ഒരുമയുടെ സന്ദേശം യാഥാര്‍ത്ഥ്യമാക്കി രണ്ട് അസോസിയേഷനുകള്‍ ഒന്ന് ചേര്‍ന്ന് ഉണ്ടായ വാറ്റ്‌ഫോര്‍ഡിലെ കേരള കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ ഓണാഘോഷങ്ങള്‍ അതിഗംഭീരമായി കൊണ്ടാടി. വന്‍ ജനപങ്കാളിത്തത്തോടെ നടന്ന ഓണാഘോഷ പരിപാടികള്‍ വാറ്റ്‌ഫോര്‍ഡിലെ മലയാളി ചരിത്രത്തില്‍ തന്നെ അവിസ്മരണീയ സ്ഥാനം പിടിച്ച് ആയിരുന്നു സമാപിച്ചത്. കാലത്ത് 09.00 മണി മുതല്‍ തുടങ്ങിയ ആഘോഷങ്ങള്‍ സന്ധ്യയാകും വരെ നീണ്ടു നില്‍ക്കുന്നതായിരുന്നു.
വിവിധയിനം കായിക മത്സരങ്ങളോടെ ആയിരുന്നു ഓണാഘോഷ പ്രോഗ്രാമുകള്‍ക്ക് തുടക്കം കുറിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം പങ്കെടുക്കാന്‍ പറ്റിയ രസകരവും ആവേശകരവുമായ വിവിധ മത്സരങ്ങള്‍ ആണ് സംഘടിക്കപ്പെട്ടത്. 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ട മത്സരങ്ങള്‍ ആവേശം വിതറിയപ്പോള്‍ മെഴുകുതിരി കത്തിച്ചുള്ള ഓട്ടം രസകരമായ അനുഭവമായി. ചാള്‍സ് മാണി, സിബി തോമസ്, സുനില്‍ വാര്യര്‍ തുടങ്ങിയവര്‍ ആയിരുന്നു സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ കൃത്യമായ രീതിയില്‍ നടത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്.
കായിക മത്സരങ്ങള്‍ക്ക് ശേഷം ഉച്ചയോടെ വിഭവ സമൃദ്ധമായ ഓണ സദ്യ എല്ലാവര്‍ക്കും വിളമ്പി. മുപ്പതിലധികം കറികളും, നാടന്‍ പഴവും, പായസവും ഒക്കെയുള്‍പ്പെടെയുള്ള സദ്യ തയ്യാറാക്കിയത് ലണ്ടനിലെ പ്രസിദ്ധ റസ്റ്റോറന്റ് ആയ ഉദയ ആയിരുന്നു.
സദ്യക്ക് ശേഷം ഓണത്തോടനുബന്ധിച്ച് ഉള്ള സാംസ്‌കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു. ഓണ നാളില്‍ ലോകമെമ്പാടും ഉള്ള തന്റെ പ്രജകളെ കാണാന്‍ എത്തുന്ന മഹാബലി തമ്പുരാന് സ്വീകരണം ഏര്‍പ്പെടുത്തി കൊണ്ടായിരുന്നു സാംസ്‌കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചത്. താലപ്പൊലിയുടെയും, പുലികളിയുടെയും അകമ്പടിയോടെ സമ്മേളന വേദിയില്‍ എത്തിച്ചേര്‍ന്ന മഹാബലി നാനൂറോളം പ്രജകളെ ഒന്നിച്ച് കണ്ടപ്പോള്‍ ആവേശ ഭരിതനായി നല്ലൊരു സന്ദേശം തന്നെ നല്‍കുകയുണ്ടായി.
മഹാബലി തമ്പുരാനൊപ്പം റവ. ഫാ. ഡേവിഡ് മിഡില്‍ബ്രൂക്ക്, ഇന്നസെന്റ് ജോണ്‍, നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കന്മാരായ ജോസഫ് തോമസ്, അന്നമ്മ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയാണ് സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഷിനോ കുര്യന്‍ സമ്മേളനത്തില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് മഹാബലിയായി വേഷമിട്ട യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ മുന്‍ പ്രസിഡണ്ട് കൂടിയായ സണ്ണിമോന്‍ മത്തായി, സാമൂഹിക പ്രവര്‍ത്തകനായ ജോണ്‍ തോമസ് തുടങ്ങിയവര്‍ ഓണാശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. ജെബിറ്റി ജോസഫ് നന്ദി പറഞ്ഞു.
കെസിഎഫിന്റെ ഐശ്വര്യമായ കലാകാരികള്‍ അവതരിപ്പിച്ച തിരുവാതിര, കുട്ടികള്‍ അവതരിപ്പിച്ച വിവിധ നൃത്ത നൃത്ത്യങ്ങള്‍, മറ്റ് കലാപരിപാടികള്‍ തുടങ്ങി മനോഹരങ്ങളായ നിരവധി പരിപാടികള്‍ തുടര്‍ന്ന് അരങ്ങേറി. ഡ്രീം ഓര്‍ക്കെസ്ട്ര, വാറ്റ്‌ഫോര്‍ഡ് അവതരിപ്പിച്ച ഗാനമേള ആയിരുന്നു ഓണത്തിന്റെ മറ്റൊരു ഹൈലൈറ്റ്. കലാപരിപാടികള്‍ക്ക് ശേഷം കായിക മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സാംസ്‌കാരിക സമ്മേളനവും കള്‍ച്ചറല്‍ പരിപാടികളും കോര്‍ഡിനേറ്റ് ചെയ്തത് ഇന്നസെന്റ് ജോണ്‍, സണ്ണിമോന്‍ മത്തായി, ടോമി ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു. മനോഹരമായ രീതിയില്‍ പ്രോഗ്രാമുകളുടെ ആങ്കറിംഗ് നടത്തിയത് റാണി ജോസ് ആയിരുന്നു.
സാംസ്‌കാരിക സമ്മേളനത്തിന് ശേഷമായിരുന്നു എല്ലാവരും ആവേശപൂര്‍വ്വം കാത്തിരുന്ന വടംവലി മത്സരം അരങ്ങേറിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ മത്സരങ്ങള്‍ ഒരുക്കിയിരുന്നു. ഇരു വിഭാഗത്തിലും അത്യന്തം വാശിയേറിയ മത്സരങ്ങള്‍ ആയിരുന്നു അരങ്ങേറിയത്. പുരുഷ വിഭാഗത്തില്‍ ചാള്‍സ് മണിയുടെ നേതൃത്വത്തില്‍ ഉള്ള ടീം ഒന്നാം സ്ഥാനവും ശ്രീജിത്ത് പിള്ളയുടെ നേതൃത്വത്തില്‍ ഉള്ള ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ റാണി ജോസ് നേതൃത്വം നല്‍കിയ ടീം ഒന്നാമത് എത്തിയപ്പോള്‍ എലിസബത്ത് മത്തായി നേതൃത്വം നല്‍കിയ ടീം രണ്ടാമത് എത്തി.
വാറ്റ്‌ഫോര്‍ഡ് മലയാളികളുടെ കണ്ണും മനസ്സും നിറഞ്ഞ ഒരോണം ആയിരുന്നു കഴിഞ്ഞു പോയത്. ഇനി ഇതുപോലെ ഒന്നാഹ്ലാദിക്കുവാനും ഒന്നിച്ചു കൂടാനും അടുത്ത ഓണക്കാലം വരെ കാത്തിരിക്കണമല്ലോ എന്ന സങ്കടമായിരുന്നു തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്നത്.
click on malayalam character to switch languages