ഡെർബി: ഡെർബിയിൽ കാർ ഇടിച്ച് ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലുള്ള മലയാളിയായ സന്ദു പൊന്നച്ചനെതിരെ കേസെടുത്തു.
ഡെർബിയിൽ കാൽനടയാത്രക്കാർക്കിടയിൽ കാർ ഇടിച്ചുകയറി ഏഴ് പേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. ആൽവാസ്റ്റണിലെ ചാരിയറ്റ് ക്ലോസിൽ താമസിക്കുന്ന 36കാരനായ സന്ദു പൊന്നച്ചനെതിരെ മനഃപൂർവ്വം ഗുരുതരമായ ശാരീരിക ഉപദ്രവം വരുത്തിയതിന് ആറ് കുറ്റങ്ങൾ, ഗുരുതരമായ ശാരീരിക ഉപദ്രവം നടത്താൻ ശ്രമിച്ചതിന് ഒരു കുറ്റം, അപകടകരമായി വാഹനമോടിച്ചതിന് ഒരു കുറ്റം, മൂർച്ചയുള്ള ബ്ലേഡ് കൈവശം വച്ചതിന് ഒരു കുറ്റം എന്നീ കുറ്റങ്ങൾ ചുമത്തിയതായി ഡെർബിഷയർ പോലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ബുധനാഴ്ച സതേൺ ഡെർബിഷയർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ശനിയാഴ്ച രാത്രി 9.30 ഓടെ ഫ്രയർ ഗേറ്റിലെ ബിഷപ്പ് ബ്ലെയ്‌സ് പബ്ബിന് പുറത്ത് കറുത്ത സുസുക്കി സ്വിഫ്റ്റ് വാഹനം നടപ്പാതയിലേക്ക് ഓടിച്ചു കയറ്റി ഏഴ് പേരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉദ്യോഗസ്ഥരും സഹായിച്ചിരുന്നു.
36 നും 52 നും ഇടയിൽ പ്രായമുള്ള നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് ഇരകളായത്, നാല് പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുവെന്ന് ഡെർബിഷയർ പോലീസ് പറഞ്ഞു. അവരുടെ പരിക്കുകൾ ജീവന് ഭീഷണിയല്ലെന്ന് പോലീസ് പറഞ്ഞു.
പ്രതി ഇന്ത്യക്കാരനാണെന്ന് പോലീസ് നേരത്തെ തന്നെ പറഞ്ഞിരുന്നുവെങ്കിലും പ്രദേശവാസികളിൽ നിന്നാണ് മലയാളിയാണെന്ന വിവരം ലഭിച്ചത്. ഡെർബിയിലെ മലയാളി സമൂഹങ്ങളുമായി ബന്ധം പുലർത്താത്ത പ്രതിയുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഡെർബിയിൽ താമസിക്കുന്ന പൊന്നച്ചനെ സംഭവം നടന്ന് ഏഴ് മിനിറ്റുകൾക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
click on malayalam character to switch languages