യുക്മ സ്റ്റാർ സിംഗർ 3 ആദ്യ റൗണ്ട് മത്സരങ്ങൾ കടുപ്പമേറുന്നു : വിനു, ജിസ്മോൾ, ആന്റണി എന്നിവരാണ് ഈ ആഴ്ചത്തെ ഗായകർ
Dec 26, 2017
സജീഷ് ടോം (ചീഫ് പ്രോഗ്രാം കോർഡിനേറ്റർ)
ഗർഷോം ടി.വി. – യുക്മ സ്റ്റാർ സിംഗർ 3 മ്യുസിക്കൽ റിയാലിറ്റി ഷോയുടെ ഇഷ്ടഗാന റൗണ്ട് മത്സരങ്ങൾ പുരോഗമിക്കുകയാണ്. പുതിയ ഗായകർ രംഗപ്രവേശം ചെയ്യുന്തോറും മത്സരം കൂടുതൽ കടുപ്പമുള്ളതാകുകയാണ്. യൂറോപ്പ് മലയാളികളുടെ സംഗീത സങ്കൽപ്പങ്ങൾക്ക് വേഗത പകർന്നുകൊണ്ട് യു.കെ.യിലെ തെരഞ്ഞെടുക്കപ്പെട്ട ഗായകർക്കൊപ്പം ഇതര യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ഗായകർകൂടി മത്സരാർത്ഥികളായി എത്തുന്നു എന്നതാണ് സീസൺ 3 ന്റെ സവിശേഷത.
പരമ്പരയുടെ രണ്ടാം എപ്പിസോഡാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. ആദ്യ ഗാനവുമായെത്തുന്നത് വൂസ്റ്ററിൽനിന്നുള്ള ഗായകൻ വിനു ജോസഫ് ആണ്. എം.ജി.ശ്രീകുമാറിന്റെ നിത്യ ഹരിത ഗാനമായ “കൂത്തമ്പലത്തിൽ വച്ചോ” എന്ന ഗാനമാണ് വിനു ആലപിക്കുന്നത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് സുന്ദർ രാജൻ ഈണമിട്ടിരിക്കുന്ന “അപ്പു”വിലെ ഈ ഗാനം ഭാവാത്മകമായി ആലപിക്കുന്നതിൽ വിനു വിജയിച്ചിരിക്കുന്നു.
മാഞ്ചസ്റ്ററിൽ നിന്നുള്ള ജിസ്മോൾ ജോസ് ആണ് ഇഷ്ടഗാന റൗണ്ടിലെ രണ്ടാമത്തെ ഗായിക. വിട്ടുവീഴ്ചകൾക്ക് തയ്യാറാവാതെ, സ്വന്തമായ വഴികളിലൂടെ മാത്രം നടന്ന മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ജോർജ് കിത്തുവിന്റെ പ്രസിദ്ധമായ “സവിധം” എന്ന സിനിമയിലെ “മൗന സരോവരമാകെ ഉണർന്നു” എന്ന ഗാനവുമായാണ് ജിസ്മോൾ നമുക്ക് മുന്നിലെത്തുന്നത്. പ്രതിഭയുടെ ത്രിവേണി സംഗമം എന്ന് പറയാവുന്ന കൈതപ്രം- ജോൺസൻ മാഷ്- ചിത്ര കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനം മലയാളികൾക്കേറെ പ്രിയപ്പെട്ടതാകാൻ വേറെ കാരണങ്ങൾ ആവശ്യമില്ലല്ലോ.
ഇഷ്ടഗാന റൗണ്ട് രണ്ടാം എപ്പിസോഡിലെ അവസാന ഗാനവുമായെത്തുന്നത് വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ സോളിഹള്ളിൽനിന്നുള്ള ആന്റണി തോമസ് ആണ്. സമീപകാല മലയാള സിനിമയിലെ ട്രെൻഡ് സെറ്ററായ “പ്രേമം” സിനിമയിലെ “തെളിമാനം മഴവില്ലിൻ” എന്ന വിജയ് യേശുദാസ് ആലപിച്ച ഗാനവുമായാണ് ആന്റണി എത്തുന്നത്. ശബരീഷ് വർമ്മയുടെ വരികൾക്ക് രാജേഷ് മുരുകേശൻ ഈണം പകർന്ന 2015ലെ ഈ ഗാനം ഇന്നും യുവജനങ്ങളുടെ ഹരമാണ് .
ആദ്യ എപ്പിസോഡിന്റെ ടെലികാസ്റ്റോടുകൂടി സ്റ്റാർസിംഗറിന്റെ പുതിയ അവതാരകർ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ചിട്ടയായ തയ്യാറെടുപ്പുകളോടെ എത്തി, പ്രേക്ഷകരുമായി ഹൃദ്യമായി സംവദിക്കുന്ന അവതാരണ ശൈലി ഷോയുടെ ഹൈലൈറ്റുകളിൽ ഒന്നായി ചർച്ചചെയ്യപ്പെടുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ എപ്പിസോഡിലും പ്രേക്ഷകരുടെ പ്രിയങ്കരികളായി മാറിയ സന്ധ്യ മേനോനും, ദീപ നായരും അവതരണത്തിന്റെ കുലീനതയുമായെത്തുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ രണ്ടാം എപ്പിസോഡിന്റെ യുട്യൂബ് വീഡിയോ കാണുക
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages