1 GBP = 126.71

യുക്മ – ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 സമാപന സമ്മേളനത്തിൽ ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലർ സജീഷ് ടോം വിശിഷ്ടാതിഥി……. പ്രശസ്ത ചലച്ചിത്രതാരം നേഹ സക്‌സേന സെലിബ്രിറ്റി ഗസ്റ്റ്……

യുക്മ – ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 സമാപന സമ്മേളനത്തിൽ ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലർ സജീഷ് ടോം വിശിഷ്ടാതിഥി……. പ്രശസ്ത ചലച്ചിത്രതാരം നേഹ സക്‌സേന സെലിബ്രിറ്റി ഗസ്റ്റ്……

കുര്യൻ ജോർജ്ജ്

(നാഷണൽ പി ആർ ഒ ആൻഡ് മീഡിയ കോർഡിനേറ്റർ)

ഏഴാമത് യുക്മ കേരളപൂരം വള്ളംകളി നാളെ ആഗസ്റ്റ് 30 ശനിയാഴ്ച ഷെഫീൽഡിനടുത്തുള്ള പ്രസിദ്ധമായ റോഥർഹാമിലെ മാൻവേർസ് തടാകത്തിൽ അരങ്ങേറുകയാണ്. പുരുഷ – വനിതാ വിഭാഗങ്ങളിലായി  നാല്പത്തിരണ്ട്‌ ടീമുകൾ അണിനിരക്കുന്ന ജലോത്സവം, മലയാള നാടിന്റെ വർണ്ണങ്ങൾ വിരിയിക്കുന്ന പരിച്ഛേദം ബ്രിട്ടന്റെ മണ്ണിൽ പുനർസൃഷ്ട്ടിക്കുന്ന അപൂർവ്വതക്ക് യു കെ മലയാളികൾ സാക്ഷ്യം വഹിക്കും. 

പ്രശസ്ത ചലച്ചിത്രതാരം നേഹ സക്‌സേന  കേരളപൂരം വള്ളംകളി – 2025 ൻ്റെ സമാപന സമ്മേളനത്തിൽ സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുക്കും. 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം കസബയിലൂടെ (സൂസൻ) മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നേഹ സക്സേന, 2017 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ (ജൂലി) എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. തുടർന്ന് സഖാവിൻ്റെ പ്രിയസഖി, പടയോട്ടം, ധമാക്ക, ലാൽബാഗ്, ബ്ളഡ് മൂൺ ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നേഹ സക്സേന ഇപ്പോൾ മലയാളത്തിലും തെലുങ്കിലും നിർമ്മിക്കുന്ന വൃഷഭം എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്ത് കൊണ്ടിരിക്കുകയാണ്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ പ്രമുഖ ഭാഷകൾക്ക് പുറമെ സംസ്കൃതത്തിലും തുളുവിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രശംസ നേടിയ നേഹ സക്സേന ഏഴ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യും. ഏവിയേഷൻ, ഹോട്ടൽ മാനേജ്മെൻ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന നേഹ ടെലിവിഷൻ രംഗത്തും മോഡലിംഗിലും ഏറെ ശ്രദ്ധേയയായിരുന്നു.

വള്ളംകളി സമാപന സമ്മേളന വേദിയിൽ നടക്കുന്ന യുക്മ – തെരേസാസ് ലണ്ടൻ ‘ഓണച്ചന്തം മലയാളി സുന്ദരി’ മത്സരത്തിലെ വിജയിയെ കിരീടം അണിയിക്കുന്നത് സെലിബ്രിറ്റി ഗസ്റ്റ് നേഹ  സക്സേനയാണ്. 

കേരളപൂരത്തിന്റെ സമാപന സമ്മേളനത്തിൽ യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറിയും, നിലവിൽ  ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലറുമായ സജീഷ് ടോം വിശിഷ്ടടാതിഥിയായി പങ്കെടുക്കും. 2015, 2016 വർഷങ്ങളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച സജീഷ് ടോം 2021 മുതൽ ഹാംഷയർ കൗണ്ടിയിലെ ബേസിംഗ്‌സ്‌റ്റോക്ക് ബറോകൗൺസിലിൽ ലേബർ പാർട്ടിയെ പ്രതിനിധീകരിച്ചുകൊണ്ട് കൗൺസിലറായി  പ്രവർത്തിക്കുന്നു. 

യു കെ പൊതുസമൂഹത്തിൽ രണ്ട് ദശാബ്ദത്തിലേറെയായി സജീവസാന്നിധ്യമായ സജീഷ്, തുടർച്ചയായ മൂന്ന് ടേമുകളിൽ ബേസിംഗ്‌സ്‌റ്റോക്ക് മൾട്ടികൾച്ചറൽ ഫോറം ട്രഷറർ എന്ന നിലയിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനത്തിന് നേതൃത്വം നൽകുകയും “മേയേർസ് വോളൻറ്ററി അവാർഡ്” കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.  

ബേസിംഗ്‌സ്‌റ്റോക്ക് എൻ എച്ച് എസ് ഹോസ്പിറ്റലിൽ അഡ്മിൻ വിഭാഗത്തിൽ ജോലിചെയ്യുന്ന സജീഷ് ടോം തൊഴിലാളി പ്രസ്ഥാനങ്ങളിലും സജീവമാണ്. യു കെ യിലെ പ്രബല തൊഴിലാളി യൂണിയനായ UNISON ന്റെ ബ്രാഞ്ച് ചെയർപേഴ്സൺ, ലേബർലിങ്ക് ഓഫീസർ, സൗത്ത് ഈസ്റ്റ് റീജിയണൽ ഫിനാൻസ് കമ്മറ്റി അംഗം, റീജിയണൽ വെൽഫെയർ കമ്മറ്റി അംഗം തുടങ്ങി നിരവധി ചുമതലകൾ വിവിധ കാലഘട്ടങ്ങളിലായി സജീഷ് വഹിച്ചിട്ടുണ്ട്. യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറി എന്നനിലയിൽ അഭിമാനകരമായി പ്രവർത്തിച്ച സജീഷ് ടോം, ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലർ എന്ന നിലയിൽ കേരളപൂരം സമാപന വേദിയിൽ വിശിഷ്ടടാതിഥിയായി എത്തുമ്പോൾ, ഇത് യുക്മയ്ക്കും അഭിമാന മുഹൂർത്തം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more