1 GBP = 122.89
breaking news

യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ; തൊഴിലുടമകളുടെ നാഷണൽ ഇൻഷുറൻസ് വിഹിതം കുറയ്ക്കാൻ അലൻ മിൽബേൺ സമിതിയുടെ നിർദേശം

യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ; തൊഴിലുടമകളുടെ നാഷണൽ ഇൻഷുറൻസ് വിഹിതം കുറയ്ക്കാൻ അലൻ മിൽബേൺ സമിതിയുടെ നിർദേശം

ലണ്ടൻ: ബ്രിട്ടനിൽ യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 25 വയസ്സിൽ താഴെയുള്ള ജീവനക്കാരുടെ കാര്യത്തിൽ തൊഴിലുടമകൾ അടയ്ക്കേണ്ട നാഷണൽ ഇൻഷുറൻസ് (NI) വിഹിതം ഘട്ടംഘട്ടമായി കുറയ്ക്കണമെന്ന് അലൻ മിൽബേൺ സമിതി സർക്കാരിനോട് ശുപാർശ ചെയ്യും.

21 മുതൽ 24 വയസ്സുവരെയുള്ള ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് അഞ്ച് വർഷത്തിനുള്ളിൽ നികുതിഭാരം കുറയ്ക്കാനാണ് നിർദേശം. ആദ്യഘട്ടത്തിൽ റീട്ടെയിൽ, ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് മുൻഗണന നൽകും. ഈ പ്രായത്തിലുള്ള ജീവനക്കാരുടെ കാര്യത്തിൽ NI അടയ്ക്കേണ്ട വരുമാനപരിധി 5,000 പൗണ്ടിൽ നിന്ന് 10,000 പൗണ്ടായി ഉയർത്താനും റിപ്പോർട്ട് നിർദേശിക്കും.

ബ്രിട്ടനിൽ 16 മുതൽ 24 വയസ്സുവരെയുള്ള ഏകദേശം പത്തുലക്ഷം യുവാക്കൾ തൊഴിൽ, വിദ്യാഭ്യാസം, പരിശീലനം എന്നിവയിൽ നിന്ന് പുറത്താണെന്നാണ് കണക്ക്. യുവാക്കളുടെ സാമ്പത്തിക നിഷ്ക്രിയത്വം സർക്കാരിന് പ്രതിവർഷം 22 ബില്യൺ പൗണ്ടിന്റെ ചെലവുണ്ടാക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, യുവാക്കളുടെ Universal Credit, Personal Independence Payment (PIP) ആനുകൂല്യങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും ജോലി, പരിശീലനം അല്ലെങ്കിൽ തൊഴിൽസഹായം എന്നിവ നിരസിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നഷ്ടമാകാമെന്നും റിപ്പോർട്ട് നിർദേശിക്കുമെന്നാണ് വിവരം.

എന്നാൽ സാമ്പത്തിക സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ മാത്രമേ NI ഇളവ് നടപ്പാക്കാവൂ എന്നാണ് മിൽബേണിന്റെ നിലപാട്. ഉടൻ നടപ്പാക്കിയാൽ 5.1 ബില്യൺ പൗണ്ട് ചെലവാകുമെന്നാണ് റെസല്യൂഷൻ ഫൗണ്ടേഷന്റെ വിലയിരുത്തൽ.

യുവാക്കൾക്ക് തൊഴിൽ നൽകാൻ ആഗ്രഹമുണ്ടെങ്കിലും ഉയർന്ന വേതനവും നികുതിഭാരവും കാരണം നിയമനം നടത്താൻ കഴിയുന്നില്ലെന്ന് ചെറുകിട സ്ഥാപനങ്ങൾ പരാതിപ്പെടുന്നുണ്ട്. അതേസമയം, തൊഴിലുടമകളുടെ NI കുറയ്ക്കുന്നതാണ് പരിഹാരമെന്നും സർക്കാർ നികുതി വർധിപ്പിച്ച ശേഷം സബ്സിഡി നൽകുന്നത് യുക്തിരഹിതമാണെന്നും പ്രതിപക്ഷം വിമർശിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more