1 GBP = 106.27

ശൂശ്രൂഷകരായിക്കൊണ്ട് സഭയെ വളര്‍ത്താം…..തദ്ദേശീയരുടെ മക്കള്‍ സമര്‍പ്പിതജീവിതത്തിലേക്ക് കടന്നു വരണം: മാര്‍ ആലഞ്ചേരി

ശൂശ്രൂഷകരായിക്കൊണ്ട് സഭയെ വളര്‍ത്താം…..തദ്ദേശീയരുടെ മക്കള്‍ സമര്‍പ്പിതജീവിതത്തിലേക്ക് കടന്നു വരണം: മാര്‍ ആലഞ്ചേരി

ഷെഫീല്‍ഡ്: സ്വയം ശുശ്രൂഷകരായി മാറിക്കൊണ്ട് നാമോരോരുത്തരും സഭയുടെ വളര്‍ച്ചയില്‍ പങ്കാളികളാകണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി.

ബ്രിട്ടണിലെ രൂപത സ്ഥാപിതമായതിനുശേഷം വിശ്വാസസമൂഹത്തെ നേരില്‍ കാണുന്നതിന്റെ തുടക്കമെന്നനിലയില്‍ ഷെഫീല്‍ഡ് കാത്തലിക് കമ്യൂണിറ്റിയുടെ ക്ഷണം സ്വീകരിച്ച് ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കലുമൊന്നിച്ച് ഷെഫീല്‍ഡില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ കര്‍ദ്ദിനാള്‍ കല്യാണ്‍,ചിക്കാഗോ തുടങ്ങിയ രൂപതകളില്‍ കണ്ടുവരുന്നതുപോലെ ഇവിടെയും തദ്ദേശീയരുടെ മക്കള്‍ സമര്‍പ്പിത ജീവിതത്തിലേക്കു കടന്നുവരുന്ന കാലം വിദൂരമല്ലെന്ന് വിശുദ്ധകുര്‍ബാനമദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

മാര്‍.ആലഞ്ചേരിയും ബിഷപ്പ് മാര്‍. സ്രാമ്പിക്കലും ഒരുമിച്ച് പങ്കെടുത്ത യു കെയിലെതന്നെ ആദ്യത്തെ ശൂശ്രൂഷയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

കര്‍ദ്ദിനാള്‍, ബിഷപ്പ് മാര്‍.സ്രാമ്പിക്കല്‍ , വികാരി ജനറാള്‍മാരായ റവ.ഫാ.സജി മലയില്‍ പുത്തന്‍പുര,റവ.ഫാ.മാത്യു ചൂരപ്പൊയ്ക എന്നിവര്‍ക്ക് ചാപ്ലയിന്‍ ഫാ.ബിജു കുന്നക്കാട്ടിന്റെയും പാരീഷ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഇടവക സമൂഹം വന്‍ വരവേല്‍പ്പു നല്‍കി.

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി,ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്കുശേഷം അഭിവന്ദ്യ പിതാക്കന്‍മാരുടെയും വൈദികരുടെയും സിസ്റ്റേഴസിന്റെയും സാന്നിദ്ധ്യത്തില്‍ പാരീഷ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഊഷ്മളമായ സ്‌നേഹവിരുന്നും നടന്നു. ബിഷപ്പ് മാര്‍. സ്രാമ്പിക്കലിന്റെ സെക്രട്ടറി ഫാ. ഫൌസ്‌തോ ജോസഫ്, ഷെഫീല്‍ഡ് സെന്റ് പാട്രിക് പള്ളി വികാരി ഫാ. മാര്‍ട്ടിന്‍ ട്രസ്‌ക്, സെന്റ് മേരീസ് കത്തീഡ്രല്‍ അസി. വികാരി.ഫാ. സന്തോഷ് വാഴപ്പിള്ളി, ഇപ്പോള്‍ യുകെയിലുള്ള തിരുവനന്തപുരം അനുഗ്രഹഭവന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ അലക്‌സ്, സിസ്റ്റേഴ്‌സ്, വിവിധ സ്ഥലങ്ങളിലെ അല്മായ പ്രതിനിധികള്‍ എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുത്തു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more