ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ തകര്‍ന്നടിഞ്ഞ് ഓസ്ട്രേലിയ. 198 റണ്‍സിനാണ് ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ തകര്‍ന്നത്. ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയുടെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്കോറാണിത്. 2017-ല്‍ മിര്‍പൂരില്‍ നേടിയ 217 റണ്‍സായിരുന്നു ഇതിന് മുമ്പത്തെ കുറഞ്ഞ സ്കോര്‍. ആറുവിക്കറ്റ് നേടിയ ബംഗ്ലാദേശിന്റെ ഹസന് മഹ്മുദ് ആണ് ഓസീസിന്റെ മുനയൊടിച്ചത്. 17 ഓവറില്‍ 55 റണ്‍സ് വഴങ്ങിയാണ് ഹസന്റ് ആറുവിക്കറ്റ് നേട്ടം. ജെക് വെതെറാള്‍ഡിനെ (23) പുറത്താക്കിയാണ് ഹസന് മഹ്മുദ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ട്രാവിസ് ഹെഡ് (22), സ്റ്റീവന്‍ സ്മിത്ത് (71), പാറ്റ് കമിന്‍സ് (9), മിച്ചല്‍ സ്റ്റാര്‍ക്ക് (1), നഥാന്‍ ലിയോണ്‍ (7) എന്നിവരെയും ഹസന് മഹ്മുദ് പുറത്താക്കി. സ്റ്റീവന്‍ സ്മിത്ത് മാത്രമാണ് ഓസീസ് നിരയില്‍ പൊരുതിയത്. കാമറൂണ്‍ ഗ്രീന്‍ (13), അലക്സ് കാരി (19), ബ്യു വെബ്സ്റ്റര്‍ (12), മാര്‍നസ് ലെബുഷെയ്ന് (1) എന്നിവര്‍ക്ക് കാര്യമായി സംഭാന നല്‍കാനായില്ല.
കൂടുതല്‍നേരം ക്രീസില്‍ ഉറച്ചുനില്ക്കാനാകാതെയാണ് താരങ്ങളെല്ലാം മടങ്ങിയത്. ടസ്കിന് അഹമ്മദും ഇബാദത്ത് ഹസന് മിറാസും രണ്ടുവിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയക്കെതിരെ ഒരു ബംഗ്ലാദേശ് ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത ഹസന് മഹ്മൂദും, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ തികച്ച ടസ്കിന് അഹമ്മദും മത്സരത്തില്‍ തിളക്കമേറ്റി. 2006-ല്‍ റഫീഖ് (5/62) കുറിച്ച റെക്കോര്‍ഡാണ് ഹസന് മഹ്മൂദ് തിരുത്തിക്കുറിച്ചത്. 15 ടെസ്റ്റുകളില്‍ നിന്ന് ഹസന്റെ മൂന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഇന്ത്യയിലും പാകിസ്താനിലും ഇപ്പോള്‍ ഓസ്ട്രേലിയക്കെതിരെയുമുള്ള പ്രകടനത്തോടെ എവേ മത്സരങ്ങളില്‍ മികച്ച ഫോമിലാണ് ഹസന്.
റെക്കോഡിട്ട് സ്റ്റാര്‍ക്ക്
ഡാര്വിന് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് ചരിത്രദിനമായി മാറി. ശ്രീലങ്കന്‍ സ്പിന്നര്‍ രംഗന ഹെറാത്തിനെ മറികടന്ന് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇടങ്കയ്യന്‍ ബൗളര്‍ എന്ന റെക്കോര്‍ഡ് ഓസ്ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് സ്വന്തമാക്കി. ഡാര്വിന് ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഷാദ്മാന്‍ ഇസ്ലാമിനെ പുറത്താക്കിക്കൊണ്ടാണ് സ്റ്റാര്‍ക്ക് ഈ നേട്ടത്തിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ത തന്റെ 434-ാം വിക്കറ്റ് തികച്ച സ്റ്റാര്‍ക്ക്, 433 വിക്കറ്റുകള്‍ നേടിയിരുന്ന രംഗന ഹെറാത്തിന്റെ റെക്കോര്‍ഡാണ് മറികടന്നത്.
click on malayalam character to switch languages