1 GBP = 103.89
breaking news

ട്രംപ് വൈറ്റ്ഹൗസിലേക്ക്, മേയ്ക്ക് തലവേദന സൃഷ്ടിക്കുന്ന അഞ്ചുകാര്യങ്ങള്‍

ട്രംപ് വൈറ്റ്ഹൗസിലേക്ക്, മേയ്ക്ക് തലവേദന സൃഷ്ടിക്കുന്ന അഞ്ചുകാര്യങ്ങള്‍

യുഎസ് തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് മുസ്ലീങ്ങളെ കുറിച്ച് നടത്തിയ മോശം പ്രചരണത്തിനെതിരേ മേയുടെ മുന്‍ഗാമിയായ കാമറൂണ്‍ ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ചത് രൂക്ഷമായ ഭാഷയിലാണ്. ഈ വിമര്‍ശനം ട്രംപും യുകെയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കാരണമായിരുന്നു. യുകെയിലെ തന്റെ ബിസിനസ്സുകള്‍ പിന്‍വലിക്കുമെന്ന് പോലും ഒരു ഘട്ടത്തില്‍ ട്രംപ് പറയുകയുണ്ടായി. 

ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചതിന് പിന്നാലെ മേയ് ട്രംപിനെ അനുമോദിച്ചുകൊണ്ട് സന്ദേശമയച്ചിരുന്നു. അമേരിക്കയുടെ പുതിയ നേതാവ് ബ്രിട്ടനും യുഎസുമായുള്ള വ്യാപാര ബന്ധത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുമെന്നും മേയ് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ എല്ലാ പ്രവചനങ്ങളേയും അട്ടിമറിച്ചുകൊണ്ട് ട്രംപ് വൈറ്റ് ഹൗസിലേക്ക് എത്തുമ്പോള്‍ പുതിയ പ്രധാനമന്ത്രി തെരേസാ മേയ്ക്ക് തലവേദന സൃഷ്ടിക്കാന്‍ പോകുന്നത് അഞ്ച് വിഷയങ്ങളാണ്.

കാലാവസ്ഥാ മാറ്റമാണ് അതില്‍ പ്രധാനം. ആഗോള താപനം എന്ന ആശയം ചൈനീസ് മാര്‍ക്കറ്റുകള്‍ കണ്ടുപിടിച്ചതാണെന്നും അത് യുഎസ് വിപണിയെ മത്സരക്ഷമതയില്ലാത്തവരാക്കാനുള്ളതാണെന്നുമാണ് ട്രംപിന്റെ വാദം. 2012 ലാണ് ട്രംപ് ഇത്തരത്തിലൊരു വാദം മുന്നോട്ട് വച്ചത്. 2014 ല്‍ അമേരിക്കയുടെ ശാപമാണ് വിന്‍ഡ് മില്ലുകളെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ട്രംപ് ഭരണത്തില്‍ ഊര്‍ജ്ജ സെക്രട്ടറി പദത്തിലേക്ക് കണ്ണുവച്ചിരിക്കുന്ന സാറാ പാലിന്‍ ആകട്ടെ ട്രംപിന്റെ ഈ നയങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ രാജ്യത്തെ എണ്ണയും വാതകവും ധാതുക്കളും ഉപയോഗിക്കാനായിട്ടാണ് ദൈവം തന്നിരിക്കുന്നതെന്നും അത് ഉപേക്ഷിച്ചിട്ട് മറ്റ് രാജ്യങ്ങളുടെ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യേണ്ട കാര്യമില്ലെന്നുമാണ് സാറയുടെ അഭിപ്രായം. ട്രംപിന്റെ ഈ നയങ്ങളാണ് വൈറ്റ് ഹൗസിലും പിന്തുടരുന്നതെങ്കില്‍ അത് ആഗോള കാലാവസ്ഥാ രംഗത്ത് വന്‍ തിരിച്ചടി നേരിടാന്‍ കാരണമാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രക്‌സിറ്റും വ്യാപാര കരാറുകളും

ഇയു റഫറണ്ടത്തില്‍ ബ്രിട്ടന്‍ ഇയുവില്‍ തന്നെ തുടരണമെന്ന നിലപാടുകാരായിരുന്നു ഹിലരിയും ഒബാമയും. ഒബാമയാകട്ടെ ഇക്കാര്യത്തില്‍ വ്യക്തിപരമായി യുകെയിലെ ജനങ്ങളോട് പ്രസ്താവന നടത്താന്‍ പോലും തയ്യാറാവുകയും ഉണ്ടായി. എന്നാല്‍ ട്രംപാകട്ടെ ബ്രിട്ടന്‍ ഇയുവില്‍ തുടരുന്നത് ഒരു ദുരന്തമാകുമെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ്. കുടിയേറ്റക്കാരെ നിയന്ത്രിക്കുകയാണ് ഫലപ്രദമായ മാര്‍ഗ്ഗമെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് എത്തുമ്പോഴും ട്രംപിന്റെ നയം ഇതുതന്നെയാണോ എന്നതാണ് കണ്ടറിയേണ്ടത്. തന്റെ ഇഷ്ടത്തിന് വിരുദ്ധമായി യുകെ ജനത ബ്രക്‌സിറ്റ് തിരഞ്ഞെടുത്തതോടെ വ്യാപാര കരാറിലും മറ്റും ബ്രിട്ടനെ പിന്നിലേക്ക് തള്ളിമാറ്റാനാണ് ഒബാമ ഭരണകൂടം ശ്രമിച്ചത്. എന്നാല്‍ ബ്രക്‌സിറ്റ് സംഭവിച്ച സാഹചര്യത്തില്‍ ബ്രിട്ടനുമായുള്ള വ്യാപാര കരാറുകളില്‍ അമേരിക്ക താല്‍പ്പര്യം പ്രകടിപ്പിക്കുമോ എന്നാണ് കണ്ടറിയാനുള്ളത്. ബ്രക്‌സിറ്റ് സംഭവിച്ചെങ്കിലും ഫ്രീ ട്രേഡ് കരാറുകളോട് അത്ര ആഭിമുഖ്യമുള്ള വ്യക്തിയല്ല ട്രംപ്. അതുകരൊണ്ട് തന്നെ നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് കരാര്‍ റദ്ദാക്കണമെന്നും വ്യാപാരത്തിന് താരിഫ് ഏര്‍പ്പെടുത്തണമെന്നും വാദിക്കുന്നവരാണ് ഇവര്‍.

നാറ്റോയും പ്രതിരോധവും

ട്രംപിന്റെ വിജയത്തിന് ശേഷം നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രറ്റി ഓര്‍ഗനൈസേഷനായ നാറ്റോയുടെ ഭാവി അനിശ്ചിതത്വത്തിലായി. നാ്‌റ്റോയിലേക്ക ഓരോ രാജ്യങ്ങളും നല്‍കുന്ന പ്രതിരോധ തുക വര്‍ദ്ധിപ്പിക്കണമെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ തങ്ങളുടെ ചുമതല നിറവേറ്റുന്നില്ലെന്നുമായിരുന്നു ട്രംപ് പ്രസിഡന്റ് ഡിബേറ്റുകളില്‍ ആരോപിച്ചിരുന്നത്. അതേപോലെ തന്നെ നാറ്റോ അംഗരാജ്യങ്ങളെ അക്രമിച്ചാല്‍ അവരെ സഹായിക്കാന്‍ നാറ്റോയിലംഗമായ യുഎസ് സേന സ്വമേധയാ എത്തുന്നതിനെ എതിര്‍ക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. നാറ്റോയുടെ കളക്ടീവ് ഡിഫന്‍സ് ക്ലോസിലെ ആര്‍ട്ടിക്കിള്‍ 5 ന് ഘടകവിരുദ്ധമാണ് ട്രംപിന്റെ പ്രഖ്യാപനം. പലരാജ്യങ്ങളും നാറ്റോയുടെ ബില്ലുകള്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും ഇത്തരക്കാര്‍ സഹായം ആവശ്യപ്പെട്ട് വരരുതെന്നും ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു.

റഷ്യ

റഷ്യയുമായി ട്രംപിനുള്ള അടുപ്പത്തെ പലരാജ്യങ്ങളും സംശയത്തോടെയാണ് കാണുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപിനെ ആദ്യം അനുമോദിച്ചവരുടെ കൂട്ടത്തില്‍ റഷ്യന്‍ പ്രസിഡന്റും ഉള്‍പ്പെടും. റഷ്യയുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം ബ്രിട്ടനുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടുന്നതിന് കാറണമാവുകയും ചെയ്യും. പ്രത്യേകിച്ച പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധത്തിന് ശക്തമായ ഉലച്ചില്‍ തട്ടിയിരിക്കുന്ന സാഹ്ചര്യത്തില്‍. യുറോപ്യന്‍ രാജ്യങ്ങളിലുണ്ടായ സൈബര്‍ അക്രമണങ്ങള്‍ക്ക് പിന്നിലും റഷ്യയാണെന്ന ആരോപണം എംഐ5 ഉന്നയിച്ചിരുന്നു. യുഎസ് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനൂകൂലമായ നിലപാടാണ് പലപ്പോഴും പുടിന്‍ സ്വീകരിച്ചത്.

ഇറാനുമായുള്ള ആണവകരാര്‍
ഒബാമയുടെ ഭരണകാലത്ത് ഇറാന് മേലുള്ള ഉപരോധം കുറയ്ക്കാന്‍ തീരുമാനിച്ചതും ഇറാനുമായി ചരിത്രപരമായ ആണവ കരാറിലൊപ്പുവച്ചതും ട്രംപ് എങ്ങനെ കാണുന്നു എന്നുള്ളതാണ് പ്രധാനം.എന്നാല്‍ ട്രംപ് ഈ കരാറിനെ ശക്തമായി എതിര്‍ത്ത വ്യക്തിയാണ്. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശം കരാറാണ് ഇതെന്നും ഇത് ഇല്ലാതാക്കുകയാണ് തന്റെ ആദ്യ മുന്‍ഗണനയെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more