പതിനേഴു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇതാ ഒരു ഇന്ത്യക്കാരിക്ക് ലോക സുന്ദരി പട്ടം ലഭിച്ചിരിക്കുന്നു. മിസ് ഇന്ത്യയായ മാനുഷി ഛില്ലര്‍ എന്ന ഇരുപത്തിയൊന്നുകാരിയാണ് ആ നേട്ടത്തിനുടമയായത്. ലോകസുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. ചൈനയിൽ നടന്ന മൽസരത്തിൽ 108 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിറകിലാക്കിയാണ് ഹരിയാന സ്വദേശിയായ മാനുഷി ഈ നേട്ടം കരസ്ഥമാക്കിയത്. 2000ല്‍ പ്രിയങ്ക ചോപ്രയായിരുന്നു ഈ പട്ടം അവസാനമായി ഇന്ത്യയിലെത്തിച്ചത്.
ബ്യൂട്ടി വിത്ത് എ പർസ് എന്ന പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ആർത്തവ ശുചിത്വത്തെക്കുറിച്ച് ഇരുപതോളം ഗ്രാമങ്ങളിൽ ബോധവല്‍ക്കരണം നടത്തിയ മാനുഷി, ബംഗീ ജംപിങ്, പാരാഗ്ലൈഡിങ്, സ്കൂബാ ഡൈവിങ് എന്നിങ്ങനെയുള്ള മേഖലകളിലും പ്രഗത്ഭയാണ്. മത്സരത്തിന്റെ അവസാന റൗണ്ടിലെ നിര്‍ണായകമായ ഒരു ചോദ്യത്തിന് മാനുഷിയുടെ മറുപടി വിധികര്‍ത്താക്കളെ മാത്രമല്ല, സദസിന്റെയും ഹൃദയം കവര്‍ന്നു. ആ ഒരു മറുപടിയാണ് രാജ്യത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ കിരീടനേട്ടത്തിന് അവരെ അര്‍ഹയാക്കിയത്.
ലോകത്തില്‍വച്ച് ഏറ്റവും മികച്ച ശമ്പളം ലഭിക്കേണ്ട തൊഴില്‍ ഏത് ? എന്തുകൊണ്ട് ? എന്നതായിരുന്നു ആ ചോദ്യം. തന്റെ അഭിപ്രായത്തില്‍ ‘അമ്മ’ എന്ന ജോലിയാണ് ഏറ്റവും മികച്ച ശമ്പളം അര്‍ഹിക്കുന്നതെന്നായിരുന്നു മാനുഷി നല്കിയ മറുപടി. അമ്മയാണ് ഏറ്റവും വലിയ ആദരം അര്‍ഹിക്കുന്നത്. പണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഒരാള്‍ക്ക് നല്കുന്ന ആദരം, സ്നേഹം എന്നിവയെല്ലാം വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ എന്റെ ഏറ്റവും വലിയ പ്രചോദനവും അമ്മയാണെന്നും മാനുഷി പറഞ്ഞു.
അറുപത്തിയേഴാമത് ലോക സുന്ദരിപ്പട്ടമാണ് മാനുഷി സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ മിസ് വേള്‍ഡ് പ്യൂർട്ടറിക്ക സ്റ്റെഫാനിയായിരുന്നു മാനുഷിയെ കിരീടം ചൂടിച്ചത്. മിസ് മെക്സിക്കോയെ ആദ്യ റണ്ണറപ്പായും മിസ് ഇംഗ്ലണ്ട് സെക്കന്റ് റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ, ഫ്രാന്‍സ്, ഇംഗ്ലണ്ട്, മെക്സിക്കോ, കെനിയ എന്നിവിടങ്ങളില്‍ നിന്നുള്ള സുന്ദരികളായിരുന്നു ഫൈനല്‍ റൌണ്ടില്‍ മത്സരിച്ചത്.
17 വർഷങ്ങൾക്ക് ശേഷം മാനുഷി ചില്ലറിലൂടെ ഇന്ത്യയ്ക്ക് വീണ്ടും ലോകസുന്ദരിപ്പട്ടം
click on malayalam character to switch languages