1 GBP = 106.56
breaking news

നവനേതൃത്വത്തിന്റെ ആവേശത്തില്‍ എര്‍ഡിങ്ടണ്‍ മലയാളി അസ്സോസിയേഷന്‍

നവനേതൃത്വത്തിന്റെ ആവേശത്തില്‍ എര്‍ഡിങ്ടണ്‍ മലയാളി അസ്സോസിയേഷന്‍

ഗൃഹാതുരത്വത്തിന്റെ കനകസ്മൃതികള്‍ ഉണര്‍ത്തി എര്‍ഡിങ്ടണ്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി. ഇ എം എ ഭാരവാഹികള്‍ ഭദ്രദീപം തെളിച്ച് ഔപചാരികമായി ഉത്ഘാടനം ചെയ്ത ഓണാഘോഷ പരിപാടികള്‍ക്ക് കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ മേളക്കൊഴുപ്പേകി. വിഭവസമൃദ്ധമായ ഓണസദ്യയും ഓണപ്പാട്ടുകളും ഓണാഘോഷത്തിന് മാറ്റ് കൂട്ടി.

പ്രസിഡന്റ് എബി ജോസെഫിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പൊതുയോഗത്തില്‍ സെക്രെട്ടറി കുഞ്ഞുമോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് 2016 – 2018 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു. ജോര്‍ജ് മാത്യു പ്രസിഡന്റായും ഷിബു തോമസ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മോനിഷിജോ സെക്രട്ടറിയായും ആനി കുര്യന്‍ ജോയിന്റ് സെക്രട്ടറിയായും ജോര്‍ജ് ഉണ്ണുണ്ണി ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.

കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ആയി ഷിജോ ജോസഫും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായി ഇഗ്നേഷ്യസ് പെട്ടയിലും യൂത്ത് കോര്‍ഡിനേറ്റര്‍മാരായി ജുമിന്‍ പെട്ടയിലും ആല്‍വിന ബെന്നിയും ചുമതലയേറ്റപ്പോള്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായി എബി ജോസഫ്, ബൈജു കുര്യാക്കോസ്, തോമസ് കുട്ടി തുടങ്ങിയവരെ യോഗം ചുമതലപ്പെടുത്തി.

യോഗത്തെ അഭിസംബോധന ചെയ്ത നിയുക്ത പ്രസിഡെന്റ് ജോര്‍ജ് മാത്യു അടുത്ത രണ്ട് വര്‍ഷത്തേക്ക് കമ്മിറ്റി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കഴിഞ്ഞ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച അംഗങ്ങള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പ്രത്യേകം നന്ദി അര്‍പ്പിച്ചു. സുഷി കുരുവിള സ്വാഗതം ആശംസിച്ച പൊതുയോഗത്തിന് ആനി കുര്യന്‍ നന്ദി പ്രകാശിപ്പിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more