1 GBP = 108.16
breaking news

ആഘോഷ രാവില്‍ ആറാടി ബ്രിസ്റ്റോള്‍ മലയാളികള്‍ ; യുബിഎംഎയുടെ ക്രിസ്മസ് പുതുവര്‍ഷാഘോഷം മികച്ച കലാപ്രകടനങ്ങളാല്‍ ശ്രദ്ധേയമായി

ആഘോഷ  രാവില്‍ ആറാടി ബ്രിസ്റ്റോള്‍ മലയാളികള്‍ ; യുബിഎംഎയുടെ ക്രിസ്മസ് പുതുവര്‍ഷാഘോഷം മികച്ച കലാപ്രകടനങ്ങളാല്‍ ശ്രദ്ധേയമായി

വിണ്ണിലെ താരങ്ങള്‍ ബ്രിസ്റ്റോളിലേക്ക് ഇറങ്ങിവന്ന രാത്രി, കിഴക്കുനിന്ന് മൂന്ന് രാജാക്കന്മാര്‍ കാണികള്‍ക്കിടയിലൂടെ പുല്‍തൊഴുത്തില്‍ പിറന്ന ഉണ്ണിയ്ക്ക് സമ്മാനങ്ങളുമായി എത്തിയ രാത്രി,മോഹന്‍ലാലും ജഗതിയും സാജു കൊടിയനും ഷീലയും ജയറാമും ബ്രിസ്റ്റോള്‍ മലയാളികളെ കുടുകുടെ ചിരിപ്പിച്ച രാത്രി, ബ്രിസ്റ്റോളിലെ കൊച്ചുകുട്ടികള്‍ അവരുടെ കലാ പ്രകടനങ്ങളാല്‍ മാസ്മരമാക്കിയ രാത്രി.. അതായിരുന്നു യുബിഎംഎയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷ രാവ് ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്.

പുതുവര്‍ഷം തുടങ്ങിയ ശേഷമുള്ള ആദ്യ പരിപാടി ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് മറക്കാനാകാത്ത പുതുവര്‍ഷ സമ്മാനമായി മാറി.

സ്റ്റാര്‍ ഹോട്ടലുകളിലെ ഡൈനിങ് റൂമുകളോട് കിടപിടിക്കുന്ന രീതിയില്‍ വര്‍ണ്ണാഭമായി അലങ്കരിച്ച ഡൈനിങ് ഹാളും മനോഹരമായി ഒരുക്കിയ സ്റ്റേജും ക്രിസ്മസ് ട്രീയും ഏറെ ഹൃദ്യമായി. ബിന്‍സി ജയ്യുടെ ശിക്ഷണത്തില്‍ യുബിഎംഎ കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റിയോട് കൂടിയാണ്  ക്രിസ്മസ് ന്യൂഇയര്‍ ആഘോഷരാവിന് തുടക്കമായത്.തുടര്‍ന്ന് യുബിഎംഎ പ്രസിഡന്റ് ജെയ് ചെറിയാന്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.

യുബിഎംഎ കുട്ടികള്‍ അവതരിപ്പിച്ച കരോള്‍ഗാനങ്ങളും സജിമാത്യുവും യുബിഎംഎ ഡാന്‍സ് ടീച്ചര്‍ ജിഷ മധുവും ചേര്‍ന്ന് അവതരിപ്പിച്ച യുക്മ ഗാനങ്ങളും കുട്ടികള്‍ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ്,സോളോ സോങ്,ബോളിവുഡ് ഫ്യൂഷന്‍ ഡാന്‍സ് തുടങ്ങി നിരവധി കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി.അഞ്ജലി ജാക്സണും നോയല്‍ സ്റ്റീഫനും അവതാരകരായിരുന്നു.

ബൈബിള്‍ തീം ഡാന്‍സ്,സോളോ ഡാന്‍സ്,ഡിവോഷണല്‍ സോങ് എന്നിങ്ങനെ വേദി കീഴക്കിയ പെര്‍ഫോമന്‍സുകളാണ് ഓരോരുത്തരും കാഴ്ചവച്ചത് .ജിഷ മധുവിന്റെ നൃത്തവിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തപരിപാടിയും അരങ്ങേറി.

ലിസ സെബാസ്റ്റിയന്റെ നേതൃത്വത്തില്‍ സ്റ്റീഫന്‍,മാത്യുചിറയത്ത്, ബിജു പപ്പാരില്‍,ജെയ് ചെറിയാന്‍, ജെഗി ജോസഫ് തുടങ്ങിയവര്‍ അഭിനയിച്ച സ്‌കിറ്റ് സദസിനെ കുടുകുടെ ചിരിപ്പിക്കുന്നതായിരുന്നു.സാജു കൊടിയന്റെ റോളില്‍ എത്തിയ ബിജു പപ്പാരിലും മോഹന്‍ലാലായി എത്തിയ സ്റ്റീഫനും ജഗതിയായി എത്തിയ മാത്യുവും ഷീലയായി എത്തിയ ലിസയും ജെയ് ചെറിയാനും ജെഗി ജോസഫുമെല്ലാം സദസിനെ ഇളക്കിമറിച്ചു.തുടര്‍ന്ന് വളര്‍ന്നുവരുന്ന യുവതാരം നോയല്‍ സ്റ്റീഫന്റെ നേതൃത്വത്തില്‍ യുബിഎംഎ യങ്സ്റ്റേഴ്സ് അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ് ശ്രദ്ധേയമായി.

യുബിഎംഎ ഡാന്‍സ് സ്‌കൂളില്‍ നിന്ന് നാഷണല്‍ ഗ്രേഡിങ്ങില്‍ സമ്മാനം നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു.നാട്ടില്‍ നിന്നെത്തിയ ജെഗി ജോസഫിന്റെ മാതാപിതാക്കളേയും സിനി ജോമിയുടെ മാതാവിനേയും വേദിയില്‍ വിളിച്ച് ആദരിച്ചു.

ഇന്‍ഫിനിറ്റി ഫിനാന്‍സ്യേഴ്സ് സ്പോണ്‍സര്‍ ചെയ്ത ക്രിസ്മസ് റാഫിളിന്റെ സമ്മാനം വിജയിയായ സെബിയാച്ചന്‍ പൗലോയ്ക്ക് സമ്മാനിച്ചു.തുടര്‍ന്ന് എല്ലാവര്‍ക്കും യുബിഎംഎ സെക്രട്ടറി ബിജു പപ്പാരില്‍ നന്ദി പറഞ്ഞു.ദേശീയ ഗാനത്തോടെ പരിപാടി അവസാനിച്ചു.

തുടര്‍ന്ന് ബ്രിസ്റ്റോളിലെ പ്രമുഖ റസ്റ്റൊറന്റ് വിറ്റല്‍ സ്‌കറിനൈറ്റ് തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഡിന്നര്‍ എല്ലാവര്‍ക്കും ആസ്വാദ്യകരമായി.

താജ് ഹോട്ടലിലെ അനുഭവ സമ്പത്തില്‍ മനോഹരമായി ഡിന്നര്‍ ഹോള്‍ ഒരുക്കിയ മെജോ ചെന്നേലിനേയും യുബിഎംഎ അംഗങ്ങളുടെ ചെറിയ കുട്ടികളെ പഠിപ്പിച്ച് അതിമനോഹരമായ നേറ്റിവിറ്റിയും കരോള്‍ഗാനങ്ങളും അവതരിക്കാന്‍ രംഗത്തെത്തിച്ച ബിന്‍സി ജേയെ ഏവരും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി.

ഭക്ഷണം വിളമ്പാനായി യുബിഎംഎ എക്സിക്യൂട്ടിവ് മെമ്പര്‍മാരായ ജോണ്‍ ജോസഫ്,സോണി ജെയിംസ്,മെജോ ചെന്നേലില്‍,സെബിയാച്ചന്‍ പൗലോ, റേ തോമസ്,തോമസ് എബ്രഹാം,ഷാജി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ മികച്ച ടീം തന്നെയുണ്ടായി.

പ്രോഗ്രാം കമ്മറ്റി കോര്‍ഡിനേറ്റര്‍മാരായ ജാക്സണ്‍ ചിറയത്തും ബിജു ജോസഫും തങ്ങളുടെ ജോലി കൃത്യമായി ചെയ്തു.ബ്രിസ്റ്റോള്‍ ഒരു കുടുംബം പോലെ ഒരുമിച്ച് ആഘോഷത്തിന്റെ ഭാഗമായപ്പോള്‍ മറക്കാനാകാത്ത നിമിഷങ്ങളാണ് എല്ലാവര്‍ക്കും സമ്മാനിച്ചത് .എപ്പോഴും വ്യത്യസ്ഥമായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന യുബിഎംഎ ഇത്തവണയും മികച്ച നിലവാരം കാഴ്ചവച്ചു.പുതുവര്‍ഷത്തില്‍ തന്നെ നല്ലൊരു സന്ധ്യ ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് നല്‍കാനായ ചാതുരാര്‍ത്ഥത്തിലാണ് യുബിഎംഎയുടെ ഭാരവാഹികള്‍.

യുബിഎംഎ ഫുഡ് ചാരിറ്റിയും വലിയ വിജയമായിരുന്നു.എല്ലാവരും തങ്ങളുടേതായ പങ്ക് ചാരിറ്റി ബോക്സിലേക്ക് കൈമാറി ഇന്നോ നാളെയോ ആയി ഇവഫുഡ് ബാങ്കിലേക്ക് കൈമാറുമെന്ന് യുബിഎംഎ പ്രസിഡന്റ് അറിയിച്ചു.

വാര്‍ത്ത: ജെഗി ജോസഫ്, പി ആര്‍ ഓ

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more