1 GBP = 126.51

അവസാന നിമിഷം വാക്കുമാറ്റി, മഹാരാഷ്ട്ര കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൈകൊടുത്ത് BJP അംഗങ്ങൾ

അവസാന നിമിഷം വാക്കുമാറ്റി, മഹാരാഷ്ട്ര കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൈകൊടുത്ത് BJP അംഗങ്ങൾ

മുബൈ: മഹാരാഷ്ട്ര ഭിവണ്ടി മുനിസിപ്പൽ കോർപ്പറേഷനിലെ മേയർ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൈകോർക്കാൻ ബിജെപി അംഗങ്ങൾ. ഒമ്പത് ബിജെപി അംഗങ്ങളാണ് കോൺഗ്രസിനെ പിന്തുണച്ച് നിൽക്കുക. മേയർ സ്ഥാനാർത്ഥിയെ ബിജെപി അവസാന സമയംവെച്ച് മാറ്റിയതാണ് അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയത്. നാരായൺ ചൗധരിയെ ആയിരുന്നു ബിജെപി മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ നാരായൺ ചൗധരിയെ മാറ്റി മറ്റൊരാളെ മേയർ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഒരു വിഭാഗം വിമതസ്വരം ഉയർത്തി.

തനിക്ക് നൽകിയ വാഗ്ദാനം ബിജെപി പാലിച്ചില്ലെന്നും ഈ അവസരത്തിൽ കോൺഗ്രസിനൊപ്പം കൈകോർക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും നാരായൺ ചൗധരി പറഞ്ഞു. 90 അംഗ ഭിവണ്ടി മുനിസിപ്പൽ കോർപ്പറേഷനിൽ 30 അംഗങ്ങളുള്ള കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയാണ്. ബിജെപിക്ക് 22ഉം എൻസിപി(ശരത് പവാർ), ശിവസേന പാർട്ടികൾക്ക് 12 വീതവുമാണ് അംഗങ്ങളുള്ളത്. സമാജ്‌വാദി പാർട്ടി, കൊണാർക് വികാസ് അഖാഡി പാർട്ടി എന്നിവക്ക് ആറ് വീതവും ഭിവണ്ടി വികാസ് അഖാഡിക്ക് നാല് സീറ്റ്, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് സീറ്റ് നില.

കോൺഗ്രസും എൻസിപിയും ബിജെപിയിലെ ഒരു വിഭാഗവും ചൗധരിയെ മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും പിന്തുണക്കുകയും ചെയ്തു. കോൺഗ്രസ് നേതാവായ താരിഖ് മൊമിനെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നാണ് ഈ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം ഒമ്പത് ബിജെപി അംഗങ്ങൾ മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് ഹർഷ്‌വർദ്ധൻ സപ്കലുമായി കൂടിക്കാഴ്ച നടത്തുകയും മേയർ തെരഞ്ഞെടുപ്പിനുള്ള അവരുടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

മുമ്പ് കോൺഗ്രസിനൊപ്പം നിന്ന ബിജെപി അംഗങ്ങൾക്ക് ഇതൊരു ‘ഘർ വാപസി’യാണെന്ന് സപ്കൽ പറഞ്ഞു. എല്ലാ ജാതിമതങ്ങളെയും സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്ന മതേതര പുരോഗനപരമായ രാഷ്ട്രീയത്തിലാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. ബിജെപി അംഗങ്ങൾ കോൺഗ്രസുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ട്. കോൺഗ്രസിനും സഖ്യത്തിനും സമാധാനപരമായ ഒരു ഭരണം കാഴ്ചവെക്കാൻ കഴിയുമെന്ന് സപ്കൽ പറഞ്ഞു.

എൻസിപി (ശരത് പവാർ) നേതാവും ലോക്‌സഭാ അംഗവുമായ സുരേഷ് മാത്രെയും വിഷയത്തിൽ പ്രതികരിച്ചു. കോൺഗ്രസും എൻസിപി(ശരത് പവാർ)യും മഹാവികാസ് അഖാഡിയുടെ ഭാഗമാണെന്നും ഒരുമിച്ച് ഭിവണ്ടിയിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭിവണ്ടിയെ നയിക്കുന്ന മേയറും ഡെപ്യൂട്ടി മേയറും തങ്ങളുടെ സഖ്യത്തിൽനിന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more