ലണ്ടൻ: ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് മുപ്പതോളം രാജ്യങ്ങൾ ഇന്ന് ലണ്ടനിൽ യോഗം ചേരും. ബ്രിട്ടനും ഫ്രാൻസും സംയുക്തമായാണ് ലണ്ടനിലെ നോർത്ത് വുഡിലുള്ള സൈനിക ആസ്ഥാനത്ത് ഈ യോഗം വിളിച്ചുചേർത്തിരിക്കുന്നത്. മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള സൈനിക ആസൂത്രകർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് പുറമെ ജപ്പാൻ, സൗത്ത് കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും യു.എ.ഇ അടക്കമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ഉൾപ്പെടുന്നു.
ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനായി ഒരു രാജ്യാന്തര സൈനിക ദൗത്യത്തിന് രൂപം നൽകുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം. ഡിഫൻസീവ് സ്വഭാവമുള്ള ഈ ദൗത്യം, എണ്ണക്കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കി ആഗോള ഊർജ്ജ വിപണിയെ സാധാരണ നിലയിലാക്കാൻ ഉദേശിച്ചുള്ളതാണ്. ശ്രദ്ധേയമായ കാര്യം, ഈ യോഗത്തിൽ അമേരിക്ക നേരിട്ട് പങ്കെടുക്കുന്നില്ല എന്നതാണ്. ബ്രിട്ടന്റെയും ഫ്രാൻസിന്റെയും നേതൃത്വത്തിൽ ഒരു സ്വതന്ത്ര നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തെയും ഉപരോധത്തെയും ഇറാൻ ശക്തമായ ഭാഷയിലാണ് വിമർശിക്കുന്നത്. വെടിനിർത്തൽ കാലാവധി നീട്ടിയ ട്രംപിന്റെ നടപടി വെറും നാടകമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറുടെ ഉപദേഷ്ടാവ് മെഹ്ദി മുഹമ്മദി പറഞ്ഞു. ഇറാനെ ഉപരോധത്തിലൂടെ ശ്വാസം മുട്ടിക്കുന്നത് ബോംബാക്രമണത്തിന് തുല്യമാണെന്നും അദ്ദേഹം വാദിച്ചു.
അമേരിക്കൻ നാവികസേന ഇറാന്റെ കപ്പൽ പിടിച്ചെടുത്തതും തുറമുഖങ്ങളിൽ ഉപരോധം തുടരുന്നതും വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ പാകിസ്താനിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. തങ്ങളുടെ മേൽ സമ്മർദം ചെലുത്തി കീഴടക്കാൻ നോക്കേണ്ടെന്നും, ആവശ്യമെങ്കിൽ സൈനികമായി തന്നെ തിരിച്ചടിക്കുമെന്നുമാണ് ഇറാന്റെ നിലപാട്. ഹുർമുസ് കടലിടുക്കിൽ പുതിയ സൈനിക നീക്കങ്ങൾ നടത്താനുള്ള സാധ്യതയും ഇറാൻ തള്ളിക്കളയുന്നില്ല.
click on malayalam character to switch languages