1 GBP = 106.83

സഭയുടെ തലവന്‍ ഇന്നെത്തും; ആലഞ്ചേരി പിതാവിന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കും

സഭയുടെ തലവന്‍ ഇന്നെത്തും; ആലഞ്ചേരി പിതാവിന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കും

പ്രസ്റ്റണ്‍ ആസ്ഥാനമാക്കി സീറോ മലബാര്‍ വിശ്വാസികള്‍ക്കായി അനുവദിക്കപ്പെട്ട ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനായി നിയുക്തനായിരിക്കുന്ന മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കാനും രൂപത ഔദ്യോഗികമായി ഉത്ഘാടനം ചെയ്യുവാനുമായി സീറോ മലബാര്‍ സഭയുടെ തലവനായ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നെത്തും. മാഞ്ചസ്റ്റര്‍ വൈകീട്ട് 7.30 ന് എത്തിച്ചേരുന്ന സഭാതലവനെ നിയുക്ത മെത്രാന്‍ ജോസഫ് സ്രാമ്പിക്കല്‍, ജനറല്‍ കണ്‍വീനര്‍ റവ. ഡോ. തോമസ് പാറയടിയില്‍ MST, റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, മറ്റു വൈദികര്‍, കമ്മിറ്റിയംഗങ്ങള്‍, വിശ്വാസികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
ഇന്ന് രാവിലെ 10 മണിക്ക് നെടുമ്പാശേരിയില്‍ നിന്നാണ് മാര്‍ ആലഞ്ചേരി യുകെയിലേക്ക് യാത്ര തിരിക്കുന്നത്. കര്‍ദിനാള്‍ തിരുമേനിയോടൊപ്പം അദ്ദേഹത്തിന്റെ സെക്രട്ടറി റവ. ഫാ. സെബിന്‍ കാഞ്ഞിരത്തുങ്കലും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. 9 മണിക്ക് പ്രസ്റ്റണില്‍ എത്തിച്ചേരുന്ന കര്‍ദിനാള്‍ വിശ്രമത്തിനു ശേഷം ശനിയാഴ്ച ഉച്ച വരെയുള്ള സമയം പ്രാര്‍ത്ഥനയ്ക്കും മെത്രാന്‍ പട്ടം കൊടുക്കുന്ന ശുശ്രൂഷയുടെ റിഹേഴ്സലിനുമായി മാറ്റി വയ്ക്കും. റോമില്‍ മാര്‍പാപ്പ മുഖ്യകാര്‍മ്മികനാകുന്ന എല്ലാ തിരുക്കര്‍മ്മങ്ങളുടെയും മുന്‍പായി റിഹേഴ്സല്‍ നടത്താറുണ്ട്. റിഹേഴ്സലില്‍ ആലഞ്ചേരി പിതാവിനൊപ്പം നിയുക്ത മെത്രാനും പങ്ക് ചേരും. ഇപ്പോള്‍ പ്രാര്‍ത്ഥനയിലും ആത്മീയ ഒരുക്കത്തിലുമായിരിക്കുന്ന മാര്‍ സ്രാമ്പിക്കല്‍ കര്‍ദിനാള്‍ തിരുമേനിയെ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ എത്തിച്ചേരുമെന്നു അറിയിച്ചിട്ടുണ്ട്.

അതേ സമയം ഈ വിശ്വാസ ആഘോഷത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങുകയാണ് ഭക്ത സഹസ്രങ്ങള്‍. പ്രസ്റ്റണിലും പരിസരത്തുമായി ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും നേരത്തെ തന്നെ എത്തി തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഈ ചടങ്ങില്‍ പങ്കാളികളാകും. ശനിയാഴ്ച കത്തീഡ്രലായി ഉയര്‍ത്തപ്പെടാന്‍ പോകുന്ന പ്രസ്റ്റണ്‍ സെന്റ്. അല്‍ഫോന്‍സാ പള്ളിയില്‍ ഇന്ന് വൈകീട്ടും നാളെ വൈകീട്ടും തിരുക്കര്‍മ്മങ്ങളുടെ വിജയത്തിനായി ജാഗരണ പ്രാര്‍ത്ഥനകള്‍ നടത്തും.
തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മ്മികനായ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് യുകെയില്‍ എത്തിയതിന് പിന്നാലെ പാലായില്‍ നിന്നുള്ള ആദ്യ സംഘം ആളുകള്‍ മെത്രാഭിഷേക ചടങ്ങുകളില്‍ പങ്കെടുക്കാനെത്തി ചേര്‍ന്നു. ഇനിയും കൂടുതല്‍ ആളുകള്‍ എത്തിച്ചേരാനുണ്ടെന്നറിയുന്നു. മെത്രാഭിഷേക ദിനങ്ങള്‍ അടുക്കുമ്പോഴേക്കും തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേരാനായി ഗ്രേറ്റ് ബ്രിട്ടന്റെ എല്ലാ ഭാഗത്ത് നിന്നുമായി വമ്പിച്ച ജനപങ്കാളിത്തമുണ്ടാകുമെന്നാണ് അതാത് സ്ഥലങ്ങളില്‍ നിന്നുള്ള വൈദികര്‍ സംഘാടക സമിതിയെ അറിയിച്ചിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more