1 GBP = 106.24

യുക്മ ഇലക്ഷൻ വിജ്ഞാപനം പുറത്തിറങ്ങി : ദേശീയ തെരഞ്ഞെടുപ്പ് ജനുവരി ഇരുപത്തെട്ട് ശനിയാഴ്ച

യുക്മ ഇലക്ഷൻ വിജ്ഞാപനം പുറത്തിറങ്ങി : ദേശീയ തെരഞ്ഞെടുപ്പ് ജനുവരി ഇരുപത്തെട്ട് ശനിയാഴ്ച

സജീഷ് ടോം
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)

യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ 2017, 2018 എന്നീ പ്രവർത്തനവർഷങ്ങൾക്ക് നേതൃത്വം നൽകാനുള്ള പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷൻ വിജ്ഞാപനം ദേശീയ പ്രസിഡണ്ട് അഡ്വക്കേറ്റ് ഫ്രാൻസിസ് മാത്യു പുറത്തിറക്കി. അതനുസരിച്ചു ദേശീയ ഇലക്ഷൻ ജനുവരി 28 ശനിയാഴ്ച നടക്കും.

ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ റീജിയണുകളിലെ തെരഞ്ഞെടുപ്പ് നടക്കും. യുക്മയുടെ നൂറോളം വരുന്ന അംഗഅസ്സോസിയേഷനുകളിൽ നിന്നുള്ള മൂന്ന് വീതം പ്രതിനിധികൾക്കാണ് റീജിയണൽ -ദേശീയ തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുവാൻ അർഹതയുള്ളത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം അടങ്ങുന്ന ഇ-മെയിൽ എല്ലാ ദേശീയ ഭാരവാഹികൾക്കും, റീജിയണൽ പ്രസിഡണ്ട്മാർക്കും സെക്രട്ടറിമാർക്കും ദേശീയ ജനറൽസെക്രട്ടറി ഔദ്യോഗിക അയച്ചു കഴിഞ്ഞു.

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു

പ്രിയ യുക്മ നേതാക്കളെ, യുക്മ അംഗഅസോസിയേഷൻ ഭാരവാഹികളെ,

യുക്മയുടെ നിലവിലുള്ള ദേശീയ – റീജിയണൽ നേതൃത്വങ്ങളുടെ രണ്ട് വർഷ പ്രവർത്തന കാലാവധി 2017 ജനുവരിയിൽ അവസാനിക്കുകയാണ്. ആയതിനാൽ യുക്മ ഭരണഘടന അനുസരിച്ചു പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇതിനാൽ പുറപ്പെടുപ്പിക്കുന്നു. അതനുസരിച്ചു താഴെപ്പറയുന്ന തീയതികളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ ഘട്ടങ്ങളും നടപടികളും പൂർത്തിയാക്കേണ്ടതാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി : 10th December 2016
യുക്മ പ്രതിനിധി ലിസ്റ്റ് സ്വീകരിക്കുന്ന അവസാന തീയതി : 07th January 2017
യുക്മ പ്രതിനിധി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 12th January 2017
തിരുത്തലുകൾക്കുള്ള അവസാന തീയതി : 15th January 2017
അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 16th January 2017
റീജിയണൽ തെരഞ്ഞെടുപ്പുകൾ നടക്കുന്ന തീയതി : 21st & 22nd January
ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും : 28th January 2017

16.01.2016-ൽ നടന്ന യുക്മ ദേശീയ മിഡ് ടേം ജനറൽ ബോഡിയോഗത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില നിയമങ്ങൾ പാസാക്കിയിരുന്നു. പ്രസ്തുത ഭേദഗതികൾ റീജിയനുകൾ വഴി എല്ലാ അംഗ അസ്സോസിയേഷനുകൾക്കും അയച്ചു കഴിഞ്ഞതാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന മാർഗരേഖ എന്ന നിലയിൽ, നീയമാവലി ഭേദഗതികൾ ഇനിയും കിട്ടിയിട്ടില്ലാത്ത അസോസിയേഷനുകൾ അതാത് റീജിയണൽ സെക്രട്ടറി/ പ്രസിഡന്റ് മാരുമായി ബന്ധപ്പെടേണ്ടതാണ്. പ്രസ്തുത ഭേദഗതികളുടെയും, ഈ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും തെരഞ്ഞെടുപ്പുകൾ നടക്കേണ്ടത്.

തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥാനങ്ങൾ
ദേശീയ ഭാരവാഹികൾ:- പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡണ്ട് (പുരുഷ-വനിത സ്ഥാനങ്ങൾ ഓരോന്ന്), ജോയിന്റ് സെക്രട്ടറി (പുരുഷ-വനിത സ്ഥാനങ്ങൾ ഓരോന്ന്), ജോയിന്റ് ട്രഷറർ എന്നിങ്ങനെ എട്ട് (8) സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

റീജിയണൽ ഭാരവാഹികൾ:- പ്രസിഡണ്ട്, നാഷണൽ കമ്മറ്റി അംഗം, സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

യുക്മ നാഷണൽ വെബ്സൈറ്റിൽ (www.uukma.org) പ്രതിനിധികളുടെ ലിസ്റ്റ് റീജിയൺ തിരിച്ചു പ്രസിദ്ധീകരിക്കുന്നതാണ്. പേരുകളിൽ തിരുത്തൽ വരുത്തുവാൻ അനുവദിച്ചിരിക്കുന്ന അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന തിരുത്തലുകൾ പരിഗണിക്കുന്നതല്ല. ലിസ്റ്റിലുള്ള പ്രതിനിധികൾക്ക് റീജിയണൽ തെരഞ്ഞെടുപ്പിലോ, നാഷണൽ തെരഞ്ഞെടുപ്പിലോ മത്സരിക്കാവുന്നതാണ്. എന്നാൽ റീജിയണൽ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടയാൾക്ക് തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ നാഷണൽ ഭാരവാഹിയായി മത്സരിക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രതിനിധികളോട് തിരിച്ചറിയൽ രേഖ ചോദിക്കുന്നപക്ഷം ഏതെങ്കിലും തരത്തിലുള്ള ഫോട്ടോ പതിച്ച ID card കാണിക്കേണ്ടതാണ്. ദേശീയ തെരഞ്ഞെടുപ്പിന് നോമിനേഷൻ ഫീസ് ആയി പത്തു പൗണ്ട് (£10) നൽകേണ്ടതാണ്. റീജിയണൽ തെരഞ്ഞെടുപ്പിന് നോമിനേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഒരു സ്ഥാനത്തേക്ക് ഒന്നിലധികം മത്സരാർത്ഥികൾ ഉണ്ടായാൽ ബാലറ്റ് വോട്ട് വഴി തെരഞ്ഞെടുപ്പ് നടത്തി വിജയിയെ ഉടൻ തന്നെ പ്രഖ്യാപിക്കുന്നതാണ്.

റീജിയണുകളിൽ ഏകാഭിപ്രായമാണുള്ളതെങ്കിൽ, തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ നാല് ആഴ്ചത്തെ സമയം അനുവദിച്ചുകൊണ്ട് റീജിയണൽ തെരഞ്ഞെടുപ്പുകൾ നടത്താവുന്നതാണ്. അത്തരം സാഹചര്യങ്ങളിൽ റീജിയൻ പ്രസിഡണ്ടും സെക്രട്ടറിയും സംയുക്തമായി ദേശീയ പ്രസിഡണ്ട്, ദേശീയ ജനറൽ സെക്രട്ടറി എന്നിവരെ വിവരം അറിയിച്ചു പുതുക്കിയ തീയതികൾക്ക് അംഗീകാരം നേടേണ്ടതാണ്. അതാത് റീജിയനുകളിലെ എല്ലാ അസ്സോസിയേഷനുകൾക്കും സമ്മതമാണെങ്കിൽ മാത്രമേ ഇത്തരത്തിൽ മാറ്റം വരുത്തുവാൻ സാധിക്കുകയുള്ളൂ.

അസോസിയേഷനുകൾ റീജിയണുകൾ വഴിയാണ് പ്രതിനിധി ലിസ്റ്റ് സമർപ്പിക്കേണ്ടത്. തെരഞ്ഞടുപ്പ് വിജ്ഞാപനം അടങ്ങുന്ന ഈ ഇ-മെയിൽ യാതൊരു കാലതാമസവും കൂടാതെ അതാത് റീജിയണുകളിലെ യുക്മ അംഗ അസ്സോസിയേഷനുകളിൽ എത്തിക്കുക എന്നത് റീജിയണൽ സെക്രട്ടറിയുടെയും പ്രസിഡണ്ടനിന്റെയും ഉത്തരവാദിത്തമാണ്. നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളിൽ അസ്സോസിയേഷനുകളിൽനിന്നുള്ള യുക്മ പ്രതിനിധികളുടെ നിശ്ചിത ഫോമിലുള്ള ലിസ്റ്റ് സമാഹരിച്ചു ദേശീയ ജനറൽ സെക്രട്ടറിക്ക് എത്തിക്കേണ്ട ചുമതലയും ([email protected]) നിലവിലുള്ള റീജിയണൽ സെക്രട്ടറിയോ പ്രസിഡണ്ടോ നിർവഹിക്കേണ്ടതാണ്. റീജിയണൽ തെരഞ്ഞെടുപ്പു പൂർത്തിയായാൽ ഉടൻ പുതിയ ഭാരവാഹികളുടെ പേരും ഫോൺ നമ്പറും ദേശീയ ജനറൽ സെക്രട്ടറിക്ക് അയക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് മാർഗരേഖകൾ കൃത്യമായി പാലിച്ചു നീതിപൂർവമായും സത്യസന്ധമായുമുള്ള തെരഞ്ഞെടുപ്പ് സാധ്യമാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു.

യുക്മ ദേശീയ പ്രസിഡണ്ട് അഡ്വക്കേറ്റ് ഫ്രാൻസിസ് മാത്യുവിന്റെ നിർദ്ദേശപ്രകാരം, സജീഷ് ടോം – യുക്മ ദേശീയ ജനറൽ സെക്രട്ടറി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more