യുകെയിലെ മലയാളീകൾ മറ്റൊരു മെഗാ ഷോയെ കൂടി സ്വീകരിക്കാൻ ഒരുങ്ങുന്നു. മലയാള ചലച്ചിത്ര ഗാന രംഗത്ത് മുപ്പത്തിഅഞ്ചു സംവത്സരങ്ങൾ തികയ്ക്കുന്ന,മലയാളികൾക്ക് ഒരു പിടി നല്ല ചലച്ചിത്ര ലളിത നാടക ഭക്തി ഗാനങ്ങൾ സമ്മാനിച്ച, മലയാളത്തിന്റെ സ്നേഹ ഗായകൻ ശ്രീ G വേണുഗോപാൽ നയിക്കുന്ന സംഗീത നൃത്ത ഹാസ്യ മാന്ത്രിക പരിപാടി ” വേണുഗീതം 2018″ മെയ് മാസം 25 മുതൽ 28 വരെ യുകെയിലുടനീളം നടത്തപ്പെടുന്നു. മെയ് 25 വെള്ളിയാഴ്ച്ച ഗ്ലാസ്ഗോ മദർവെൽ കൺസേർട്ട് ഹാളിലും 26 ശനിയാഴ്‌ച്ച ലെസ്റ്റർ അഥീന യിലും, മെയ് 28 തിങ്കളാഴ്ച്ച ലണ്ടനിലെ മാനോർ പാർക്ക് റോയൽ റീജൻസിയിലും മാണ് പരിപാടി അണിയിച്ചൊരുക്കുന്നത്. ഗായകൻ ജി വേണുഗോപാലിനൊപ്പം മലയാളത്തിലെ ഒരു പിടി പ്രശസ്തരായ കലാകാരന്മാർ കൂടി ഈ മെഗാ ഷോയിൽ അണിനിരക്കുന്നു. ചലച്ചിത്ര പിന്നണീ ഗായിക മൃദുല വാര്യർ (ലാലി ലാലി ഫെയിം), വൈഷ്ണവ് ഗിരീഷ് ( ഇന്ത്യൻ ഐഡോൾ ജൂനിയർ 2015 ഫൈനലിസ്റ്) പാടും പാതിരി ഫാ:വിൽസൺ മേച്ചേരി (ഫ്ളവർസ് TV ഫെയിം ) ഡോ:വാണി ജയറാം (ഐഡിയ സ്റ്റാർ സിംഗർ ഫെയിം) രാജമൂർത്തി (മജീഷ്യൻ) സാബു തിരുവല്ല (കൊമേഡിയൻ) ഒപ്പം യുകെയിലെ അനുഗ്രഹീത ഗായകരും നർത്തകരും അണിനിരക്കുന്നു.2018 മെയ് 25 ന് ഗ്ലാസ്ഗോയിൽ ആരംഭിച്ചു 28 ന് ലണ്ടനിൽ അവസാനിക്കും.
ജി വേണുഗോപാൽ
1984 -ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ഗാന രംഗത്തു കടന്നുവന്ന ശ്രീ ജി വേണുഗോപാൽ, പിന്നീട് ഒരുപിടി ഇമ്പമാർന്ന ഗാനങ്ങൾ മലയാളചലച്ചിത്ര ഗാന ശാഖക്ക് സംഭാവന ചെയ്‌തിട്ടുണ്ട്,രാരീ രാരീരം രാരോ , ഒന്നാം രാഗം പാടി, ചന്ദന മണിവാതിൽ പാതി ചാരി, ഏതോ വാർമുകിലിൻ , താനെ പൂവിട്ട മോഹം തുടങ്ങിയ ഒരു നീണ്ട നിര ഗാനങ്ങൾ അദ്ദേഹത്തിന് കൈരളിക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞു.മൂന്നു തവണ കേരള സ്റ്റേറ്റ് ഫിലിം അവാർഡുൾപ്പെടെ ഒട്ടനവധി അവാർഡുകളും അംഗീകാരങ്ങളും വേണുഗോപാലിനെ തേടിഎത്തിയിട്ടുണ്ട്, ചലച്ചിത്ര ഗാനങ്ങൾക്ക് പുറമെ, ടീവി, നാടക, ലളിത, ഭക്തി ഗാന രംഗത്തും വേണുഗോപാലിന്റെ സംഭാവനകൾ നിരവധിയാണ്.
മൃദുല വാര്യർ :-
ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ സീസൺ ഫൈവിലൂടെ മലയാള ചലച്ചിത്ര ഗാന രംഗത്തേക്ക് കടന്നു വന്ന ഗായികയാണ് മൃദുല വാര്യർ. കളിമണ്ണ് എന്ന ചിത്രത്തിലെ “ലാലീ ലാലീ” എന്ന ഗാനമാണ് മൃദുലയെ വലിയൊരു പോപ്പുലർ ഗായികയാക്കി തീർത്തത്. ഈ ഗാനത്തിലൂടെ 2014 -ലെ കേരള സ്റ്റേറ്റിന്റെ മികച്ച ഗായികയ്ക്കുള്ള സ്പെഷ്യൽ ജൂറി അവാർഡും നേടിയിട്ടുണ്ട്.
വൈഷ്ണവ് ഗിരീഷ് :
വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്ത്യൻ സിനിമ ഗാന രംഗത്തേക്ക് നടന്നു കയറിയ ഗായകനാണ് വൈഷ്ണവ് ഗിരീഷ്. ഇന്ത്യൻ ഐഡോൾ ജൂനിയർ 2 വിലൂടെ തന്റെ പതിമൂന്നാമത്തെ വയസ്സിൽ പ്രശസ്തനായ ഗായകനാണ് വൈഷ്ണവ് ഗിരീഷ്.
ഫാദർ വിൽസൺ മേച്ചേരിൽ :-
ഫ്ലവർസ് ടീവിയുടെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ ബിഗ് മ്യൂസിക്കൽ ഫാദർ എന്ന പേരിനർഹനായ ഒരു കാതോലിക്കാ പുരോഹിതനായ ഗായകനാണ് വിൽസൺ മേച്ചേരിൽ. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള ഇദ്ദേഹം ഒട്ടനവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്
ഡോ. വാണി ജയറാം :
ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗറിലൂടെ കടന്നു വന്ന മറ്റൊരു ഗായികയാണ് ഡോ: വാണി ജയറാം. യുകെ മലയാളികൾക്ക് ഏറെ പരിചിതയുമാണ് ഡോ : വാണി ജയറാം.
കൂടാതെ കൊമേഡിയൻ സാബു തിരുവല്ല , മജീഷ്യൻ രാജമൂർത്തി തുടങ്ങിയവർ കോമഡിയും മാന്ത്രിക വിദ്യയും വേണുഗോപാലിനോടൊപ്പം സംഗീതത്തിൽ സന്നിവേശിപ്പിക്കുന്ന ഒരു മെഗാ ഷോ കൂടിയായിരിക്കും “വേണുഗീതം-2018” ഒപ്പം യുകെയിലെ ഒരുപിടി അനുഗ്രഹീത നർത്തകർ ഈ സംഗീതത്തോടൊപ്പം ചുവടുകൾ വെയ്ക്കുന്നു.
മലയാള ചലച്ചിത്ര ഗാന രംഗത്ത് 35 വർഷങ്ങൾ പിന്നിടുന്ന മലയാളത്തിന്റെ സ്നേഹ ഗായകൻ ശ്രീ ജി വേണുഗോപാലിന് യുകെ മലയാളികൾ ആദരിക്കുന്ന ഒരു പരിപാടി കൂടെയായിരിക്കും “വേണുഗീതം-2018”
യുക്മ -ഗർഷോം TV സ്റ്റാർ സിംഗർ സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലേ കൂടി ആയിരിക്കും “വേണുഗീതം-2018” നോടൊപ്പം ലെസ്റ്ററിൽ അരങ്ങേറുക. യുകെ മലയാളികൾ ഹൃദയത്തോട് ചേർത്ത് സ്വീകരിച്ച കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര നയിച്ച “ചിത്രഗീതം ” സംഗീത കലാ വിരുന്നായിരുന്നു സീസൺ വണ്ണിന്റെ ഗ്രാൻഡ് ഫിനാലെയെങ്കിൽ, പ്രശസ്ത ഗായകനും നടനുമായ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ നടന്ന “നാദവിനീതഹാസ്യം” ആയിരുന്നു സീസൺ 2 ൻറെ ഗ്രാൻഡ് ഫിനാലെയിൽ അരങ്ങേറിയത്.ഇതിനോടകം വൻ ജന പ്രീതിയാർജ്ജിച്ച യുക്മ-ഗർഷോം TV സ്റ്റാർ സിംഗർ സീസൺ 3 യിലെ പ്രധാന വിധികർത്താവുകൂടിയായിരിക്കും ശ്രീ ജി വേണുഗോപാൽ
മെയ് 25 വെള്ളിയാഴ്ച്ച ഗ്ലാസ്ഗോ മദർവെൽ കൺസേർട്ട് ഹാളിൽ “വേണുഗീതം-2018″ ന് ആതിഥേയത്വം വഹിക്കുന്നത് സ്കോട്ലൻഡിലെ യുണൈറ്റഡ് സ്കോട്ലൻഡ് മലയാളീ അസ്സോസിയേഷനും(USMA), 26 ശനിയാഴ്‌ച്ച ലെസ്റ്റർ അഥീനയിൽ UUKMA യും, 28 തിങ്കളാഴ്ച്ച ലണ്ടനിലെ മാനോർ പാർക്ക് റോയൽ റീജൻസിയിൽ ലണ്ടൻ മലയാളീ കമ്മ്യൂണിറ്റിയും ആതിഥേയത്വമരുളും.
നാദവും നൃത്തവും താളവും ഒന്ന് ചേർന്ന ഈ സംഗീത നൃത്ത ഹാസ്യ മാന്ത്രിക മെഗാ ഷോ ” വേണുഗീതം-2018″ യുകെയിലെ മലയാളികൾക്ക് ഒരു നവ്യാനുഭവം തന്നെ ആയിരിക്കും
ഈ മെഗാ ഷോയിലേയ്ക്ക് യൂകെയിലെ മലയാളികളായ എല്ലാ കലാ സ്നേഹികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു….
click on malayalam character to switch languages