അലക്‌സ് വര്‍ഗീസ്
യുകെയിലെ സീറോമലബാര്‍ വിശ്വാസികളുടെ ചിരകാലാഭിലാഷമായിരുന്ന രൂപത സ്ഥാപനത്തിനും പ്രഥമ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സ്ഥാനാരോഹണത്തിനും സാക്ഷ്യം വഹിക്കാന്‍ ഇന്നലെ പ്രെസ്ട്ടനിലെ നോര്‍ത്ത് ഏന്‍ഡ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് പന്ത്രണ്ടായിരത്തോളം വിശ്വാസികള്‍. യുകെ മലയാളികള്‍ കണ്ട ഏറ്റവും വലിയ കൂട്ടായ്മയ്ക്ക് പ്രസ്ട്ടന്‍ ആതിഥ്യം വഹിച്ചപ്പോള്‍ തദ്ദേശ വാസികള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്‍പില്‍ മെത്രാരോഹണ ചടങ്ങ് മലയാളികളുടെ വിശ്വാസ പ്രഘോഷണമായി മാറി.
കേരളത്തില്‍ നിന്നുള്ള ഒന്‍പതു ബിഷപ്പുമാരും യുകെയിലെ വിവിധ സഭകളിലെ പതിനൊന്നു പേരും പുതിയ മെത്രാനെ അനുഗ്രഹിക്കുവാനെത്തി. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി,ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, അമേരിക്കയിലെ ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായിരിക്കുന്ന മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തന്‍ ആര്‍ച്ച്ബിഷപ് മാത്യൂസ് മാര്‍ തിമോത്തിയോസ് (മെത്രാപ്പോലീത്ത, യുകെ–യൂറോപ്പ്–ആഫ്രിക്ക മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച്) എന്നിവരാണ് കേരളത്തില്‍ നിന്നും പങ്കെടുത്ത സഭാ മേലധ്യക്ഷന്മാര്‍ .
പൂര്‍വികരില്‍ നിന്നും പകര്‍ന്നു കിട്ടിയ തങ്ങളുടെ വിശ്വാസത്തിന് തെല്ലും കോട്ടം വന്നിട്ടില്ല എന്ന് യുകെയിലെ സീറോമലബാര്‍ വിശ്വാസികള്‍ വെളിപ്പെടുത്തുന്നതായിരുന്നു ഇന്നലെ നോര്‍ത്ത് ഏന്‍ഡ് സ്റ്റേഡിയത്തിലെ ജനത്തിരക്ക്. ഇരുപത്തി അയ്യായിരത്തോളം ആളുകള്‍ കൊള്ളുന്ന ഫുട്‌ബോള്‍ കളിക്കളത്തിലെ ഏകദേശം പകുതിയോളം കസേരകളില്‍ നിന്നും ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് പകരം ഇന്നലെ ഉയര്‍ന്നു കേട്ടത് ദൈവിക സ്തുതികള്‍ ആയിരുന്നു.ചടങ്ങിനായി പ്രത്യേകം തയ്യാറാക്കിയ പുസ്തകത്തിലെ പ്രാര്‍ഥനകള്‍ ഒരേ മനസോടെ ഏറ്റു ചൊല്ലി ചടങ്ങുകളില്‍ പങ്കെടുത്ത് ഓരോ വിശ്വാസിയും സഭാ മാതാവിനോടുള്ള തങ്ങളുടെ സ്‌നേഹവും വിധേയത്വവും പ്രകടമാക്കി.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇരുനൂറോളം വൈദികരും ചടങ്ങുകളില്‍ പങ്കെടുത്തു.അന്‍പതു പേരടങ്ങിയ ഗായകസംഘംപ്രാര്‍ഥനാ ഗീതങ്ങളാല്‍ ചടങ്ങിനെ ഭക്തി സാന്ദ്രമാക്കി. ഫാദര്‍ തോമസ് പറയാടി ജനറല്‍ കണ്‍വീനറും ഫാദര്‍ മാത്യു ചൂരപൊയ്കയില്‍ ജോയിന്റ് കണ്‍വീനറുമായി വിവിധ മാസ് സെന്ററുകളില്‍ നിന്നുള്ള വൈദികരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഏക മനസോടെ പ്രവര്‍ത്തിച്ചപ്പോള്‍ മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന യുകെ മലയാളിയുടെ കുടിയേറ്റ ചരിത്രത്തില്‍ ഇടം പിടിച്ച ആത്മീയ സമ്മേളനമായി മെത്രാരോഹണ ചടങ്ങ് മാറി.രാവിലെ പതിനൊന്നരയോടെ ആരംഭിച്ച പരിപാടികള്‍ വൈകിട്ട് ആറുമണിയോടെയാണ് സമാപിച്ചത്.
click on malayalam character to switch languages