1 GBP = 106.74
breaking news

അന്‍പത് ദിവസംകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയുടെ നടുവൊടിച്ചു : വി.സി.സെബാസ്‌ററ്യന്‍

അന്‍പത് ദിവസംകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയുടെ നടുവൊടിച്ചു : വി.സി.സെബാസ്‌ററ്യന്‍

കൊച്ചി: മുന്നൊരുക്കമില്ലാത്ത നോട്ടുനിരോധനവും ബദല്‍ സംവിധാനമേര്‍പ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ വന്‍ പരാജയവും കാര്‍ഷിക ഗ്രാമീണ മേഖലയുടെ നടുവൊടിച്ചിരിക്കുന്നുവെന്നും 50 ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നു പ്രഖ്യാപിച്ചവരുടെ വാഗ്ദാനങ്ങള്‍ പാഴ്വാക്കുകളായി വിശ്വാസ്യത നഷ്ടപ്പെടുക മാത്രമല്ല ദിവസങ്ങള്‍ കഴിയുന്തോറും കര്‍ഷകരുള്‍പ്പെടെ സാധാരണ ജനതയുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്‌ററ്യന്‍ ചൂണ്ടിക്കാട്ടി.
ഇതിനോടകം പ്രധാനമന്ത്രി മാറിമാറി നടത്തിയ പ്രഖ്യാപനങ്ങളും റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങളും മുഖവിലയ്‌ക്കെടുത്ത ജനങ്ങള്‍ ഒന്നടങ്കം വിഢികളാക്കപ്പെട്ടിരിക്കുന്നു. 130 കോടിയിലേറെയുള്ള രാജ്യത്തെ ജനങ്ങള്‍ 85 ശതമാനവും കാര്‍ഷികമേഖലയെ ആശ്രയിക്കുന്നവരാണ്. നൂറോളം കര്‍ഷകരുടെ ആത്മഹത്യകള്‍ രാജ്യത്തുടനീളം ആവര്‍ത്തിക്കപ്പെട്ടിരിക്കുമ്പോള്‍ കര്‍ഷകര്‍ക്കേറ്റിരിക്കുന്ന ആഘാതത്തിന്റെ കൂടുതല്‍ ദുരന്തഫലങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. പണം ലഭ്യമാകാത്തതുകൊണ്ട് ഉല്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ പോലും സാധിക്കാത്ത സാഹചര്യമുയര്‍ത്തിയിരിക്കുന്ന വെല്ലുവിളി ഭരണനേതൃത്വങ്ങള്‍ നിസാരവല്‍ക്കരിച്ച് ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു. ജനകീയ പ്രതിഷേധം ഉയര്‍ത്തിക്കാട്ടുന്നതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷവും പരാജയപ്പെട്ടിരിക്കുന്നത് വിജയമായി കാണുന്ന പ്രധാനമന്ത്രിയുടെ ധാര്‍ഷ്ഠ്യത നിറഞ്ഞ നിലപാട്അതീവദുഃഖകരമാണെന്ന് വി.സി.സെബാസ്‌ററ്യന്‍ പറഞ്ഞു.
രാജ്യത്തിന്റെ കാര്‍ഷിക വളര്‍ച്ചാനിരക്ക് തിരിച്ചുപിടിക്കാനാവാത്തവിധം കുത്തനെ ഇടിഞ്ഞിരിക്കുന്നു. അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കഴിഞ്ഞ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചവര്‍ കര്‍ഷകരെ കള്ളപ്പണക്കാരായി മുദ്രകുത്തി ഇരുട്ടടി നല്‍കിയിരിക്കുന്നതിന്റെ ആഘാതം വളരെ വലുതാണ്. മണ്ണില്‍ പണിയെടുത്ത് രാപ്പകല്‍ അധ്വാനിച്ചുണ്ടാക്കി ബാങ്കില്‍ നിക്ഷേപിച്ച സ്വന്തം പണം തിരിച്ചെടുക്കുവാന്‍ ക്യൂവില്‍ നിന്ന് തളര്‍ന്നുവീഴേണ്ടിവരുന്ന ഗതികെട്ട അവസ്ഥ മനുഷ്യാവകാശലംഘനമാണ്. അധികാരത്തിന്റെ മറവിലുള്ള ഈ ജനവിരുദ്ധ നടപടിക്ക് മോദിസര്‍ക്കാര്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടിവരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകസംഘടനകളുമായി ഏകോപിപ്പിച്ചുള്ള പ്രക്ഷോഭങ്ങളില്‍ ഇന്‍ഫാം സഹകരിക്കും. സമാന സമരപാതയിലുള്ള രാഷ്ട്രീയ കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് ഇന്‍ഫാം പിന്തുണ നല്‍കും. തുടര്‍ നടപടികള്‍ക്ക് രൂപരേഖ തയ്യാറാക്കുവാന്‍ ജനുവരി 14ന് സംസ്ഥാന കര്‍ഷകനേതൃസമ്മേളനം ചേരുന്നതാണെന്നും വി.സി.സെബാസ്‌ററ്യന്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more