1 GBP = 116.26
breaking news

യുക്മ നാഷണല്‍ കലാമേള നഗറിന് പേര് നിര്‍ദ്ദേശിക്കാനും ലോഗോ രൂപകല്‍പ്പന ചെയ്യുവാനും സുവര്‍ണ്ണാവസരം

യുക്മ നാഷണല്‍ കലാമേള നഗറിന് പേര് നിര്‍ദ്ദേശിക്കാനും ലോഗോ രൂപകല്‍പ്പന ചെയ്യുവാനും സുവര്‍ണ്ണാവസരം

സജീഷ് ടോം
(യുക്മ ദേശീയ സെക്രട്ടറി)

ഏഴാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒക്‌റ്റോബര്‍ ഒന്ന്, എട്ട് തീയതികളിലായി മൂന്ന് റീജിയണല്‍ കലാമേളകള്‍ വിജയകരമായി പൂര്‍ത്തിയായിക്കഴിഞ്ഞു. ഒക്‌റ്റോബര്‍ പതിനഞ്ച്, ഇരുപത്തിരണ്ട് തീയതികളില്‍ നാല് റീജിയണല്‍ കലാമേളകള്‍ കൂടി അരങ്ങേറുമ്പോള്‍ ദേശീയ കലാമേളയില്‍ മാറ്റുരക്കുന്ന കലാകാരന്മാരും കലാകാരികളും ആരൊക്കെയെന്ന ആകാംക്ഷക്ക് വിരാമമാകും.
നവംബര്‍ അഞ്ച് ശനിയാഴ്ച കവന്‍ട്രിയില്‍ വച്ചാണ് ദേശീയ കലാമേള അരങ്ങേറുന്നത്. കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെയും (സി.കെ.സി.), മിഡ്ലാന്‍ഡ്സ് റീജിയന്റെയും സംയുക്താഭിമുഖ്യത്തിലാകും ദേശീയ കലാമേള സംഘടിപ്പിക്കപ്പെടുകയെന്ന് യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു, കലാമേള ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.
ഏഴാമത് യുക്മ ദേശീയ കലാമേള നഗറിന് പേര് നിര്‍ദ്ദേശിക്കുവാന്‍ യു.കെ. മലയാളികള്‍ക്ക് യുക്മ ദേശീയ സമിതി അവസരമൊരുക്കുകയാണ്. യശഃശരീരനായ ശ്രീ.എം.എസ്.വിശ്വനാഥന്റെ പേരിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കലാമേള നഗര്‍ പ്രസിദ്ധമായത് (എം.എസ്.വി. നഗര്‍). ഈ വര്‍ഷത്തേക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ ഒക്‌റ്റോബര്‍ 17 ന് മുന്‍പായി secretary.ukma@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ഏറ്റവും കൂടുതല്‍ നിര്‍ദ്ദേശിക്കപ്പെടുന്ന പേരായിരിക്കും തെരഞ്ഞെടുക്കപ്പെടുക. തെരഞ്ഞെടുക്കപ്പെടുന്ന പേര് നിര്‍ദ്ദേശിക്കുന്നവരില്‍നിന്നും നറുക്കിട്ട് വിജയിക്കുന്ന വ്യക്തിക്ക് കലാമേളയില്‍ വച്ച് പുരസ്‌ക്കാരം നല്‍കുന്നതായിരിക്കും.
അതോടൊപ്പം തന്നെ മറ്റൊരു സുവര്‍ണ്ണാവസരം കൂടി യുകെ മലയാളികള്‍ക്കായി യുക്മ അവതരിപ്പിക്കുകയാണ്. കലാമേളക്ക് അനുയോജ്യമായ ലോഗോ രൂപകല്പ്പന ചെയ്യുന്നതിനും അപേക്ഷകള്‍ ക്ഷണിക്കുകയാണ്. കമ്പ്യുട്ടറില്‍ തയ്യാറാക്കിയ ലോഗോകളാണ് പരിഗണിക്കപ്പെടുക. യുക്മ കലാമേളയുടെ കയ്യൊപ്പെന്ന് വിശേഷിക്കപ്പെടാവുന്ന ലോഗോ ഡിസൈന്‍ ചെയ്തു, കലാമേളയില്‍ പുരസ്‌ക്കാരം നേടുവാനുള്ള അവസരം വിനിയോഗിക്കുവാന്‍ പ്രതിഭാധനരായ യു.കെ. മലയാളികളോട് യുക്മ ദേശീയ സമിതി അഭ്യര്‍ത്ഥിക്കുന്നു. ലോഗോകളും secretary.ukma@gmail.com എന്ന ഇ-മെയില്‍ലേക്ക് തന്നെ ഒക്‌റ്റോബര്‍ 17 ന് മുന്‍പ് അയക്കേണ്ടതാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more