ഭോപ്പാല്‍: ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ പൊലീസ് വെടിവച്ചു കൊല്ലുന്നതിന്റെ വീഡിയോ പുറത്ത്. തുറസായ പ്രദേശത്ത് പ്രതികളെ നിലത്ത് കിടത്തിയ ശേഷം തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് ദേശീയമാധ്യമമായ ഇന്ത്യാ ടുഡേ പുറത്തുവിട്ടിരിക്കുന്നത്.
വെടിയേറ്റു കിടക്കുന്നവര്‍ക്കിടയില്‍ ചെറിയ അനക്കമുള്ളവര്‍ക്ക് മേല്‍ വീണ്ടും നിറയൊഴിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. മരിച്ചു കിടക്കുന്നവരില്‍ ആരുടെ അടുക്കലും തോക്ക് അടക്കമുള്ള മാരകായുധങ്ങള്‍ കാണാനില്ല. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടയാണ് അതുശരിവയ്ക്കുന്നതരത്തിലുള്ള വീഡിയോ പുറത്തുവന്നത്. അതേസമയം, ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിട്ടില്ലെന്ന് ഇന്ത്യാ ടുഡേ മാധ്യമപ്രവര്ത്തകന് പറയുന്നു.
ഏറ്റുമുട്ടല്‍ കൊലപാതക വ്യാജമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയതാണോ, അതോ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണോയെന്നാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ചോദിക്കുന്നത്. മുന്‍കൂട്ടിയുള്ള തിരക്കഥയുടെ അടിസ്ഥാനത്തില്‍ ചാടിച്ചതാണോ എന്ന കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ സര്‍ക്കാര്‍ സത്യം മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കൊല്ലപ്പെട്ട മുഹമ്മദ് ഖാലിദ് അഹമ്മദിന്റെ അഭിഭാഷകന് തഹവ്വുര്‍ ഖാനും രംഗത്തെത്തി. സിമി ക്യാമ്പ് കേസിന്റെ നിലയനുസരിച്ച് ഖാലിദിന് അനുകൂല വിധി ലഭിക്കുമെന്ന് വ്യക്തമായിരുന്നു. വിചാരണ അന്തിമഘട്ടത്തിലെത്തിയിരിക്കെ അവര്‍ തടവു ചാടില്ലെന്നും തഹവ്വുര്‍ ഖാന് പറഞ്ഞു. ജയിലില്‍നിന്ന് രക്ഷപ്പെടേണ്ട ഒരു സാഹചര്യവും ഖാലിദിന് ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകന് പറഞ്ഞു.തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരായ എട്ടു സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ കടന്നു കളയുകയായിരുന്നെന്നാണ് പൊലീസിന്റെ വാദം. ജയില്‍ ചാടിയ പ്രതികളെ മണിക്കൂറുകള്‍ക്കകം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് വിശദീകരിക്കുന്നു.
click on malayalam character to switch languages