1 GBP = 106.56
breaking news

പ്രാവും മഴയും; പ്രെസ്റ്റണ്‍ മെത്രാഭിഷേകവേദിയില്‍ ദൈവം ശക്തമായ അടയാളങ്ങള്‍ കാണിച്ചു

പ്രാവും മഴയും; പ്രെസ്റ്റണ്‍ മെത്രാഭിഷേകവേദിയില്‍ ദൈവം ശക്തമായ അടയാളങ്ങള്‍ കാണിച്ചു

അലക്‌സ് വര്‍ഗീസ്

പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനായ പ്രെസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയം ദൈവസാനിധ്യത്തിന്റെ നിരവധി വ്യക്തമായ തെളിവുകള്‍ ദര്‍ശിച്ചു. മെത്രാഭിഷേകത്തിന്റെ ഏറ്റവും പ്രധാനമായ കൈവയ്പ്പു പ്രാര്‍ത്ഥനയുടെ സമയത്ത് സ്റ്റേഡിയത്തിനു മുകളിലൂടെ, കൃത്യമായി മെത്രാഭിഷേക വേദിയുടെ മുകളിലൂടെ ഒരു പ്രാവ് പറന്നു നടക്കുന്നത് സ്‌റേഡിയത്തിലുണ്ടായിരുന്ന പലരും കണ്ടു. ക്രൈസ്തവ പാരമ്പര്യമനുസരിച്ചു പരി. ത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവിനെ പ്രാവിന്റെ രൂപത്തിലാണ് പലപ്പോഴും ചിത്രീകരിക്കുന്നത്.
ചെറുതായി മഴ പെയ്തു തുടങ്ങിയപ്പോള്‍ തിരുക്കര്‍മ്മങ്ങള്‍ തടസപ്പെടുമോ എന്ന് പോലും ചിലര്‍ ഭയപ്പെട്ടു. എന്നാല്‍ ചെറിയ ചാറ്റല്‍ മഴയിലൂടെ തന്റെ സാന്നിധ്യം വീണ്ടും അറിയിച്ചു. പുതിയ മെത്രാന്‍ പ്രധാന കാര്‍മികനായി വി. കുര്‍ബ്ബാനയര്‍പ്പണം, അതിന്റെ ഏറ്റവും പ്രധാന ഭാഗമായ കൂദാശാ വചനങ്ങളിലേക്കെത്തിയപ്പോളായിരുന്നു മഴ പൊടിഞ്ഞത്. എന്നാല്‍ സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ വിശ്വാസികള്‍ എല്ലാവരും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. വി. കുര്‍ബ്ബാനയര്‍പ്പണത്തിന്റെ പ്രധാന ഭാഗമെത്തിയപ്പോള്‍ മാത്രം ചാറിയ മഴ ബലിയര്‍പ്പണത്തിന് ദൈവത്തിന്റെ അംഗീകാരമായി വിശ്വാസികള്‍ വീണ്ടും മനസിലാക്കി.
പുതിയ മെത്രാന്റെ അടിയുറച്ച ദൈവാശ്രയ ബോധ്യവും വെളിവായ അവസരം കൂടിയായിരുന്നു ഇത്. മഴ ചാറിത്തുടങ്ങിയപ്പോഴും ഒട്ടും സംശയിക്കാതെ മാര്‍ സ്രാമ്പിക്കല്‍ കുര്‍ബ്ബാന തുടര്‍ന്നു. ദൈവത്തിലാശ്രയിച്ചു ധൈര്യപൂര്‍വ്വം ബലിയര്‍പ്പണം തുടര്‍ന്നപ്പോള്‍ ഒരാള്‍ പോലും മഴയെ വക വയ്ക്കാതെ പ്രാര്‍ത്ഥനാപൂര്‍വ്വം ബലിയില്‍ പങ്കു ചേര്‍ന്നു. എന്ത് തടസം വന്നാലും സഭാപ്രവര്‍ത്തനങ്ങള്‍ യാതൊരു തടസവും കൂടാതെ മുന്‌പോട്ടു തന്നെ പോകുമെന്നു പുതിയ ഇടയനിലൂടെ ദൈവം തന്നെ വ്യക്തമാക്കി.
വി. കുര്‍ബ്ബാനക്ക് മുന്‍പ് മെത്രാഭിഷേക ശുശ്രൂഷകള്‍ നടന്നപ്പോള്‍ സൂര്യപ്രകാശം കൂടിയും കുറഞ്ഞും മാറി മാറി വന്നു. ഏറ്റവും പ്രകാശം അനുഭവപ്പെട്ടത് കൈവയ്പ്പു പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മെത്രാന് അധികാര ചിഹ്നങ്ങളായ അംശമുടിയും (തൊപ്പി) വടിയും നല്‍കിയ സമയത്തായിരുന്നു ഗ്രേറ്റ് ബ്രിട്ടനില്‍ സത്യവിശ്വാസത്തിന്റെ പ്രഭ ഇനി തെളിഞ്ഞു കാണുമെന്നു ദൈവം പ്രകൃതിയുടെ അറിയിക്കുകയായിരുന്നു.
വി. കുര്‍ബ്ബാനയുടെ സമാപനത്തിലേക്കെത്തിയപ്പോള്‍ മഴ പൂര്‍ണ്ണമായും മാറുകയും അതിനു ശേഷം നടന്ന സ്ഥാനാരോഹണ ശുശ്രൂഷ ഭംഗിയായി പര്യവസാനിക്കുകയും ചെയ്തു. വിശ്വാസികള്‍ ആരും ഇടയ്ക്കു പോകാതിരുന്നത് ഇടയനോടൊപ്പം തങ്ങള്‍ എന്നും കൂടെയുണ്ടാവുമെന്നതിന്റെ കൂടി പ്രഖ്യാപനമായി. പതിനായിരത്തിലധികം ആളുകള്‍ വന്നിട്ടും കാര്യമായ ഒരു ബുദ്ധിമുട്ടും അപകടങ്ങളും ഒന്നും സംഭവിക്കാതിരുന്നത് ദൈവാനുഗ്രഹത്തിന്റെയും ദൈവപരിപാലനയുടെയും വലിയ അടയാളമായി എണ്ണുന്ന വിശ്വാസികള്‍.
കഴിഞ്ഞ ജൂലൈ 28ന് പുതിയ രൂപതയെയും മെത്രാനെയും പ്രഖ്യാപിച്ചത് മുതല്‍ യുകെ വിശ്വാസി സമൂഹം പ്രാര്‍ത്ഥനയിലും ആത്മീയ ഒരുക്കത്തിലുമായിരുന്നു. ആ പ്രാര്‍ത്ഥനകളെല്ലാമാണ് ഞായറാഴ്ച പ്രെസ്റ്റണ്‍ മെത്രാഭിഷേകവേദിയില്‍ ഫലമണിഞ്ഞത്. ഫാത്തിമയില്‍ 1917 ഒക്ടോബര്‍ 13ന് പരി. മാതാവ് പ്രത്യക്ഷപ്പെടുന്നതിനു മുന്‍പായി പെയ്ത മഴയോടാണ് ചടങ്ങിനിടെ ചാറിയ മഴയെ വിശ്വാസികള്‍ ഉപമിച്ചത്. ഏതായാലും ദീര്‍ഘനാളായി പ്രാര്‍ത്ഥിച്ചു കാത്തിരുന്ന വലിയ ഒരു തിരുക്കര്‍മ്മത്തില്‍ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ് വിശ്വാസികള്‍.

യുക്മ ന്യൂസിന് വേണ്ടി അലക്‌സ് പകര്‍ത്തിയ മെത്രാഭിഷേകത്തിന്റെ ചിത്രങ്ങള്‍ കാണാം ഒന്നാം ഭാഗം
യുക്മ ന്യൂസിന് വേണ്ടി അലക്‌സ് പകര്‍ത്തിയ മെത്രാഭിഷേകത്തിന്റെ ചിത്രങ്ങള്‍ കാണാം രണ്ടാം ഭാഗം

Post Your Comments Here ( Click here for malayalam )

Press Esc to close
show more