ജോ ഇഞ്ചനാട്ടില്‍
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ ആയി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി സ്‌കോട്‌ലന്‍ഡില്‍ എത്തിയ മാര്‍ ജോസഫ് സ്രാമ്പിക്കലിനും രൂപതയുടെ വികാരി ജനറാള്‍ ഫാ മാത്യു ചുരപൊയ്കയിലിനും മദര്‍ വെല്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആസ്ഥാനമായ ബേണ്‍ ബാങ്ക് സെന്റ് കുത്ബര്‍ട് പള്ളിയില്‍ വച്ച് സ്വീകരണം നല്‍കി.

മദര്‍ വെല്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ഫാമിലി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പിതാവ് എത്തിയത്. ഞായറാഴ്ച ഉച്ചയോടെ എത്തിയ പിതാവിനെയും ഫാ. മാത്യു ചുരപൊയ്കയിലിനെയും ഇടവക വികാരി ഫാ. ജോസഫ് വെമ്പാടം തറ , ഫാ റോജി നരിതൂക്കില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടവക അംഗങ്ങള്‍ സ്വീകരിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനക്ക് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ഫാ മാത്യു ചുരപൊയ്കയില്‍, ഫാ. ജോസഫ് വെമ്പാടം തറ, ഫാ. റോജി നരിതൂക്കില്‍ എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിച്ചു. വളര്‍ന്നു വരുന്ന പുതു തലമുറയെ സഭയോട് ചേര്‍ത്ത് നിര്‍ത്തി ദൈവ വിശ്വാസത്തില്‍ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി മാതാപിതാക്കള്‍ ബോധവാന്‍മാര്‍ ആയിരിക്കണമെന്ന് പിതാവ് തന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു.

കുര്‍ബാനക്ക് ശേഷം പാരിഷ് ഹാളില്‍ നടന്ന ഫാമിലി ഡേ ആഘോഷങ്ങള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്തു. കാറ്റക്കിസം പ്രിന്‍സിപ്പല്‍ ജോര്‍ജ് ഇട്ടൂപ്പ് വിശിഷ്ട അതിഥികളെ സ്വാഗതം ചെയ്തു. വിവിധ ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിവിധ കലാ പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മിഴിവേകി. ഗ്ലാസ്ഗോ കാലിഡോണിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ദര്‍ശന തോമസിനെ ചടങ്ങില്‍ വച്ച് ആദരിച്ചു.

പള്ളി കമ്മിറ്റി സെക്രട്ടറി അഗസ്റ്റിന്‍ ചേട്ടന്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഗ്ലാസ്ഗോ സന്ദര്‍ശനമാണ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും തിങ്കളാഴ്ച തുടങ്ങുന്ന വൈദികരുടെ ധ്യാനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ പിതാവ് ഇന്നലെ തന്നെ മടങ്ങി.


click on malayalam character to switch languages