പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ദിനങ്ങളിലേക്ക് ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ എത്തിച്ചേര്‍ന്നു. സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലും ഗ്രേറ്റ് ബ്രിട്ടന്റെ ചരിത്രത്തിലും പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്ത് സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഇത് വരെ ലങ്കാസ്റ്റര്‍ രൂപതയുടെ കീഴിലായിരുന്ന സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തെ ഏറ്റെടുത്ത് സെന്റ്. അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രലായി ഉയര്‍ത്തി.
ദേവാലയത്തിലും പരിസരങ്ങളിലും തിങ്ങി നിറഞ്ഞ വിശ്വാസികളെ സാക്ഷി നിര്‍ത്തിയാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്. ലങ്കാസ്റ്റര്‍ രൂപതാ മെത്രാന്‍ മൈക്കിള്‍ ജി. കാംബെല്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മറ്റ് മെത്രാന്മാര്‍, വൈദികര്‍, ഡീക്കന്മാര്‍, സന്യസ്തര്‍, അല്‍മായര്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്ക് ചേര്‍ന്നു. വൈകീട്ട് 6 മണിക്ക് കര്‍ദിനാള്‍ തിരുമേനി നാട മുറിച്ചു കത്തീഡ്രല്‍ ദേവാലയത്തിലേക്ക് വിശ്വാസികളെ നയിച്ചു. ജോ. കണ്‍വീനറും പ്രാദേശിക സംഘാടകനുമായ റവ. ഫാ. മാത്യു ചൂരപ്പൊയ്കയില്‍ എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു.
തുടര്‍ന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി ദേവാലയ പുനര്‍ സമര്‍പ്പണം നടത്തുകയും കത്തീഡ്രലായി ഉയര്‍ത്തിക്കൊണ്ടുള്ള വിജ്ഞാപനം അറിയിക്കുകയും ചെയ്തു. അല്‍ഫോന്‍സക്ക് ദേവാലയം സമര്‍പ്പിച്ചു കൊണ്ടുള്ള ശുശ്രൂഷകള്‍ക്ക് ശേഷം വിശുദ്ധയുടെ തിരുസ്വരൂപത്തില്‍ ഏലക്കാമാല ചാര്‍ത്തി വണങ്ങി.
തുടര്‍ന്ന് സഭയുടെ ഔദ്യോഗിക സന്ധ്യാ നമസ്‌കാരമായ യാമപ്രാര്‍ത്ഥനക്ക് കര്‍ദിനാള്‍ തിരുമേനി തന്നെ നേതൃത്വം നല്‍കി. പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കൊടുവില്‍ പിതാവ് തന്റെ വിശ്വാസി അജഗണങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സീറോ മലബാര്‍ സഭയുടെ മിഷന്‍ ചൈതന്യത്തെ കുറിച്ചും യുകെയില്‍ സഭയുടെ തുടക്കവും വളര്‍ച്ചയും അതിനു വേണ്ടി അദ്ധ്വാനിച്ച ആളുകളുമെല്ലാം തിരുമേനിയുടെ പ്രസംഗത്തില്‍ അനുസ്മരിക്കപ്പെട്ടു.
തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കാനെത്തിയ എല്ലാ രൂപതാധ്യക്ഷന്മാരെയും കര്‍ദിനാള്‍ തിരുമേനി വിശ്വാസികളെ പരിചയപ്പെടുത്തി. യൂറോപ്പിന്റെ അപ്പസ്‌തോലിക്ക് വിസിറ്റേറ്ററായി ചുമതലയേല്‍ക്കുന്ന റവ. ഡോ. സ്റ്റീഫന്‍ ചിറപ്പണത്ത് വിശ്വാസികളോട് സംസാരിച്ചു. ലങ്കാസ്റ്റര്‍ രൂപതയിലെ വൈദിക വിദ്യാര്‍ത്ഥികളും നിരവധി ഇംഗ്ലീഷ് വൈദികരും തദ്ദേശീയരായ ഇംഗ്ലീഷ് വിശ്വാസികളും ചടങ്ങുകളില്‍ സംബന്ധിച്ചു. വിശിഷ്ടാതിഥികളും വിശ്വാസികളും സ്‌നേഹവിരുന്നില്‍ പങ്ക് ചേര്‍ന്ന ശേഷമാണ് മടങ്ങിയത്.
കത്തീഡ്രലായി ഉയര്‍ത്തപ്പെട്ട സെന്റ് അല്‍ഫോന്‍സാ ദേവാലയം കരുണയുടെ കവാടമുള്ള ദേവാലയമായി ഇനി മുതല്‍ അറിയപ്പെടും. ഇന്ന് മെത്രാഭിഷേക തിരുക്കര്‍മ്മങ്ങള്‍ ഉച്ചക്ക് കൃത്യം 12 മണിക്ക് പ്രാര്‍ത്ഥനാഗാനങ്ങളോടെ പ്രെസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും.
click on malayalam character to switch languages