1 GBP = 126.51

അമേരിക്കൻ ചാരനും ആറ് യുക്രേനിയൻ പൗരന്മാരും എൻ ഐ എ കസ്റ്റഡിയിൽ

അമേരിക്കൻ ചാരനും ആറ് യുക്രേനിയൻ പൗരന്മാരും എൻ ഐ എ കസ്റ്റഡിയിൽ

ന്യൂഡൽഹി: അമേരിക്കൻ ചാരനും സൈനിക ഉപദേശകനുമായ മാത്യു വാൻഡൈക്കിനെയും ആറ് യുക്രൈനിയൻ പൗരന്മാരെയും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. കൊൽക്കത്ത, ഡൽഹി, ലഖ്‌നൗ വിമാനത്താവളങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. മ്യാൻമറിലെ വിഘടനവാദി ഗ്രൂപ്പുകൾക്ക് പരിശീലനവും ആയുധങ്ങളും നൽകാൻ സംഘം ശ്രമിച്ചതായാണ് കണ്ടെത്തൽ.

യു.എ.ഇയിൽ നിന്നും മറ്റും ഇന്ത്യയിലെത്തിയ ഇവരെ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. മാർച്ച് 13 വെള്ളിയാഴ്ചയായിരുന്നു അറസ്റ്റ്. മാത്യു വാൻഡൈക്കിനെ കൊൽക്കത്തയിൽ നിന്നും യുക്രൈനിയൻ പൗരന്മാരായ പെട്രോ ഹുർബ, താരസ് സ്ലിവിയാക്, ഇവാൻ സുക്മാനോവ്സ്കി, മരിയൻ സ്റ്റെഫാൻകിവ്, മക്സിം ഹോൺചാരുക്, വിക്ടർ കമിൻസ്കി എന്നിവരെ ഡൽഹി, ലഖ്‌നൗ വിമാനത്താവളങ്ങളിൽ നിന്നുമാണ് പിടികൂടിയത്.

അറസ്റ്റിലായവരെ ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. ഇവരെ 11 ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ (UAPA) പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ അതിർത്തി കടന്ന് മ്യാൻമറിലെ വംശീയ സായുധ ഗ്രൂപ്പുകൾക്ക് സൈനിക പരിശീലനം നൽകിയെന്നാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. മിസോറാം വഴി ആവശ്യമായ അനുമതിപത്രങ്ങളില്ലാതെ ഇവർ മ്യാൻമറിലേക്ക് കടന്നതായി അന്വേഷണ ഏജൻസി കണ്ടെത്തി.

യൂറോപ്പിൽ നിന്ന് ഡ്രോണുകൾ എത്തിച്ച് മ്യാൻമറിലെ ക്യാമ്പുകളിൽ ഡ്രോൺ അസംബ്ലിങ്, ജാമിങ് സാങ്കേതികവിദ്യ, ഡ്രോൺ യുദ്ധമുറ എന്നിവയിൽ വിഘടനവാദികൾക്ക് പരിശീലനം നൽകാൻ ഇവർ പദ്ധതിയിട്ടിരുന്നു. മ്യാൻമറിലെ ഈ സായുധ സംഘങ്ങൾക്ക് വടക്കുകിഴക്കൻ ഇന്ത്യയിലെ തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്നും ഇത് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്നും എൻ.ഐ.എ എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more