1 GBP = 124.74
breaking news

യുക്മ കായികമേളകൾക്ക് തുടക്കമാകുന്നു; യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയണൽ കായികമേള നാളെ, യുക്മ ദേശീയ അധ്യക്ഷൻ എബി സെബാസ്റ്റിയൻ ഉദ്‌ഘാടനം നിർവ്വഹിക്കും

യുക്മ കായികമേളകൾക്ക് തുടക്കമാകുന്നു; യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയണൽ കായികമേള നാളെ, യുക്മ ദേശീയ അധ്യക്ഷൻ എബി സെബാസ്റ്റിയൻ ഉദ്‌ഘാടനം നിർവ്വഹിക്കും

സ്വന്തം ലേഖകൻ

യുക്മ ദേശീയ കായികമേളയ്ക്ക് മുന്നോടിയായുള്ള ഈ വർഷത്തെ റീജിയണൽ കായികമേളകൾ നാളെ ശനിയാഴ്ച യോർക് ഷയറിലെ ബാൺസ്‌ലിയിൽ ഡൊറോത്തി ഹൈമൻ സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ യോർക്ഷെയർ ആൻഡ് ഹംബർ റീജിയണൽ കായികമേള ഉദ്ഘാടനം നിർവ്വഹിക്കും.

രാവിലെ എട്ടരയോടെ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യോർക്ക്ഷയർ ആൻഡ് ഹംബർ റീജിയൻ പ്രസിഡൻറ് ശ്രീമതി അമ്പിളി മാത്യൂസ് അധ്യക്ഷത വഹിക്കുന്നതാണ്. നാഷണൽ വൈസ് പ്രസിഡൻറ് വർഗീസ് ഡാനിയേൽ സ്പോർട്സ് ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയാകും. യോർക്ക്ഷയറിലെ പതിനാറ് അസോസിയേഷനുകളിൽ നിന്നുമായി നിരവധി കായിക പ്രേമികൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റ് നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ജോസ് വർഗീസ് ഫ്ലാഗ് ഓഫ് നിർവഹിക്കുന്നതാണ്.

ആവേശവും ആവാഹനവും നിറഞ്ഞ റീജിയൺ സ്പോർട്സ് മത്സരങ്ങളിലേക്ക് വേണ്ട എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. കായിക മികവും കൂട്ടായ്മയുടെ ആത്മാവും ഒരുമിക്കുന്ന ഈ മഹോത്സവത്തിലേക്ക് എല്ലാ അംഗങ്ങളെയും ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു. ഈ വർഷത്തെ സ്പോർട്സ് മത്സരങ്ങളുടെ പ്രത്യേക ആകർഷണമായി എല്ലാ പ്രായ വിഭാഗങ്ങൾക്കും പങ്കെടുക്കാവുന്ന 800 മീറ്റർ മത്സരം സംഘടിപ്പിക്കുന്നതാണ്. കൂടാതെ വനിതകൾക്കായി വാശിയേറിയ വടംവലി മത്സരവും അരങ്ങേറും.

വൈവിധ്യമാർന്ന മത്സരങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, കുടുംബസമേതം ആസ്വദിക്കാവുന്ന മനോഹരമായ ഒരു ദിനമാണ് ഏവരെയും കാത്തിരിക്കുന്നതെന്ന് റീജിയണൽ സെക്രട്ടറി അജു തോമസ് പറഞ്ഞു.

യോർക്ക്‌ഷെയർ ആൻഡ് ഹാംബർ റീജിയണൽ കായികമേളക്ക് പിന്നാലെ ജൂൺ ആറിന് ഈസ്റ്റ് ആംഗ്ലിയ, വെയ്ൽസ് റീജിയണൽ കായികമേളകളും പിന്നാലെ സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, നോർത്ത് വെസ്റ്റ് കായികമേളകളും അരങ്ങേറും. ജൂൺ 20ന് ബിർമിംഗ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡിലുള്ള വിൻഡ്‌ലി ലെഷർ സെന്ററിലാകും ഇക്കുറിയും ദേശീയ കായികമേള അരങ്ങേറുക. കായികമേള സംബന്ധിച്ച നിയമാവലി ഇതിനകം തന്നെ റീജിയണൽ കമ്മിറ്റികൾ വഴി അംഗ അസ്സോസിയേഷനുകൾക്ക് കൈമാറിയതായി കായികമേളയുടെ ചുമതലയുള്ള യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിമാരായ പീറ്റർ താണോലിലും റെയ്‌മോൾ നിധിരിയും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more