ജനുവരി 21,22 തീയതികളില്‍ നടക്കുന്ന റീജിയണല്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും ജനുവരി 28 ശനിയാഴ്ച്ച നടക്കുന്ന ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും വിജയിപ്പിക്കുന്നതിന് എല്ലാ അംഗ അസോസിയേഷനുകളുടെയും സഹകരണവും പിന്തുണയുമുണ്ടാവണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ അഭ്യര്‍ത്ഥിച്ചു. യുക്മയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ കൂടി വിവിധ പ്രചരണങ്ങള്‍ നടന്നുവരുന്നതുമായ സാഹചര്യത്തിലാണ് ഈ അഭ്യര്‍ത്ഥനയും താഴെ പറയുന്ന വിശദീകരണവും നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള പ്രവാസി മലയാളി സമൂഹത്തില്‍ ഏറ്റവുമധികം മലയാളി സംഘടനകള്‍ ഉള്ള കൂട്ടായ്മ എന്ന നിലയിലും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും വളര്‍ന്ന യുക്മയുടെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് കൂടി ഈ പൊതുയോഗത്തില്‍ നടത്തപ്പെടും. രണ്ട് വര്‍ഷംമുന്‍പ് ഈ ഇപ്പോഴുള്ള ഭരണസമിതി അധികാരമേറ്റെടുക്കുന്ന അവസരത്തില്‍ ഏറ്റവുമധികമം ഉയര്‍ന്നു കേട്ടിരുന്ന പരാതിയാണ് ദേശീയ ഭരണസമിതിയില്‍ സ്ഥിരമായി ഒരേ ആളുകള്‍ തന്നെയിരിക്കുന്നു. അതിനൊരു മാറ്റമുണ്ടാവണം. പുതുമുഖങ്ങള്‍ക്ക് സ്വാഭാവികമായും കടന്നു വരാനുതകുന്ന നിലയിലുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണം എന്നുള്ളത്. ഈ പരാതി വളരെ ഗൗരവമായി തന്നെ കഴിഞ്ഞ ഭരണസമിതി ഏറ്റെടുക്കുകയും വിവിധ ഘട്ടങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മൂന്ന് ടേമില്‍ കൂടുതല്‍ തുടര്‍ച്ചയായി ദേശീയ ഭരണസമിതിയില്‍ അംഗങ്ങളായി തുടരരുത് എന്നുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവരികയും ചെയ്തു. യുക്മയുടെ ചരിത്രത്തില്‍ ഏറ്റവുമധികം സ്വീകാര്യത ലഭിച്ച ഒരു തീരുമാനമായിരുന്നു ഇത്.
ജനാധിപത്യപരവും സുതാര്യവുമായ രീതിയില്‍ സംഘടനയെ മുന്നോട്ട് നയിക്കണം എന്ന കാഴ്ച്ചപ്പാടായിരുന്നു ഈ ഭരണസമിതിയ്ക്ക് ഉണ്ടായിരുന്നത്. മിഡ്‌ടേം ജനറല്‍ ബോഡിയും അഞ്ച് ദേശീയ നിര്‍വാഹക സമിതി യോഗവും ചേര്‍ന്നാണ് വിവിധ വിഷയങ്ങളില്‍ തീരുമാനം എടുത്തിരുന്നത്. മിഡ്‌ടേം ജനറല്‍ ബോഡിയ്ക്ക് പുറമേ ഒരു ജനറല്‍ ബോഡി കൂടി വിളിച്ചു ചേര്‍ക്കുന്നതിനും ഭരണസമിതി തയ്യാറായിരുന്നു. പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും എല്ലാ അംഗ അസോസിയേഷനുകളെയും സ്വാഗതം ചെയ്യുന്ന നിലപാട് തന്നെയാണ് യുക്മ ദേശീയ ഭരണസമിതിയ്ക്കുള്ളത്.
കൃത്യമായ ഒരു പ്രതിനിധി പട്ടിക പോലുമില്ലാതെ തെരഞ്ഞെടുപ്പും പൊതുയോഗവും നടക്കുന്നതിനും യുക്മയില്‍ ഇതിനു മുന്‍പ് പലവട്ടം സംഭവിച്ചിട്ടുള്ള കാര്യമാണ്. ടെക്സ്റ്റ് മെസേജുകളിലൂടെ പ്രതിനിധികളുടെ ലിസ്റ്റ് അയയ്ക്കുക,റീജണല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദേശീയ തിരഞ്ഞെടുപ്പിന് മുന്പായി പട്ടികയില്‍ മാറ്റം വരുത്തുക, പൊതുയോഗത്തിന് വരുമ്പോള്‍ പ്രതിനിധി പട്ടികയില്‍ മാറ്റം വരുത്തുക എന്നുള്ള തരത്തിലെല്ലാം കൃത്യതയില്ലാത്ത രീതിയിലുള്ള തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളാണ് ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ സംഭവിച്ചിട്ടുള്ളത്.ഇതിനെല്ലാം വിരുദ്ധമായി അങ്ങേയറ്റം കൃത്യതയോടെ ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
ഈ ടേമില്‍ ജനുവരി 28ന് നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് ഡിസംബര്‍ 10ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിച്ചു. ജനുവരി 7 വരെ അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികളുടെ പട്ടിക സ്വീകരിച്ചു. വിവിധ അസോസിയേഷനുകളില്‍ ക്രിസ്മസ് ന്യൂ?ഇയര്‍ പ്രോഗ്രമുകള്‍ നടക്കുന്നതു കൊണ്ടും മറ്റ് പല കാരണങ്ങള്‍ കൊണ്ടും പല അസോസിയേഷനുകള്‍ക്കും ലിസ്റ്റ് ആ സമയത്തിനുള്ളില്‍ തരാനായില്ല. കരട് പട്ടിക 12ന് പ്രഖ്യാപിച്ചു. കരട് വോട്ടര്‍ പട്ടികയില്‍ തിരുത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും 15 വരെ സമയം ഉണ്ടായിരിക്കുന്നതാണെന്ന് 7ന് എല്ലാ അസോസിയേഷനുകള്‍ക്കും സന്ദേശം നല്‍കുകയും ചെയ്തിട്ടുള്ളതാണ്. യുക്മയിലെ പരമാവധി അംഗ അസോസിയേഷനുകളിലെ പ്രതിനിധികളെ റീജണല്‍ നാഷണല്‍ പൊതുയോഗങ്ങളില്‍ പങ്കെടുപ്പിക്കണം എന്നുള്ള ആശയത്തിലാണ് ഇത്രയധികം സമയം ഇതിനായി നീക്കി വച്ചിരുന്നത്.
കരട് വോട്ടര്‍ പട്ടികയില്‍ ലിസ്റ്റ് ലഭിക്കാത്ത അസോസിയേഷനുകളുടെ പേരുകള്‍ കൂടി നല്‍കിയതും ഇതേ ഉദ്ദേശത്തോട് കൂടിയാണ്. കരട് പട്ടികയില്‍ പല പ്രമുഖ അസോസിയേഷനുകളും ലിസ്റ്റ്? നല്‍കിയിരുന്നില്ല. ലിവര്‍പൂള്‍ ലിമ, ഷെഫീല്‍ഡ് എസ്.കെ.സി.എ, ലെസ്റ്റര്‍ എല്‍കെ.സി, നോര്‍വിച്ച്, ബ്രിട്ടീഷ് കേരളൈറ്റ്‌സ് സൗത്താള്‍, ഡോര്‍സെറ്റ് ഡി.എം.എ എന്നിങ്ങനെ യുക്മയില്‍ ഏറെ സജീവമായിട്ട് പ്രവര്‍ത്തിച്ചിരുന്നവരും ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. അസോസിയേഷനുകളിലെ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പല വിഷയങ്ങളാണ് ഇതിനു കാരണം. എന്നാല്‍ റീജണല്‍ ഭാരവാഹികളെ നിരന്തരം ബന്ധപ്പെട്ട് പരമാവധി അസോസിയേഷനുകളുടെ ലിസ്റ്റ് ആണ് അന്തിമ പ്രതിനിധി പട്ടികയില്‍ പുറത്ത് വന്നിട്ടുള്ളത്. ഇതിനു നേതൃത്വം നല്‍കിയ ദേശീയ സെക്രട്ടറി സജീഷ് ടോം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
കരട് പ്രതിനിധി പട്ടികയും അന്തിമ പ്രതിനിധി പട്ടികയും തമ്മില്‍ ഒരു ആശയക്കുഴപ്പം ഉണ്ടാവേണ്ട കാര്യമില്ല. ജനാധിപത്യ രീതിയില്‍ നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പ് പ്രക്രിയയുടേയും ഭാഗമാണ് എല്ലാവര്‍ക്കും അവസരമൊരുക്കുന്ന ഒരു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ജനാധിപത്യ രീതിയില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം തിരുത്തലുകള്‍ വരുത്തുന്നതിനും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും അവസരമുണ്ട്. ഇത്തവണ റീജണല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് 5 ദിവസം മുന്‍പും ദേശീയ തെരഞ്ഞെടുപ്പിന് 12 ദിവസം മുന്‍പും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ 4 മാസത്തിനിടയ്ക്ക് ഒരു പുതിയ അസോസിയേഷന് പോലും യുക്മയില്‍ അംഗത്വം നല്‍കിയിട്ടില്ല. അതായിത് യുക്മയില്‍ നിലവിലുണ്ടായിരുന്ന അംഗ അസോസിയേഷനുകള്‍ മാത്രമാണ് പ്രതിനിധികളെ അയയ്ക്കുന്നത്. ജനുവരി 16 ന് യുക്മ ദേശീയ കമ്മറ്റി പുറത്തിറക്കിയതും യുക്മയുടെ ഔദ്യോകിക വെബ്സൈറ്റ് ആയ www.uukma.org ല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതുമായ അന്തിമ പ്രതിനിധി പട്ടിക അനുസരിച്ചാവും റീജണല്‍ നാഷണല്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പും നടത്തപ്പെടുന്നത്.എട്ടു വര്‍ഷത്തെ യുക്മയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ വോട്ടര്‍ പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
റീജണല്‍ നാഷണല്‍ തലത്തില്‍ വെറും തെരഞ്ഞെടുപ്പ് മാത്രമല്ല നടത്തപ്പെടേണ്ടത്. അംഗ അസോസിയേഷനുകളുടേ പ്രതിനിധികള്‍ ചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തട്ടെ. ഭാവിയിലേയ്ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ എങ്ങനെ യുക്മയ്ക്ക് മുന്നേറാം എന്നുള്ളതില്‍ ഒരു ആശയ സംവാദം ഉണ്ടാവട്ടെ. കൂടുതല്‍ അസോസിയേഷനുകളില്‍ നിന്നും പ്രതിനിധികള്‍ എത്തുമ്പോള്‍ അതിന്റെ മേന്മ സംഘടനയ്ക്കുമുണ്ടാവും. യുക്മ കേവലം ഒരു സംഘടനയല്ല. സംഘടനകളുടെ മഹത്തായ ഒരു കൂട്ടായ്മയാണ്. അതുകൊണ്ട് തന്നെ എല്ലാ അംഗ അസോസിയേഷനുകളും തങ്ങള്‍ തെരഞ്ഞെടുത്ത് അയച്ചിരിക്കുന്ന ലിസ്റ്റിലുള്ള പ്രതിനിധികള്‍ റീജണല്‍ നാഷണല്‍ പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നുവെന്നുള്ളതും ഉറപ്പാക്കണം. യുക്മയുടെ മുന്നേറ്റത്തിന് അംഗാസോസിയേഷനുകളുടെ പൂര്‍ണ്ണമായ പിന്തുണയും അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.
അഡ്വ. ഫ്രാന്‍സിസ് മാത്യു (യുക്മ ദേശീയ പ്രസിഡന്റ്)
click on malayalam character to switch languages