1 GBP = 122.89
breaking news

ആംസ്റ്റർഡാമിൽ വിനോദസഞ്ചാര നികുതി 16 ശതമാനമായി ഉയർത്തുന്നു; 2027 ജനുവരി മുതൽ ഹോട്ടൽ താമസച്ചെലവ് കൂടും

ആംസ്റ്റർഡാമിൽ വിനോദസഞ്ചാര നികുതി 16 ശതമാനമായി ഉയർത്തുന്നു; 2027 ജനുവരി മുതൽ ഹോട്ടൽ താമസച്ചെലവ് കൂടും

ലണ്ടൻ: യൂറോപ്പിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ആംസ്റ്റർഡാമിൽ ടൂറിസ്റ്റ് ടാക്സ് വർധിപ്പിക്കുന്നു. ഹോട്ടലുകളിലും മറ്റ് താമസസൗകര്യങ്ങളിലും ചെലവാകുന്ന തുകയുടെ നിലവിലെ 12 ശതമാനം നികുതി 16 ശതമാനമായാണ് ഉയർത്തുന്നത്. 2027 ജനുവരി ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ആംസ്റ്റർഡാം നഗരസഭ സ്ഥിരീകരിച്ചു.

ഹോട്ടലുകൾ, ഹോസ്റ്റലുകൾ, ഹോളിഡേ റെന്റലുകൾ, ക്യാമ്പ് സൈറ്റുകൾ തുടങ്ങി വിവിധ താമസസൗകര്യങ്ങൾക്ക് പുതിയ നികുതി ബാധകമായിരിക്കും. ഇതോടെ ബ്രിട്ടനിൽനിന്നുൾപ്പെടെ ആംസ്റ്റർഡാമിലെത്തുന്ന വിനോദസഞ്ചാരികളുടെ യാത്രാച്ചെലവ് വർധിക്കും.

നിലവിൽ ആംസ്റ്റർഡാമിൽ ഹോട്ടൽ താമസത്തിന് 12 ശതമാനം ടൂറിസ്റ്റ് ടാക്സാണ് ഈടാക്കുന്നത്. കൂടാതെ നഗരത്തിലെത്തുന്ന ഒരു ദിവസത്തെ സന്ദർശകരിൽനിന്ന് 15 യൂറോ (ഏകദേശം 12.50 പൗണ്ട്) പ്രവേശന ഫീസായും ഈടാക്കുന്നുണ്ട്.

പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ 100 യൂറോ (ഏകദേശം 84 പൗണ്ട്) നിരക്കുള്ള ഹോട്ടലിൽ ഒരു രാത്രി താമസിക്കുന്നവർക്ക് നിലവിൽ ഏകദേശം 10.33 യൂറോ നികുതിയായി നൽകണം. ഇത് 13.23 യൂറോയായി ഉയരും. നാല് രാത്രിയിലെ താമസത്തിന് നിലവിലെ 41.32 യൂറോയ്ക്ക് പകരം 52.90 യൂറോ നികുതി നൽകേണ്ടിവരും. അതായത്, നാല് ദിവസത്തെ താമസത്തിന് ഏകദേശം 11.60 യൂറോ അധികമായി ചെലവാകും.

വിനോദസഞ്ചാരികളുടെ അമിതമായ തിരക്കും സാമൂഹികവിരുദ്ധ പെരുമാറ്റങ്ങളും നിയന്ത്രിക്കുന്നതിനുള്ള നഗരത്തിന്റെ നടപടികളുടെ ഭാഗമായാണ് നികുതി വർധന. സന്ദർശകരുടെ എണ്ണം കുത്തനെ ഉയർന്നതോടെ പൊതുസ്ഥലങ്ങൾക്കും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്കും പ്രദേശവാസികളുടെ ജീവിതനിലവാരത്തിനും വലിയ സമ്മർദമുണ്ടാകുന്നതായി അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

2021-ൽ കൊണ്ടുവന്ന നിയമപ്രകാരം ആംസ്റ്റർഡാമിൽ പ്രതിവർഷം പരമാവധി 2 കോടി രാത്രി താമസങ്ങൾ എന്ന പരിധിയും നിശ്ചയിച്ചിട്ടുണ്ട്.

എന്നാൽ നികുതി വർധന വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ഹോട്ടൽ-ടൂറിസം വ്യവസായ മേഖലയും പ്രതിപക്ഷ രാഷ്ട്രീയക്കാരും വിമർശിക്കുന്നു. പുതിയ നികുതി വർധനവിലൂടെ നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകുന്നതിനുപകരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സന്ദർശകരുടെ എണ്ണം വർധിക്കാമെന്ന് VVD കൗൺസിലർ മൈറോൺ വോൺ ഗെർഹാർഡ് മുന്നറിയിപ്പ് നൽകി.

യൂറോപ്പിലെ മറ്റ് നഗരങ്ങളിലും നികുതി വർധന

വിനോദസഞ്ചാരികളെ നിയന്ത്രിക്കുന്നതിനും നഗരങ്ങളുടെ പരിസ്ഥിതി സംരക്ഷണത്തിനുമായി യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളും യാത്രാനികുതികൾ വർധിപ്പിച്ചിട്ടുണ്ട്.

മാൾട്ടയിൽ ജൂലൈ ഒന്നുമുതൽ പരിസ്ഥിതി നികുതി ഒരാൾക്ക് ഒരു രാത്രിക്ക് 50 സെന്റിൽനിന്ന് 1.50 യൂറോയായി ഉയർത്തി. ഒരു സന്ദർശനത്തിന് പരമാവധി 22.50 യൂറോയാണ് ഈടാക്കുന്നത്.

ബാഴ്‌സലോണയിൽ ഏപ്രിൽ മുതൽ പ്രാദേശിക ടൂറിസ്റ്റ് നികുതി ഇരട്ടിയാക്കി. താമസസൗകര്യത്തിന്റെ വിഭാഗമനുസരിച്ച് ഹോട്ടൽ സന്ദർശകർ ഒരു രാത്രിക്ക് 10 മുതൽ 15 യൂറോ വരെ നൽകണം.

മിലാനിൽ 2026-ലെ വിന്റർ ഒളിമ്പിക്‌സ് വേദികൾക്ക് സമീപമുള്ള താമസസൗകര്യങ്ങളിൽ നികുതി താൽക്കാലികമായി ഒരു രാത്രിക്ക് 10 യൂറോ വരെ ഉയർത്തി. ബ്രസൽസിൽ ഹോട്ടൽ മുറിക്ക് ഒരു രാത്രിക്ക് ഈടാക്കുന്ന നികുതി ഒരു യൂറോ വർധിപ്പിച്ച് അഞ്ച് യൂറോയാക്കി.

വെനീസിൽ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള തിരഞ്ഞെടുത്ത ദിവസങ്ങളിൽ ഒരു ദിവസത്തെ സന്ദർശകർക്ക് പ്രവേശന ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർ അഞ്ച് യൂറോയും വൈകി ബുക്ക് ചെയ്യുന്നവർ 10 യൂറോയും നൽകണം.

യൂറോപ്പിലെ പ്രമുഖ വിനോദസഞ്ചാര നഗരങ്ങൾ സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ കർശനമായ നടപടികളിലേക്ക് നീങ്ങുന്നതിനിടെ ആംസ്റ്റർഡാമിലെ പുതിയ നികുതി വർധന ബ്രിട്ടീഷ് വിനോദസഞ്ചാരികൾക്കും അധിക സാമ്പത്തിക ബാധ്യതയാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more