1 GBP = 128.75
breaking news

എത്രയും പ്രിയപ്പെട്ട കേരളമേ, ഞാൻ ശൂന്യമാണ്; ഖജനാവിൽ നിന്നൊരു കത്ത്

എത്രയും പ്രിയപ്പെട്ട കേരളമേ, ഞാൻ ശൂന്യമാണ്; ഖജനാവിൽ നിന്നൊരു കത്ത്

എത്രയും സ്നേഹം നിറഞ്ഞ കേരളത്തിലെ ജനങ്ങൾ വായിച്ചറിയാൻ,

എന്നും നിറഞ്ഞ മനസോടെ നിങ്ങളുടെ ആവശ്യങ്ങളിൽ അത്താണിയാകണമെന്ന് എനിക്കേറെ ആഗ്രഹമുണ്ട്. ഉത്സവകാലങ്ങളുടെ പ്രതിധ്വനി പണത്തിന്റെയും അന്നത്തിന്റെയും രൂപത്തിൽ നിങ്ങളിലേക്കെത്തിക്കുന്നതാണെന്റെ സന്തോഷം. കൃത്യസമയത്ത് ശന്പളവും പെൻഷനുമെത്തിക്കുക, കോൺട്രാക്ടർമാർക്ക് സമയത്തിന് പണം നൽകുക,തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് യഥേഷ്ടം നൽകുക, പൊതുജനാരോഗ്യത്തിനും പൊതുവിദ്യാഭ്യാസത്തിനുമൊക്ക കയ്യയച്ച് തുക നൽകുക-ഇതൊക്കെയാണ് എനിക്ക് ഊർജമേകുന്നത്. പക്ഷേ എന്റെ അവസ്ഥ നിങ്ങൾക്ക് അറിയാമല്ലോ. എന്നാലും എങ്ങനെയെങ്കിലും ശന്പളവും പെൻഷനുമൊക്കെ കൊടുത്ത് അല്ലറ ചില്ലറ വികസനവുമൊക്കെ നടത്തി തട്ടിമുട്ടി കഴിയുമ്പോഴാണ് യുഡിഎഫിന്റെ പ്രകടനപത്രിക ഞാൻ കാണുന്നത്.

ആദ്യ ഗ്യാരന്റികൾ തന്നെ എനിക്ക് ഷോക്കായി. എന്നെ നോക്കി ഇങ്ങനെ ഗ്യാരന്റി കൊടുക്കാൻ ഇത്ര ധൈര്യമോ സക്കീർ ഭായിക്ക് എന്ന് ചോദിക്കണമെന്ന് തോന്നി. പ്രകടനപത്രിക മുഴുവൻ വായിച്ചപ്പോഴേക്കും എങ്ങനേലും എൽ ഡി എഫ് ജയിക്കണേന്നുള്ള പ്രാർഥനയായി. വെറും പണപ്പെട്ടി സൂക്ഷിപ്പ് ചുമതലയുള്ള ഞാനെന്തിന് രാഷ്ട്രീയ ചായ്‌വ് കാണിക്കണം എന്നല്ലേ? രാഷ്ട്രീയ ചായ്‌വും ചരിവുമല്ല സുഹൃത്തുക്കളേ… എന്റെ ഈ അവസ്ഥ വച്ച് അതിൽ പറയുന്നതൊന്നും ചെയ്യാനാവില്ല. വെറുതെ…വെറും വെറുതെ ഞാനൊന്നു കണക്കുകൂട്ടി.

സംസ്ഥാനത്തെ കോളജ് വിദ്യാർഥിനികൾക്ക് മാസം 1,000 രൂപ പോക്കറ്റ് മണി. എന്റമ്മോ. നിലവിലെ കണക്കുപുസ്തകമൊക്കെ പഠിച്ച് ഒരു രണ്ടര ലക്ഷം കോളജ് വിദ്യാർഥിനികൾ ഉണ്ടെന്ന് കൂട്ടിയാലും മാസം 25 കോടി രൂപ. വർഷം 300 കോടി രൂപ. ഇതൊക്കെ ഞാനെവിടെ നിന്നുണ്ടാക്കും? കടത്തിന്റെ പുറത്ത് കടമായി ഒരു ഗതിയും പരഗതിയുമില്ലാതെ മൂന്ന് പെൺകുട്ടികളുടെ വിവാഹവും വീട്ടുകാരിയുടെ ഭാരിച്ച ചികിത്സാ ചെലവുമൊക്കെ എങ്ങനെ കണ്ടെത്തുമെന്ന് ചിന്തിക്കുന്ന ഒരു സാധാരണക്കാരന്റെ മനസുപോലെ പിടഞ്ഞു എന്റെ മനസ്. ഇനി ചില കമ്പനികളുടെ മാർക്കറ്റിങ് തന്ത്രം പോലെ സ്റ്റാറിട്ടൊരു കണ്ടീഷൻസ് അപ്ലൈ, ഉണ്ടോയെന്ന് നോക്കി. ഹേയ് ഇല്ല…ഇവരിതെന്തു ഭാവിച്ചാണോ എന്തോ? ഫോബ്സ് പട്ടികയിലെ കോടീശ്വരന്റെ മകൾക്കും കിട്ടും 1,000 രൂപ. ഇനി മിഡിൽ ക്ലാസിലെ കുട്ടികളാണെങ്കിലും അവരതുമായി വല്ല ഹോട്ടലിലോ തുണിക്കടയിലോ കോസ്മെറ്റിക്സ് ഷോപ്പിലോ സർക്കാർ ചെലവിൽ അടിച്ചുപൊളിച്ചാലോ? അത്യാവശ്യക്കാരെ മാത്രം സഹായിച്ച് ബാക്കിയുള്ളവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രേരിപ്പിക്കുന്ന പ്രായോഗിക നയങ്ങൾ പോരേ?അല്ലാ, ഇതൊക്കെ ഞാൻ ചിന്തിച്ചിട്ടെന്താ…ഗ്യാരന്റി കൊടുക്കുന്നത് ഞാനല്ലല്ലോ. കട്ടപ്പുറത്തുനിന്ന് ലേശം റോട്ടിലേക്കിറങ്ങി നിൽക്കുന്ന കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. അല്ലാ സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീകൾ അന്തസായിട്ട് ടിക്കറ്റ് എടുത്ത് സന്തോഷത്തോടെയല്ലേ യാത്ര ചെയ്യുന്ന

എല്ലായിടത്തും തുല്യത തുല്യതാന്ന് പറഞ്ഞിട്ട് സർവമേഖലയിലും കഴിവ് തെളിയിക്കുന്ന സ്ത്രീകൾക്കെന്തിനാണ് ഇങ്ങനൊരു സൗജന്യം. നടക്കാൻ വയ്യെങ്കിൽ പോരേ ഒരു കൈ സഹായം. ഓടിച്ചാടി നടക്കുന്നവർക്കും കൈ സഹായം നൽകണോ. ഇനി അത്യാവശ്യക്കാർക്ക് വേണമെങ്കിൽ സീസൺ ടിക്കറ്റോ അതുപോലെ എന്തെങ്കിലും സൗകര്യമോ ഏർപ്പെടുത്തിയാൽ പോരെ? ജോലി ചെയ്യാൻ നിവൃത്തിയില്ലാത്ത അർഹതയുള്ള പുരുഷന്മാർക്ക് യാത്ര ചെയ്യുന്പോ സൗജന്യം വേണ്ടേ?

ഇനി സ്ത്രീകൾക്ക് സൗജന്യം കൊടുത്തിട്ട് പുരുഷന്മാരുടെ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയാൽ ഒരു വീട്ടിൽ ഭാര്യ ഫ്രീ ആയി യാത്ര ചെയ്യുന്പോൾ പുരുഷന്മാർ ഇരട്ടിക്കാശ് കൊടുക്കേണ്ടി വരില്ലേ. ആ കുടുംബത്തിലെ ചെലവിലെന്ത് വ്യത്യാസം വരും? എത്ര കുറഞ്ഞ വരുമാനമുള്ളവരെയും ചെറുചെറു നിക്ഷേപങ്ങളിലൂടെയും ആരോഗ്യ ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവരുന്നതിലുമൊക്കെയല്ലേ കാര്യം. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും നൽകാനാകുന്ന വാഗ്ദാനമല്ലേ വേണ്ടത് . അങ്ങനെ സർക്കാരിന്റെ ഖജനാവിൽ നിന്ന് എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന പണത്തിനായി കണ്ണുനട്ടിരിക്കാതെ സ്വന്തമായി വരുമാനവും നിക്ഷേപവും സന്പാദ്യവുമൊക്കെയുള്ള ഒരു ജനസമൂഹം…ആഹാ അന്തസ്..അവർ വോട്ടുബാങ്കാകുന്പോൾ ഉണ്ടാകുന്ന മാറ്റം. ഇതൊക്കൊണ് എന്റെ സ്വപ്നം. പ്രിയപ്പെട്ട ജനങ്ങളേ അടുത്ത തലമുറയെങ്കിലും ആത്മാഭിമാനത്തോടെ തലയുയർത്തി സ്വന്തം കാലിൽ നിൽക്കാൻ പഠിച്ച് തുടങ്ങണം. വരുമാനം കിട്ടുന്ന കാലത്ത് തന്നെ തുടങ്ങുന്ന ചെറു നിക്ഷേപങ്ങൾ നിങ്ങളെ അതിന് സഹായിക്കും. അല്ലെങ്കിൽ ഭാവിയിൽ സ്വത്വമില്ലാത്തഒന്നായി ഞാൻ മാറും. പേടി മനസിലേക്ക് അരിച്ചുകയറാൻ തുടങ്ങിയതോടെ പ്രകടനപത്രിക വായിക്കുന്നത് ഞാൻ നിർത്തി. ഇപ്പോ ദാ യു ഡി എഫ് ചരിത്രവിജയവും നേടി…എന്റെ കണ്ണിൽ ഇരുട്ടുകയറുന്നു…

നാണയത്തുട്ടുകൾ എണ്ണി ആഹ്ലാദിക്കുന്ന ഒരു യന്ത്രമായി നിങ്ങൾ എന്നെ കരുതരുത്. ശമ്പളവും പെൻഷനുമൊക്കെ മുടങ്ങുമോ, കോൺട്രാക്ടേഴ്സിന് പേയ്മെന്റ് കൊടുക്കാൻ പറ്റാതെയാകുമോ എന്നൊക്കെയുള്ള തോന്നൽ പോലും എനിക്ക് കഠിന വേദനയുണ്ടാക്കും. എന്നിൽ നിന്ന് പോകുന്ന ഈ പണം മറ്റ് പോക്കറ്റുകളിലേക്ക് എത്തുന്പോഴല്ലേ സാന്പത്തിക ചംക്രമണം ശരിയായി നടക്കൂ. രക്തം കട്ടപിടിക്കുന്നതുപോലെ അതിൽ ബ്ലോക്ക് ഉണ്ടായാൽ ചികിത്സിക്കാൻ പറ്റുന്നതിനൊരു പരിധിയില്ലേ. നിങ്ങൾ ചിന്തിക്കണം കേട്ടോ. മറ്റൊരാളിന്റെ തലച്ചോർ നിങ്ങളുടെ ചിന്ത രൂപീകരിക്കാൻ വാടകയ്ക്കെടുത്താൽ എന്നുമെന്നും പരാശ്രയജീവികളായി കഴിയേണ്ടി വരും. ‘ജനങ്ങൾ അർഹിക്കുന്ന ഭരണമാണ് അവർക്ക് ലഭിക്കുന്ന’തെന്ന് ഷേക്സ്പിയർ പറഞ്ഞത് കൂടി ഓർമിപ്പിച്ചുകൊണ്ട് ഈ കത്ത് ചുരുക്കുന്നു.

ഏറെ ആശങ്കയോടെ,
നിങ്ങളുടെ സ്വന്തം ഖജനാവ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more