1 GBP = 106.96

ഞങ്ങള്‍ പോയി വരട്ടെ നിങ്ങളുടെ നാട്ടിലേയ്ക്ക്. ചരിത്രം രചിച്ച് ലിവര്‍പൂളും, അഭിമാനത്തോടെ രണ്ട് യുകെ മലയാളികളും…..

ഞങ്ങള്‍ പോയി വരട്ടെ നിങ്ങളുടെ നാട്ടിലേയ്ക്ക്. ചരിത്രം രചിച്ച് ലിവര്‍പൂളും, അഭിമാനത്തോടെ രണ്ട് യുകെ മലയാളികളും…..

ലിവര്‍പൂള്‍: യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനമായ ലിവര്‍പൂളില്‍ നിന്നും ലോകോത്തര സംസ്‌കാരങ്ങളുടെ ഈറ്റില്ലമായ ഭാരതത്തിലെ നമ്മുടെ കൊച്ചു കേരളത്തെ തിരിച്ചറിയുവാനും പഠിയ്ക്കുവാനുമായി അവര്‍ ലിവര്‍പൂളില്‍ നിന്നും കേരളത്തിലേക്ക് യാത്ര തിരിച്ചു.
INDO – BRITISH വിദ്യാഭ്യാസ സാംസ്‌കാരിക കൈമാറ്റ പദ്ധതിയുടെ ഭാഗമായി ഇത് എട്ടാമതു വര്‍ഷമാണ് ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കൗണ്‍സില്‍ പ്രതിനിധിയും അടങ്ങുന്ന ഇരുപതംഗ പഠനസംഘം യാത്ര തിരിച്ചത്.
നാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന പഠനസംഘത്തെ വിദ്യാഭ്യാസ ടൂറിസം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിയ്ക്കും. തുടര്‍ന്ന് കേരളത്തിലുടനീളം യാത്രചെയ്യുന്ന പഠനസംഘം വിദ്യാഭ്യാസ ടൂറിസം വകുപ്പുകള്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്ന വിവിധ സെമിനാറുകളില്‍ പങ്കെടുത്ത് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
dsc_0791-3_1
ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കേരളത്തിലെ ആദ്യത്തെ പാര്‍ട്ടണര്‍ സ്‌കൂളായി തിരഞ്ഞെടുത്ത കോട്ടയം കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിലെത്തുന്ന സംഘാഗങ്ങളെ സാമൂഹ്യ രാഷ്ട്രീയ നേതാക്കളും, അദ്ധ്യാപക വിദ്യാര്‍ത്ഥി സംഘവും ചേര്‍ന്ന് കേരളീയത്തനിമയില്‍ ചന്ദനം ചാര്‍ത്തിയും മുല്ലപ്പൂമാലയണിഞ്ഞും സ്വീകരിയ്ക്കും. രണ്ടു ദിവസം കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ ചിലവഴിക്കുന്ന പഠനസംഘം കേരളത്തിലെ പാഠ്യവിഷയങ്ങളെപ്പറ്റി പഠിയ്ക്കുകയും, വിവിധ അദ്ധ്യാപക വിദ്യാര്‍ത്ഥി മീറ്റിംങ്ങുകളിലും ചര്‍ച്ചകളിലും പങ്കെടുക്കുകയും ചെയ്യും. കടലിനക്കരെ നിന്നും എട്ടാംവര്‍ഷവും കൈനിറയെ സമ്മാനങ്ങളുമായി തങ്ങളെക്കാണാനെത്തുന്ന ലിവര്‍പൂളിലെ കൂട്ടുകാരെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂള്‍ മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന മറ്റു മൂന്നു സ്‌കൂളുകള്‍ സന്ദര്‍ശിച്ച് പഠനസാമഗ്രഹികളും, ഇരുപതോളം കമ്പ്യൂട്ടര്‍ സെറ്റുകളും വിതരണം ചെയ്യും. തുടര്‍ന്ന് മന്ദബുദ്ധികളായ കുട്ടികള്‍ പഠിയ്ക്കുന്ന ഏറ്റുമാനൂര്‍ സാന്‍ജോസ് സ്‌കൂളില്‍ ഒരു ദിവസം ചിലവഴിയ്ക്കുന്ന സംഘം ബ്രോഡ്ഗ്രീന്‍ സ്‌കൂളിന്റെ കേരളത്തിലെ ഔദ്യോഗിക ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.
പതിനഞ്ചുദിവസത്തെ കേരള സന്ദര്‍ശനത്തിനിടയ്ക്ക് വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന പഠനസംഘം, അറേബ്യന്‍ സംസ്‌കാരം നേരില്‍ക്കണ്ട് പഠിയ്ക്കുന്നതിനായി ദുബായില്‍ ദിവസം ചിലവഴിച്ച് അടുത്ത മാസം പത്താം തീയതി ലിവര്‍പൂളില്‍ തിരിച്ചെത്തും.
കഴിഞ്ഞ എട്ടു വര്‍ഷമായി വിദ്യാഭ്യാസ സാംസ്‌കാരിക കൈമാറ്റ പദ്ധതിയുമായി ഭാഗമായി ഇരുനൂറ്റി അന്‍പതില്‍പരം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ബ്രോഡ്ഗ്രീന്‍ സ്‌കൂളില്‍ നിന്നും കേരള പര്യടനം നടത്തിയത്. കൂടാതെ കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നും നിരവധി അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും യു കെ യില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. ഈ പദ്ധതിയുടെ ഭാഗമായി യു കെ യിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ കേരളത്തിലെ പല സ്‌കൂളുകളിലായി പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.
dsc_0012_1
അടുത്ത വര്‍ഷം രണ്ടു ബാച്ചുകളിലായി ലിവര്‍പൂളില്‍ നിന്നും അന്‍പതില്‍പരം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘം കേരള സന്ദര്‍ശനം നടത്തുന്നതിനും, കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുമായി ഇരുപത്തഞ്ചു പേരടങ്ങുന്ന പഠനസംഘം യു കെ സന്ദര്‍ശിയ്ക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും ഈ പരിപാടിക്ക് കഴിഞ്ഞ എട്ടു വര്‍ഷമായി നേത്രത്വം കൊടുക്കുന്ന ലിവര്‍പൂളിലെ പൊതുപ്രവര്‍ത്തകനും, ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി കമ്മറ്റി മെമ്പറുമായ തോമസ് ജോണ്‍ വാരികാട്ടും, യു കെ യില്‍ നിന്നും നിരവധി ടൂര്‍ പാക്കേജുകള്‍ വിജയകരമായി നടത്തി വരുന്ന ആഷിന്‍ സിറ്റി ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉടമ ജിജോ മാധവപ്പള്ളിയും സംയുക്തമായി അറിയിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more