1 GBP = 128.38
breaking news

ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ; സെമിയിൽ ഇംഗ്ലണ്ടിനെ തകർത്തത് ഏഴു റൺസിന്

ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ; സെമിയിൽ ഇംഗ്ലണ്ടിനെ തകർത്തത് ഏഴു റൺസിന്

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ. ഇന്ത്യ ഉയർത്തിയ 254 റൺസെന്ന പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ പോരാട്ടം 246 റൺസിൽ അവസാനിച്ചു. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.

അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 30 റൺസ് വേണ്ടിയിരുന്നെങ്കിലും 22 റൺസെടുക്കാനേ അവർക്കായുള്ളൂ. മുൻനിര ബാറ്റിങ് തകർന്നപ്പോൾ തകർപ്പൻ സെഞ്ചറിയിലൂടെ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന ജേക്കബ് ബെതലിന്റെ അവിശ്വസനീയ പോരാട്ടം ഒടുവിൽ പാഴായി. നിർണായക വിക്കറ്റുകൾ വീഴ്ത്തിയതിനൊപ്പം ഫീൽഡിങ്ങിലും തിളങ്ങിയ അക്ഷർ പട്ടേലിന്റെ പ്രകടനം നിർണായകമായി.

Also Read – സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ; വാങ്കഡെയിൽ കത്തിക്കയറി സഞ്ജു സാംസൺ
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ, മലയാളി താരം സഞ്ജു സാംസണിന്റെ (42 പന്തിൽ 89) വെടിക്കെട്ട് ഇന്നിങ്സിന്റെ മികവിലാണ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് പടുത്തുയർത്തിയത്. ഇഷാൻ കിഷനും (18 പന്തിൽ 39) ശിവം ദുബെയും (25 പന്തിൽ 43) സഞ്ജുവിന് മികച്ച പിന്തുണ നൽകി. തുടക്കത്തിൽ തന്നെ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ക്യാച്ച് കൈവിട്ടതിലൂടെ ലഭിച്ച ജീവൻദാനം പരമാവധി മുതലാക്കിയാണ് സഞ്ജു ഇംഗ്ലീഷ് ബൗളർമാരെ കടന്നാക്രമിച്ചത്. ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഓപ്പണർ അഭിഷേക് ശർമ ഇന്നും നിരാശപ്പെടുത്തിയെങ്കിലും, കൂട്ടത്തകർച്ചയിലേക്ക് വീഴാതെ സഞ്ജുവും സംഘവും ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ കിവീസിനെ വീഴ്ത്തി കിരീടം നേടാമെന്ന ഉറച്ച വിശ്വാസത്തിലാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവും സംഘവും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more