1 GBP = 126.74
breaking news

സംഗീതം മനുഷ്യരെ ഒരുമിപ്പിക്കുന്ന ചൈതന്യത്തിനൊപ്പമാണ് ഞങ്ങള്‍, ഒരു വിശ്വാസത്തേയും വേദനിപ്പിക്കാനില്ല: നന്ദഗോവിന്ദം ഭജന്‍സ്

സംഗീതം മനുഷ്യരെ ഒരുമിപ്പിക്കുന്ന ചൈതന്യത്തിനൊപ്പമാണ് ഞങ്ങള്‍, ഒരു വിശ്വാസത്തേയും വേദനിപ്പിക്കാനില്ല: നന്ദഗോവിന്ദം ഭജന്‍സ്

ക്ഷേത്രത്തിലെ ഭജനയ്ക്കിടെ ക്രിസ്തീയ ഗാനം ആലപിച്ചതിനെ തുടര്‍ന്നുണ്ടായ സൈബര്‍ അധിക്ഷേപങ്ങളില്‍ പ്രതികരണവുമായി നന്ദഗോവിന്ദം ഭജന്‍സ്. തങ്ങള്‍ ഒരു വിശ്വാസങ്ങളേയും വേദനിപ്പിക്കാനല്ല ആ ഗാനം ആലപിച്ചതെന്നും ക്ഷേത്ര പരിപാടിയോട് സഹകരിച്ച കുറച്ചാളുകളോടുള്ള നന്ദി സൂചകമായിരുന്നു ആ ആലാപനമെന്നുമാണ് നന്ദഗോവിന്ദം ഭജന്‍സ് വിശദീകരിച്ചിരിക്കുന്നത്. നന്ദിയും ബഹുമാനവും ആത്മബന്ധവും സംഗീതത്തിലൂടെ പ്രകടിപ്പിക്കാമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും നന്ദഗോവിന്ദം ഭജന്‍സ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ ‘ഈ പരദേവനഹോ’ എന്ന ഗാനം ആലപിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. പലരും ഈ ഗാനാലാപനത്തെ പ്രശംസിച്ച് രംഗത്തെത്തിയപ്പോള്‍ ചില കോണുകളില്‍ വന്നത് വിമര്‍ശനവും സൈബര്‍ ആക്രമണവുമാണ്. ചിക്കന്‍ മസാല നല്ലതാണെങ്കിലും അത് പായസത്തില്‍ ഇടരുതെന്ന് ഹിന്ദു ഐക്യവേദി രക്ഷാധികാരി കെ പി ശശികല പരിഹസിച്ചതും വലിയ ചര്‍ച്ചയായി. ക്ഷേത്ര പരിപാടിയ്ക്ക് പാര്‍ക്കിംഗ് സഹായം ഉള്‍പ്പെടെ നല്‍കിയ ക്രിസ്ത്യന്‍ പള്ളി അധികൃതരോട് നന്ദി പറഞ്ഞുകൊണ്ട് ശ്രോതാക്കളുടെ അനുവാദം വാങ്ങിയാണ് നന്ദഗോവിന്ദം ഈ ഗാനം ആലപിച്ചത്. ഇതാണ് കേരള സ്റ്റോറിയെന്ന് ചൂണ്ടിക്കാട്ടി ഗാനത്തിന് കൈയടിക്കുന്നവരുമുണ്ട്.

ചര്‍ച്ചകള്‍ ചൂടുപിടിച്ചതോടെയാണ് വിവാദം അവസാനിപ്പിക്കാന്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ് രംഗത്തെത്തിയത്. ഒരു മതവികാരത്തേയും ഒരു വിശ്വാസത്തേയും വേദനിപ്പിക്കാനല്ല ആ ഗാനം ആലപിച്ചതെന്ന് നന്ദഗോവിന്ദം പ്രസ്താവനയില്‍ പറഞ്ഞു. ആര്‍ക്കെങ്കിലും അതില്‍ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കില്‍ ഞങ്ങളതിനെ അംഗീകരിക്കുന്നു. ഭക്തിയ്ക്കും ഒരുമയ്ക്കും സംഗീതം മനുഷ്യരെ ഒരുമിപ്പിക്കുന്ന ചൈതന്യത്തിനും വേണ്ടിയാണ് നന്ദഗോവിന്ദം നിലകൊള്ളുന്നതെന്നും അവര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

വിവാദങ്ങളില്‍ വേമ്പിന്‍കുളങ്ങര ക്ഷേത്ര കമ്മിറ്റിയും നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പരിപാടികള്‍ക്കെല്ലാം എല്ലാ മതസ്ഥരും സഹകരിക്കാറുണ്ടെന്നും ക്രിസ്തീയ ഗാനം പാടിയത് ഒരു അപരാധമല്ലെന്നും ക്ഷേത്ര കമ്മിറ്റി പ്രതികരിച്ചു. ഈ ഗ്രാമത്തില്‍ എല്ലാവരും സൗഹാര്‍ദത്തോടെയാണ് കഴിയുന്നത്. വിവാദം ഇളക്കിവിട്ട് ആ അവസ്ഥയെ തകര്‍ക്കരുതെന്നും കമ്മിറ്റി പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more