇതുവരെയുണ്ടായിട്ടുള്ള സൈദ്ധാന്തികര്‍ ലോകത്തെ വ്യാഖ്യാനിക്കുകയേ ചെയ്തിട്ടുള്ളു. അതിനെ മാറ്റിമറിക്കുകയാണ് പ്രധാനമെന്ന് പറഞ്ഞ കാറല്‍മാര്‍ക്‌സിന്റെ വാക്കുകള്‍ ഒരുപക്ഷേ യാഥാര്‍ഥ്യമാക്കിയതും ഇഎംഎസ് തന്നെയാകും.

തന്റെ ജീവിതം കൊണ്ട് ലളിത ജീവിതത്തെയും കമ്യൂണിസ്റ്റ് ജീവിതശൈലിയും അദ്ദേഹം തന്റെ പാര്‍ട്ടിയ്ക്കും പ്രവര്‍ത്തകര്‍ക്കും പഠിപ്പിച്ചു നല്‍കി. ചരിത്രത്തെ വളച്ചൊടിച്ച വര്‍ഗീയ നിര്‍മിതികള്‍ക്കെതിരെ ആ തൂലിക ഇടവേളകളില്ലാതെ ചലിച്ചു. എക്കാലവും അദ്ദേഹം എതിര്‍ത്തുപോന്നിരുന്ന ജീര്‍ണതകളാകെ 20 ആണ്ടുകള്‍ക്കിപ്പുറം ചരിത്രവൈരുദ്ധ്യങ്ങള്‍ പോലെ സമൂഹത്തില്‍ ഇടം പിടിക്കുകയും ചെയ്തിരിക്കുന്നു.

98 മാര്‍ച്ച് 19ന് വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍ തന്നെ ഇഎംഎസിന്റെ വേര്‍പാടില്‍ കേരളം വാവിട്ടു നിലവിളിച്ചതിനും പില്‍ക്കാലത്ത് പ്രതീകാര്‍ഥങ്ങള്‍ ഏറെയുണ്ടായി. രണ്ടു പതിറ്റാണ്ടിന് മുന്‍പേ ഇഎംഎസ് പറഞ്ഞിട്ടു പോയ വാക്കുകളുടെ വ്യാപ്തി ഒരുപക്ഷേ ഇപ്പോഴാകും പൊതുബോധത്തിന് മനസിലായിത്തുടങ്ങിയിട്ടുണ്ടാവുക. അങ്ങനെ ചരിത്രത്തെ തനിക്കു പിന്നാലെ ചുറ്റിത്തിരിച്ച, ഒരു കാലഘട്ടത്തെ തനിക്കൊപ്പം നടത്തിയ മഹാനായ കമ്യൂണിസ്റ്റിന്റെ വേര്‍പാട് ഇനിയുമേറെക്കാലം മലയാളിയ്ക്ക് ശൂന്യത തീര്‍ക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more