1 GBP = 126.23
breaking news

ലെസ്റ്ററിൽ ആവേശമായി ഓൾ യുകെ വടംവലി മത്സരം: ട്സ്കേഴ്‌സ് കെൻ്റ് കിങ് ചാമ്പ്യൻമാർ

ലെസ്റ്ററിൽ ആവേശമായി ഓൾ യുകെ വടംവലി മത്സരം: ട്സ്കേഴ്‌സ് കെൻ്റ് കിങ് ചാമ്പ്യൻമാർ

അനീഷ് ജോൺ

ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ലെസ്റ്റർ ഫൈറ്റേഴ്സും സംയുക്തമായി ജൂലൈ 19തിന് സംഘടിപ്പിച്ച പ്രഥമ ഓൾ യുകെ വടംവലി മത്സരം വൻ വിജയത്തോടെ സമാപിച്ചു. ജഡ്ജ്മീഡോ സ്കൂളിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 18 ടീമുകൾ മാറ്റുരച്ചു. ഫൈനലിൽ ട്സ്കേഴ്‌സ് കെൻ്റ് കിങ്സ് ചാമ്പ്യൻ പട്ടം സ്വന്തമാക്കി.

ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഇരുപതാം വാർഷികാഘോഷങ്ങൾക്ക് പൊൻതൂവലായി മാറിയ ഈ മത്സരത്തിൽ LKC യുടെ ബാനറിൽ ആതിഥേയരായ ലെസ്റ്റർ ഫൈറ്റേഴ്സും ലെസ്റ്റർ ഹീറോസും കളത്തിലിറങ്ങി. കൺസർവേറ്റീവ് പാർട്ടിയുടെ കൗൺസിലർ ശ്രീ അബ്ദുൽ ഉസ്മാൻ, ഐ.പി.എൽ താരം ശ്രീ ബേസിൽ തമ്പി, കൺസർവേറ്റീവ് പാർട്ടി ഈസ്റ്റ് മിഡ്‌ലാൻഡ് ഹെഡ് ശ്രീ ഹനീഫ് ഉസ്മാൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഔദ്യോഗിക ജേഴ്സി പ്രകാശനവും ഇതേ വേദിയിൽ നടന്നു.

വാശിയേറിയ ഫൈനൽ മത്സരത്തിൽ ഒന്നാം സമ്മാനമായി ലൈഫ് ലൈൻ ഇൻഷുറൻസ് ആൻഡ് മോർട്ട്ഗേജ് പ്രൊവൈഡേഴ്സ് സ്പോൺസർ ചെയ്ത 1500 പൗണ്ടും ട്രോഫിയും ട്സ്കേഴ്‌സ് കെൻ്റ് കിങ്സ് സ്വന്തമാക്കി. രണ്ടാം സ്ഥാനത്തിനുള്ള അജ്‌മി സ്പോൺസർ ചെയ്ത 1000 പൗണ്ടും ട്രോഫിയും മല്ലൻസ് നോട്ടിംഗം കരസ്ഥമാക്കി.

• മൂന്നാം സമ്മാനം: ആദീസ് കാന്താരി സ്പോൺസർ ചെയ്ത 750 പൗണ്ടും ട്രോഫിയും – അച്ചായൻസ് ഹെർഫോർഡ്.
• നാലാം സമ്മാനം: സാഗ ഓഫ് കാർ സ്പോൺസർ ചെയ്ത 500 പൗണ്ടും ട്രോഫിയും – സ്റ്റോക് വാരിയേഴ്സ്.
• അഞ്ചാം സമ്മാനം: ഡ്രീം ഹൈ എഡ്യൂക്കേഷൻ കൺസൾട്ടൻസി സ്പോൺസർ ചെയ്ത 250 പൗണ്ടും ട്രോഫിയും – ആതിഥേയരായ ലെസ്റ്റർ ഫൈറ്റേഴ്സ്.
• ആറാം സമ്മാനം: പോപ്പറ്റ്സ് ക്യാഷ് ആൻഡ് ക്യാരി സ്പോൺസർ ചെയ്ത 250 പൗണ്ടും ട്രോഫിയും – സ്റ്റോക് ചാമ്പ്യൻസ്.
• ഏഴാം സമ്മാനം: ഏദൻസ് സീ ഫിഷ് സ്പോൺസർ ചെയ്ത 250 പൗണ്ടും ട്രോഫിയും – റോവർ എക്സ്‌റ്റർ.
• എട്ടാം സമ്മാനം: ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ് സ്പോൺസർ ചെയ്ത 250 പൗണ്ടും ട്രോഫിയും – കൊമ്പൻസ് ബ്ലൂ എന്നീ ടീമുകൾ കരസ്ഥമാക്കി.

വിവിധ ടീമുകളിൽ നിന്നുള്ള മികച്ച ഏഴ് കളിക്കാരെയും മികച്ച പരിശീലകനെയും തിരഞ്ഞെടുത്തു:

ഒന്നാം പൊസിഷനിൽ മികച്ച താരമായി നോബി (സ്റ്റോക് വാരിയേഴ്സ്), രണ്ടാം പൊസിഷനിൽ മികച്ച താരമായി ഷഹീൻ (റോവർ എക്സ്‌റ്റർ), മൂന്നാം പൊസിഷനിൽ മികച്ച താരമായി ജിനു (മല്ലൻസ് നോട്ടിംഗം), നാലാം പൊസിഷനിൽ മികച്ച താരമായി നോബി (കൊമ്പൻസ് ബ്ലൂ), അഞ്ചാം പൊസിഷനിൽ മികച്ച താരമായി പ്രിൻസ് (ലെസ്റ്റർ ഫൈറ്റേഴ്സ്), ആറാം പൊസിഷനിൽ മികച്ച താരമായി മനു (സ്റ്റോക് ചാമ്പ്യൻസ്), ഏഴാം പൊസിഷനിൽ മികച്ച താരമായി ശ്രീജിത്ത് (ടസ്കേഴ്‌സ് കെൻ്റ് കിങ്സ്) എന്നിവരെയും മികച്ച പരിശീലകനായി ജയ്സൺ (അച്ചായൻ ഹെർഫോർഡ്) നെയും തിരഞ്ഞെടുത്തു.

മത്സരത്തിൽ പങ്കെടുത്ത മുഴുവൻ ടീമുകൾക്കും ആവേശോജ്ജ്വലമായ പിന്തുണ നൽകിയ കാണികൾക്കും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ലെസ്റ്റർ ഫൈറ്റേഴ്സ് ക്ലബ്ബും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഈ പരിപാടിയുടെ വിജയത്തിന് പിന്നിൽ അഹോരാത്രം പ്രയത്നിച്ച സ്പോർട്സ് കമ്മിറ്റിക്കും ലെസ്റ്റർ ഫൈറ്റേഴ്സ് ക്ലബ്ബിന്റെ ക്യാപ്റ്റൻ ആശിഷ് ജോസഫ്, ക്ലബ് പ്രസിഡൻ്റ് ശ്രീ ജയ്സൺ, ക്ലബ് രക്ഷാധികാരി ശ്രീ ജോബി തൊടുകൻ എന്നിവർക്കും മറ്റ് ക്ലബ് പ്രതിനിധികൾക്കും എൽ.കെ.സി എക്സിക്യൂട്ടീവ് കമ്മിറ്റിക്കും പ്രത്യേക നന്ദി രേഖപ്പെടുത്തി.

ഒരു തർക്കങ്ങൾക്കും ഇടവരുത്താതെ മത്സരങ്ങൾ നിയന്ത്രിച്ച റഫറിമാരായ വിജി ജോസഫ്, ബിജോ പാറശ്ശേരിൽ എന്നിവർക്കും സംഘാടക സമിതി നന്ദി പറഞ്ഞു. വാശിയേറിയ മത്സരങ്ങളുടെ ആവേശം ചോരാതെ ലൈവ് കമൻ്ററി പറഞ്ഞ സിറിലിനും സംഘാടക സമിതിയുടെ പേരിൽ നന്ദി രേഖപ്പെടുത്തി.

ആകർഷകമായ അവതരണത്തിലൂടെ പരിപാടിയുടെ ചുക്കാൻ പിടിച്ച എൽ.കെ.സി കമ്മിറ്റിയംഗം ഐശ്വര്യയെയും സംഘാടകർ അഭിനന്ദിച്ചു. മുഖ്യാതിഥികളെ ക്ഷണിച്ചെത്തിക്കാൻ സഹായിച്ച കമ്മിറ്റി അംഗങ്ങളായ ശ്രീ അനീഷ് ജോണിനും അജയ് പെരുമ്പലത്തിനും, എൽ.കെ.സിയുടെ ജേഴ്സി നാട്ടിൽ നിന്ന് എത്തിക്കാൻ സഹായിച്ച ടിറ്റി ജോണിനും, മീഡിയ കവറേജ് നൽകിയ അഭിലാഷിനും, സുരക്ഷാ സേവനങ്ങൾ നൽകിയ ജഗൻ പാടാച്ചിറക്കും പ്രത്യേക നന്ദി അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായിട്ടും ഇത്രയും വലിയൊരു പരിപാടിക്കായി വേദിയൊരുക്കുവാൻ സഹായിച്ച ശ്രീമതി റീറ്റക്കും, ലൈറ്റ് ആൻഡ് സൗണ്ട് ചെയ്ത ഡ്രീംസ് ഇവൻ്റ് ടീമിനും സാരഥി അനൂപ് ജോസഫിനും പ്രത്യേകം നന്ദി അറിയിക്കുന്നു.

ലെസ്റ്റർ കേരള കമ്യൂണിറ്റിക്കുവേണ്ടി സെക്രട്ടറി സ്മൃതി രാജിവ് സ്വാഗതം പറഞ്ഞു. വരും വർഷങ്ങളിൽ ഈ ടൂർണമെൻറ് ഇതിലും കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി വിപുലമായി സംഘടിപ്പിക്കുവാൻ സാധിക്കട്ടെ എന്ന് ആശംസ പ്രസംഗത്തിൽ LKC പ്രസിഡൻറ് ശ്രീ അജീഷ് കൃഷ്ണൻ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ലെസ്റ്റർ ഫൈറ്റേഴ്സ് ക്ലബിന് വേണ്ടി പ്രസിഡൻ്റ് ശ്രീ ജയ്സൺ നന്ദി രേഖപ്പെടുത്തി.

ഈ വടംവലി മത്സരം ലെസ്റ്ററിലെ മലയാളി സമൂഹത്തിന് ഒരു പുത്തൻ ഉണർവ് നൽകി. കായിക വിനോദങ്ങളിലൂടെ ആളുകളെ ഒന്നിപ്പിക്കാനും പുതിയ സൗഹൃദങ്ങൾ വളർത്താനും ഈ പരിപാടിയിലൂടെ സാധിച്ചു. ഈ വിജയം വരും വർഷങ്ങളിൽ കൂടുതൽ മികച്ചതും വിപുലവുമായ കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിക്കും ലെസ്റ്റർ ഫൈറ്റേഴ്സ് ക്ലബിനും പ്രചോദനമാകുമെന്ന കാര്യത്തിൽ സംശയമില്ല. വീണ്ടുമൊരു മത്സരകാലത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more