വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ യുവാക്കളെ കൈയിലെടുക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി കെ.ബി. ഗണേഷ് കുമാർ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മോട്ടോർ വാഹന നിയമം എങ്ങനെയാണ് സതീശൻ മാറ്റുന്നതെന്ന് ഗണേഷ് ചോദിച്ചു. മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധമെന്നും അദ്ദേഹം പരിഹസിച്ചു.
വാഹനങ്ങളിൽ അധിക ലൈറ്റുകൾ വെക്കുന്നതിനെതിരെ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ശക്തമായ വിധിയുണ്ടെന്ന് ഗണേഷ് കുമാർ ഓർമ്മിപ്പിച്ചു. വണ്ടിയിൽ ഒരു അധിക ലൈറ്റ് വെച്ചാൽ 5000 രൂപ പിഴ അടിക്കണമെന്നത് ഹൈക്കോടതി നിർദ്ദേശമാണ്. രണ്ടാഴ്ച കൂടുമ്പോൾ കോടതി ഈ കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. കോടതി വിധിയെ മറികടന്നുകൊണ്ട് എങ്ങനെയാണ് പ്രകടനപത്രികയിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്താൻ കഴിയുന്നതെന്ന് ഗണേഷ് കുമാർ ചോദിച്ചു.
കമ്പനി ഡിസൈനിൽ മാറ്റം വരുത്തുന്നത് അപകടം
വാഹനങ്ങളുടെ ഡിസൈൻ എന്നത് ശാസ്ത്രീയമായി നിർമ്മിച്ച് അനുമതി വാങ്ങിയ ഒന്നാണ്. അതിൽ മാറ്റം വരുത്തുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും. വലിയ ടയറുകൾ ഘടിപ്പിക്കാൻ വേണ്ടി വണ്ടിയുടെ ബോഡിയിൽ മാറ്റം വരുത്തുന്നത് ടയർ ഊരിപ്പോകാനും നിയന്ത്രണം നഷ്ടപ്പെടാനും ഇടയാക്കും. ഇത്തരം മാറ്റങ്ങൾ ശാസ്ത്രീയമല്ലെന്നും സുരക്ഷയെ ബാധിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. അമിത പ്രകാശമുള്ള ലൈറ്റുകൾ എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴയിൽ ആറ് മെഡിക്കൽ വിദ്യാർത്ഥികൾ മരിക്കാനിടയായ അപകടം ഇതിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞു. അമിത പ്രകാശമുള്ള ലൈറ്റ് കണ്ണിലടിച്ചപ്പോൾ ഉണ്ടായ ആശയക്കുഴപ്പത്തിലാണ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വണ്ടി ബസിലിടിച്ചത്. ഇത്തരം ദുരന്തങ്ങൾ മറന്നുപോകരുതെന്ന് ഗണേഷ് കുമാർ ഓർമ്മിപ്പിച്ചു.
ലിബറൽ സമീപനം നേരത്തെ തന്നെയുണ്ട്’
വാഹനത്തിന്റെ ഘടനയെ ബാധിക്കാത്ത മാറ്റങ്ങൾ വരുത്തുന്നതിനോട് സർക്കാർ എതിരല്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. അപകടകരമല്ലാത്ത മാറ്റങ്ങൾ അനുവദിക്കണമെന്ന് താൻ നേരത്തെ തന്നെ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. എന്നാൽ വലിയ ശബ്ദമുണ്ടാക്കുന്ന സൈലൻസറുകളും കോടതി വിലക്കിയ ലൈറ്റുകളും ഒരു കാരണവശാലും അനുവദിക്കില്ലെന്നും ജനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഹന മോഡിഫിക്കേഷൻ വിഷയം ഒരു തിരഞ്ഞെടുപ്പ് ആയുധമാക്കുന്നതിലെ പ്രായോഗികതയെ ചോദ്യം ചെയ്തുകൊണ്ടാണ് ഗണേഷ് കുമാർ വി ഡി സതീശനെതിരെ ആഞ്ഞടിച്ചത്
click on malayalam character to switch languages