1 GBP = 126.51

സ്കോട്ട്‌ലൻഡിൽ നിന്നും ആലപ്പുഴയിലേക്ക് ഒരു സ്നേഹസ്പർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്കോട്ട്‌ലൻഡ് യൂണിറ്റ് മാതൃകയാകുന്നു

സ്കോട്ട്‌ലൻഡിൽ നിന്നും ആലപ്പുഴയിലേക്ക് ഒരു സ്നേഹസ്പർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്കോട്ട്‌ലൻഡ് യൂണിറ്റ് മാതൃകയാകുന്നു

സുനിൽ കെ ബേബി

എഡിൻബർഗ്: പ്രവാസലോകത്തെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള കാരുണ്യപ്രവർത്തനങ്ങളിലും മാതൃകയാകുകയാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്കോട്ട്‌ലൻഡ് യൂണിറ്റ്. ആലപ്പുഴ ഗാന്ധിഭവൻ സ്നേഹവീടിലെ 16 മുതിർന്ന പൗരന്മാർക്ക് പ്രതിമാസം ഭക്ഷണമെത്തിക്കുന്ന വിപുലമായ ചാരിറ്റി പദ്ധതിക്ക് സംഘടന ഔദ്യോഗികമായി തുടക്കം കുറിച്ചു.
ഐ.ഒ.സി സ്കോട്ട്‌ലൻഡ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഈ ചാരിറ്റി പദ്ധതിക്ക് രൂപം നൽകിയത്. ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട്, നാഷണൽ കമ്മിറ്റി അംഗം ഷോബിൻ സാം, എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു വർഗീസ്, ഡയാന പോളി, അമ്പിളി പ്രദീഷ്, ഷിജി, നികിത, ഡാനി, അലക്സ് എന്നിവർ ചേർന്ന് പദ്ധതിയുടെ ഏകോപനം നിർവ്വഹിച്ചു.

ഓരോ മാസവും മുടക്കമില്ലാതെ ഈ കാരുണ്യപ്രവർത്തനം തുടരാനാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്കോട്ട്‌ലൻഡ് യൂണിറ്റിന്റെ തീരുമാനം. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ഏപ്രിൽ മാസത്തെ വിഹിതമായ 5000 രൂപ ആലപ്പുഴ ഗാന്ധിഭവൻ അധികൃതർക്ക് കൈമാറി.
സംഘടനയിലെ അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചാണ് ഈ സഹായം എത്തിക്കുന്നത്. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കപ്പുറം, ജന്മനാട്ടിലെ അശരണരായവർക്ക് തണലാവുക എന്ന വലിയ ലക്ഷ്യമാണ് ഈ ഉദ്യമത്തിന് പിന്നിലെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

രാഷ്ട്രീയ നിലപാടുകൾക്കൊപ്പം തന്നെ മാനുഷിക മൂല്യങ്ങൾക്കും മുൻഗണന നൽകുന്ന ഐ.ഒ.സി സ്കോട്ട്‌ലൻഡിന്റെ പ്രവർത്തനങ്ങളെ സ്കോട്ട്‌ലൻഡിലെ മലയാളി സമൂഹം പ്രശംസിച്ചു.
സൗജന്യ മാത്തമാറ്റിക്സ് വർക്ക്ഷോപ്പുകൾ പോലുള്ള കമ്മ്യൂണിറ്റി സേവനങ്ങൾക്ക് പുറമെ, ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സ്കോട്ട്‌ലൻഡിലെ ഇന്ത്യൻ വംശജർക്കിടയിൽ ശക്തമായ സ്വാധീനം ഉറപ്പിക്കുകയാണ് ഐ.ഒ.സി സ്കോട്ട്‌ലൻഡ് യൂണിറ്റ്. വരും ദിവസങ്ങളിൽ കൂടുതൽ സേവന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more