ദുബൈ: യു.എസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ടുദിവസം പിന്നിടുമ്പോൾ ഗൾഫ് രാജ്യങ്ങൾ ശാന്തം. വ്യാഴാഴ്ച രാത്രി കുവൈത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം ഒഴിച്ചുനിർത്തിയാൽ മറ്റു സംഭവങ്ങളൊന്നും രണ്ടുദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പാകിസ്താനിൽ നടക്കുന്ന യു.എസ്-ഇറാൻ സംഭാഷണത്തിലൂടെ സുസ്ഥിര സമാധാനത്തിന് വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് മേഖലയിലെ ജനങ്ങൾ. പ്രവാസലോകവും മേഖലയിൽ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിന്റെ ആശ്വാസത്തിലാണ്. തുടർച്ചയായ വ്യോമപ്രതിരോധത്തിന്റെ ശബ്ദവും മുന്നറിയിപ്പ് സന്ദേശങ്ങളും ഇല്ലാതായതോടെ തന്നെ പ്രവാസി കുടുംബങ്ങൾ പ്രത്യാശയിലാണ്. മിക്ക രാജ്യങ്ങളിലും ബിസിനസ്, തൊഴിൽ രംഗങ്ങളെല്ലാം വീണ്ടും സജീവമായി. വ്യോമ ഗതാഗതവും പിന്നാലെ സമുദ്ര ഗതാഗതവും സാധാരണ നിലയിലാകുന്നതോടെ എല്ലാം പഴയപടി ആയിത്തീരുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം ഹുർമുസ് കടലിടുക്കിൽ സമുദ്ര ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാത്തതിൽ മേഖലയിൽ ആശങ്ക ശക്തമാണ്. ഹുർമുസ് പൂർവസ്ഥിതിയിലേക്ക് എത്തിയാലേ വിവിധ രാജ്യങ്ങളിലെ വാണിജ്യ മേഖലയിലെ സ്തംഭനാവസ്ഥയും എണ്ണ വിപണിയിലെ തടസങ്ങളും നീങ്ങുകയുള്ളൂ. നിലവിൽ ഹുർമുസ് ഗതാഗതത്തിന് തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിമിതമായ കപ്പലുകൾ മാത്രമാണ് കടന്നുപോയതെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ പാകിസ്താനിൽ ആരംഭിക്കുന്ന ചർച്ചകളിൽ വ്യക്തതയുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. എന്നാൽ ഇക്കാര്യത്തിൽ ഇറാൻ കടുത്ത നിലപാട് സ്വീകരിക്കുന്നത് ആശങ്കക്ക് ഇടയാക്കുന്നതാണ്. അതേസമയം ഗൾഫ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിന്റെ സൂചന നൽകി കഴിഞ്ഞദിവസം ഇറാൻ വിദേശകാര്യ മന്ത്രി സൗദി വിദേശകാര്യ മന്ത്രിയുമായി ഫോൺ സംഭാഷണം നടത്തിയിട്ടുണ്ട്.
അതിനിടെ, വ്യോമ ഗതാഗതം സാധാരണ നിലയിലാക്കാൻ വിവിധ രാജ്യങ്ങളിൽ അതിവേഗ നടപടികൾ തുടരുകയാണ്. കഴിഞ്ഞ 40 ദിവസമായി അടഞ്ഞുകിടന്ന ബഹ്റൈൻ വിമാനത്താവളവും വ്യോമപാതയും ബുധനാഴ്ച രാത്രി തുറന്നിരുന്നു. അതേസമയം കുവൈത്ത് വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. ഖത്തർ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും വ്യാഴാഴ്ച തുറന്നിട്ടുണ്ട്. ഘട്ടംഘട്ടമായാണ് വിവിധ വിമാനത്താവളങ്ങളിൽ സർവീസുകൾ പുനരംരംഭിക്കുകയെന്നാണ് വിവരം. യു.എ.ഇ, ഒമാൻ, സൗദി അടക്കമുള്ള മറ്റു രാജ്യങ്ങളിൽ നേരത്തെ തന്നെ വിമാന സർവീസുകൾ തുടരുന്നുണ്ട്. വ്യോമ ഗതാഗതം പുനരാരംഭിക്കുന്നത് പ്രവാസികൾ അടക്കമുള്ളവർക്ക് വലിയ ആശ്വാസം പകരുന്നതാണ്.
click on malayalam character to switch languages