1 GBP = 105.35
breaking news

നമുക്ക് ചുറ്റും പൂത്ത നന്മമരങ്ങള്‍

നമുക്ക് ചുറ്റും പൂത്ത നന്മമരങ്ങള്‍

എഡിറ്റോറിയല്‍

യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടുന്നു. രണ്ട് വര്‍ഷത്തെ ഭരണകാലാവധിയ്ക്ക് ശേഷം നിലവിലെ ഭാരവാഹികള്‍ സ്ഥാനമൊഴിയുകയാണ്. ഒരു പക്ഷേ യുക്മ എന്ന സംഘടനയെ യുകെ മലയാളികളുടെ ജീവിതത്തിലെ ഒരു അവിഭാജ്യഘടകമാക്കി മാറ്റിയ രണ്ട് വര്‍ഷങ്ങളാണ് കടന്നുപോയത്. ഒട്ടനവധി സുപ്രധാനമായ നടപടികളിലൂടെ ജനമനസ്സുകളിലേക്ക് എത്തിയശേഷമാണ് യുക്മയുടെ നിലവിലെ ഭാരവാഹികള്‍ സ്ഥാനമൊഴിയുന്നത് എന്നത് ഒരു സംഘടനയെന്ന നിലയില്‍ യുക്മയ്ക്ക് എന്നും അഭിമാനിക്കാനുള്ള വക നല്‍കുന്നു.

2015 ജനുവരിയിലാണ് നിലവിലെ ദേശീയ നേതൃത്വം ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അധികാരം ഏറ്റെടുക്കുന്നത്. ജന്മനാടിന്റെ സാന്ത്വനത്തില്‍ നിന്ന് അകന്ന് കഴിയുന്ന, പ്രവാസത്തിന്റെ നൊമ്പരം അനുഭവിക്കുന്ന ഒരൂ ജനതയ്ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും പൂര്‍ത്തികരിക്കാന്‍ സാധിച്ചു എന്നുള്ളതാണ് രണ്ട് വര്‍ഷത്തിനിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലാകുന്നത്. ഒരു പക്ഷേ യുകെയില്‍ ഏറ്റവും അധികമുള്ള നഴ്‌സുമാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒരു സംഘടന വേണമെന്ന തിരിച്ചറിവിലൂടെ യുക്മ നഴ്‌സസ് ഫോറത്തിന് രൂപം കൊടുത്തിടം മുതലിങ്ങോട്ട് യുകെ മലയാളികളുടെ ജീവിതത്തിലെ ഏത് ആവശ്യങ്ങളിലും യുക്മയുടെ സാരഥികള്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു.

രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കികൊണ്ടാണ് യുക്മയുടെ നിലവിലെ ഭാരവാഹികള്‍ സ്ഥാനമൊഴിയുന്നത്. ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളിന്റെ ദുരന്തത്തെ സ്വന്തം നെഞ്ചിലേക്ക് ഏറ്റുവാങ്ങികൊണ്ട് അവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ യുക്മ മുന്നിട്ടിറങ്ങിയപ്പോള്‍ ലഭിച്ച പ്രതികരണം യുക്മയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ തെളിവായിരുന്നു. യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ഏഴ് റീജിയണല്‍ കമ്മറ്റികളിലൂടെ അംഗ അസോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെട്ട് നടത്തിയ നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്ക് പന്ത്രണ്ടായിരം പൗണ്ടാണ് സമാഹരിച്ചത്. ചാരിറ്റി അപ്പീലിനപ്പുറം സ്വന്തം ജീവിതം കൊണ്ടുകൂടി നന്മയുടെ പ്രകാശം പരത്തിയവരാണ് യുക്മയുടെ ഭാരവാഹികള്‍. യുക്മയുടെ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ട് സ്വന്തം വൃക്ക ദാനം ചെയ്തുകൊണ്ട് കാട്ടിയ മാതൃകയ്ക്ക് പകരം വെയ്ക്കാനില്ല.ഇവിടെ യശസുയര്‍ന്നത്‌ യുക്മ എന്ന സംഘടനയ്ക്ക് കൂടിയാണ്.

വിമര്‍ശനങ്ങളേയും വിരുദ്ധ അഭിപ്രായങ്ങളേയും തുറന്ന മനസ്സോടെ സ്വീകരിച്ചുകൊണ്ട് സംഘടനയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ സാധിച്ച രണ്ട് വര്‍ഷങ്ങള്‍ കൂടിയാണ് കടന്നുപോയത്. ഏകാധിപത്യമല്ല കൂട്ടായ ഉത്തരവാദിത്വ നിര്‍വ്വഹണമാണ് ഒരു സംഘടനയുടെ ബലമെന്ന് കാട്ടിത്തന്ന ഒരു ഭരണസമിതിയാണ് നിലവിലുള്ളത്. അസോസിയേഷന്‍ തലത്തിലും റീജിയണല്‍ തലത്തിലും ഒപ്പം ദേശീയ തലത്തിലും ഒക്കെ നടന്ന കായിക, കലാമേളകള്‍ ,യുക്മ ഫെസ്റ്റ് എന്നിവ ഈ കൂട്ടുത്തരവാദിത്വത്തിന്റെ വിജയം വിളിച്ചോതുന്നവയായിരുന്നു. യുക്മ തന്നെ മുന്‍കൈ എടുത്ത് സംഘടിപ്പിച്ച സൂപ്പര്‍ ഡാന്‍സര്‍, സ്റ്റാര്‍സിംഗര്‍ മത്സരങ്ങള്‍ യുകെ മലയാളികള്‍ക്കിടയിലെ പുതു പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള മികച്ച അവസരങ്ങളായിരുന്നു. യുക്മയുടെ സാംസ്്കാരിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന യുക്മ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ യുക്മയ്ക്ക് എന്നും ഒരു മുതല്‍ക്കൂട്ടാണ്.

യുക്മ റീജണല്‍/നാഷണല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് ഏകീകൃത സംവിധാനം നടപ്പിലാക്കുവാന്‍ സാധിച്ചതും മുന്‍കൂട്ടി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ സാധിച്ചതും ഈ ഭരണസമിതിയുടെ പൊന്‍തൂവലാണ്.നിശ്ചിത കാലയളവില്‍ പുതുമുഖങ്ങള്‍ നേതൃത്വത്തില്‍ എത്തുവാന്‍ നടപ്പിലാക്കിയ ഭരണഘടനാ ഭേദഗതിയിലൂടെ ഈ ഭരണസമിതി ജനമനസുകളില്‍ ഇടംപിടിച്ചു കഴിഞ്ഞു.

യുക്മയുടെ നിലപാടുകളും പ്രവര്‍ത്തനങ്ങളും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച യുക്മ ന്യൂസ് ഇന്ന് യുകെയിലെ ഏറ്റവും അധികം ആളുകള്‍ വായിക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങളിലൊന്നാണ്. ഓരോ സാഹചര്യങ്ങളിലും ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് എഡിറ്റോറിയല്‍ ബോര്‍ഡിനൊപ്പം നിന്ന യുക്മയുടെ ദേശീയ നേതൃത്വം നല്‍കിയ പിന്തുണ ഈ ഘട്ടത്തില്‍ എടുത്ത് പറയേണ്ടതാണ്.

യുക്മയെന്ന സംഘടനയുടെ വളര്‍ച്ചയിലെ വളരെ നിര്‍ണ്ണായകമായ രണ്ട് വര്‍ഷങ്ങളാണ് കടന്നുപോകുന്നത്. ദേശീയ പ്രസിഡന്റ് ഫ്രാന്‍സീസ് കവളക്കാട്ട് , ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം, ട്രഷറര്‍ ഷാജി തോമസ്, വൈസ് പ്രസിഡന്റുമാരായ മാമ്മന്‍ഫിലിപ്പ്, ബീന സെന്‍സ്,ജോയിന്‍റ് സെക്രട്ടറിമാരായ ആന്‍സി ജോയി,ബിജു പന്നിവേലില്‍,ജോയിന്‍റ് ട്രഷറര്‍ അബ്രഹാം ജോര്‍ജ്, പിആര്‍ഓ അനീഷ് ജോണ്‍ തുടങ്ങി യുക്മയുടെ ഓരോ ഭാരവാഹികളും അവരുടെ ഉത്തരവാദിത്വങ്ങള്‍ അര്‍പ്പണബോധത്തോടെയും ആത്മാര്‍ത്ഥതയോടെയും നിര്‍വ്വഹിച്ച ശേഷമാണ് പടിയിറങ്ങുന്നത്. ഏറ്റെടുത്ത എല്ലാ പ്രവര്‍ത്തനങ്ങളേയും വിജയത്തിലെത്തിക്കാനും മുന്‍ഗാമികള്‍ പകര്‍ന്നതന്ന പാരമ്പര്യത്തെ നിലനിര്‍ത്തികൊണ്ട് യുക്മയുടെ വളര്‍ച്ചയില്‍ വ്ിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാനും ഇവരുടെ നേതൃത്വം ഏറെ സഹായിച്ചിട്ടുണ്ട്.

പൊതു പ്രവര്‍ത്തനത്തിന് ഏറെ പരിമിതികള്‍ ഉള്ള യുകെയില്‍ യുക്മ എന്ന സംഘടനയുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ഇവര്‍ പകര്‍ന്നുതന്ന വെളിച്ചം ഏറെ മുതല്‍ക്കൂട്ടാകുമെന്ന് പറയാതെ വയ്യ. വ്യക്തിജീവിതം കൊണ്ടും സംഘടനാജീവിതം കൊണ്ടും മാതൃകകാട്ടിയ ഇവരുടെ ജീവിതം തുടര്‍ന്ന് വരുന്ന ഭാരവാഹികള്‍ക്ക് വഴികാട്ടിയായിരിക്കും. പ്രതിസന്ധികളേയും വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് സംഘടനയെ മുന്നോട്ട് നയിക്കാന്‍ ഇനി വരുന്നവര്‍ക്കും ഈ നന്മമരങ്ങള്‍ പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു….

ബൈജു തോമസ്‌
ചീഫ് എഡിറ്റര്‍
യുക്മ ന്യൂസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more