1 GBP = 108.16
breaking news

പ്രവാസികളുടെ വിശ്വാസദൗത്യം ഓര്‍മ്മിപ്പിച്ചും നോമ്പുകാല ചിന്തകള്‍ പങ്കു വച്ചും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്റെ ആദ്യ ഇടയലേഖനം…

പ്രവാസികളുടെ വിശ്വാസദൗത്യം ഓര്‍മ്മിപ്പിച്ചും നോമ്പുകാല ചിന്തകള്‍ പങ്കു വച്ചും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്റെ ആദ്യ ഇടയലേഖനം…

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രവാസി വിശ്വാസികള്‍ക്ക് ദൈവത്തിന്റെ പദ്ധതിയില്‍ വലിയ സ്ഥാനമുണ്ടെന്നും തങ്ങളുടെ വിളിയും നിയോഗവും അനുസരിച്ചു ജീവിക്കുക എന്നതാണ് പ്രധാന ഉത്തവാദിത്വമെന്നും ഓര്‍മ്മിപ്പിച്ചു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആദ്യ ഇടയലേഖനം പുറപ്പെടുവിച്ചു. നോമ്പുകാലത്തോടനുബന്ധിച്ചു പുറത്തിറങ്ങിയ ആദ്യ ഇടയ ലേഖനത്തില്‍ രൂപതയുടെ വിവിധമേഖലയിലുള്ള അജപാലന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നതിനൊപ്പം നോമ്പുകാലത്തിനനുയോജ്യമായ പ്രസക്തമായ ഉള്‍ക്കാഴ്ചകളും പങ്കുവയ്ക്കുന്നുണ്ട്. രൂപതാധ്യക്ഷനായി ഉത്തരവാദിത്വമേറ്റെടുത്തത് മുതല്‍ ആദ്യ ഇടയലേഖനത്തിനായി വിശ്വാസികള്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.

പ്രലോഭനം എന്നത് തിന്മകളിലേക്കുള്ള ആകര്‍ഷണം മാത്രമല്ലെന്നും നമ്മെ സംബന്ധിച്ചുള്ള ദൈവപദ്ധതിയില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള തിന്മയുടെ ക്ഷണവുമാണെന്ന് ഇടയലേഖനത്തില്‍ മാര്‍ സ്രാമ്പിക്കല്‍ സൂചിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ വിവിധ സമൂഹങ്ങളെ അടുത്തറിയാനായി നടത്തുന്ന യാത്രകള്‍ തീര്‍ത്ഥയാത്രകള്‍ പോലെയാണെന്നും ക്രൈസ്തവ വിശ്വാസ ജീവിതത്തിന് സജീവസാക്ഷ്യം നല്‍കുന്ന നിരവധി കുടുംബങ്ങളെ ഈ തീര്‍ത്ഥയാത്രകളില്‍ കാണാനായത് വലിയ പ്രത്യാശ നല്‍കുന്നുവെന്നും പിതാവ് പറയുന്നു.

യൗവ്വനത്തിന്റെ ഊര്‍ജ്ജവും ചൈതന്യവും പ്രസരിപ്പിക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ആഗോള സഭയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. തീക്ഷണമായ പ്രാര്‍ത്ഥനയില്‍ വളരുന്ന കുഞ്ഞുങ്ങളിലാണ് സഭയുടെ ഭാവി. ഇപ്പോള്‍ കാണുന്ന അവസ്ഥയില്‍ സഭയെ വളര്‍ത്തുന്നതിന് സഹായിച്ച വൈദികരേയും സന്യാസിനികളെയും അല്‍മായ സഹോദരങ്ങളെയും നന്ദിയോടെ ഓര്‍ക്കുന്നു – മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.

വിവിധ കമ്മീഷനുകളിലായി രൂപീകരിക്കപ്പെട്ട രൂപതയുടെ വിവിധ അജപാലന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ഇടയ ലേഖനത്തില്‍ എടുത്തുപറഞ്ഞിരുന്നു.പതിനായിരത്തിലധികം വരുന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്കും ഉന്നമനത്തിനുമായി രൂപീകൃതമായ വനിതാ ഫോറത്തെ കുറിച്ചും ഇടയലേഖനത്തില്‍ എടുത്തുപറഞ്ഞിരിക്കുന്നു .സുവിശേഷത്തിനു സാക്ഷ്യം വഹിച്ച വിശുദ്ധാത്മാക്കളുടെ മാതൃക പ്രവാസ ജീവിതത്തിലും വിശ്വാസികള്‍ക്ക് പിന്തുടരാനാകട്ടെ എന്ന ആശംസയോടെ ആദ്യ ഇടയലേഖനം പൂര്‍ത്തിയാക്കുന്നത്.

ഇംഗ്ലീഷിലും മലയാളത്തിലും പുറത്തിറക്കിയിരിക്കുന്ന ഇടയലേഖനം ഗ്രേറ്റ് ബ്രിട്ടനില്‍ സീറോ മലബാര്‍ കുര്‍ബാന ആകര്‍ഷിക്കപ്പെടുന്ന എല്ലാ സെന്ററുകള്‍ക്കുമായിട്ടാണ് നല്‍കിയിരിക്കുന്നത്.റാംസ്ഗേറ്റില്‍ വൈദീകരുടെ വാര്‍ഷിക ധ്യാനത്തില്‍ സംബന്ധിക്കവേ രൂപം നല്‍കിയ ഈ ആദ്യ ഇടയ ലേഖനത്തില്‍ ഇംഗ്ലണ്ടില്‍ ക്രൈസ്തവ വിശ്വാസത്തിന് വേരുപാകിയ വി അഗസ്റ്റിന്റേയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥ വി അല്‍ഫോന്‍സാമ്മയുടേയും മധ്യസ്ഥം പ്രാര്‍ത്ഥിക്കുകയും ഇംഗ്ലണ്ടിന്റേ മണ്ണില്‍ പുതിയ സുവേശേഷവത്കരണത്തിന് അവസരം നല്‍കിയ ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയോടുള്ള സീറോ മലബാര്‍ സഭയുടെ നന്ദി അറിയിക്കുകയും ചെയ്തിരിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more