ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് ഓസ്ട്രേലിയ പരാജയം വഴങ്ങിയതില്‍ ജോഷ് ഹേസല്‍വുഡിനെയും മറ്റ് താരങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഓസീസ് താരം മിച്ചല്‍ ജോണ്സണ്. ദേശീയ ടീമിനുള്ള തയ്യാറെടുപ്പുകളേക്കാള്‍ ഐപിഎല്ലിന് മുന്‍ഗണന നല്‍കാനുള്ള ഹേസല്‍വുഡിന്റെ തീരുമാനം അമ്പരപ്പിച്ചുവെന്നാണ് മിച്ചല്‍ ജോണ്സണ് പറയുന്നത്. വെസ്റ്റ് ഓസ്ട്രേലിയനിലെ കോളത്തിലാണ് മിച്ചല്‍ ജോണ്സണ് വിമര്‍ശനം ഉന്നയിച്ചത്.
കുറച്ച് വര്‍ഷങ്ങളായി ജോഷ് ഹേസല്‍വുഡിന്റെ ഫിറ്റ്നസില്‍ ആശങ്കകളുള്ളത് നമ്മള് കാണുന്നതാണ്. ദേശീയ ടീമിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളേക്കാള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്‍ഗണന നല്കിയ ഹേസല്‍വുഡിന്റെ തീരുമാനം അമ്പരപ്പിച്ചു’, ജോണ്സണ് പറഞ്ഞു.
ടെസ്റ്റില്‍ 34 ഓവറില്‍ 85 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹേസല്‍വുഡിന് ഫൈനലിലെ നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞില്ല. കൂടാതെ, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവരടങ്ങുന്ന പരിചയസമ്പന്നരായ ബൗളിംഗ് ടീമിനെ നിസ്സാരമായി കാണാനാവില്ലെന്നും മാനേജ്മെന്റ് ഭാവിയിലേക്ക് നോക്കാന്‍ തുടങ്ങണമെന്നും ജോണ്സണ് പരാമര്‍ശിച്ചു.
‘മിച്ചല്‍ സ്റ്റാര്‍ക്ക്, ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവരടങ്ങുന്ന വിജയകരമായ ‘ബിഗ് ഫോര്‍’ ബോളിംഗ് യൂണിറ്റാണ് നമുക്കുള്ളത്. അത് മുന്നോട്ട് പോകാനുള്ള ഒരു തടസ്സമായി കണക്കാക്കാനാവില്ല. പരിചയസമ്പന്നരായ കളിക്കാര്‍ ആഷസ് പരമ്പരയില്‍ ഒരു യാത്രയയപ്പ് ലഭിക്കാനായി മാത്രമാണ് ടീമില്‍ തുടരുന്നതെങ്കില്‍ അത് ശരിയായ മാനസികാവസ്ഥയാണോ എന്ന് പരിശോധിക്കണം. ടീമിന്റെ ഭാവിക്ക് പ്രാധാന്യം നല്കി അടുത്ത ടെസ്റ്റ് കളിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്,’ ജോണ്സണ് കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഹേസല്‍വുഡിന് സാധിച്ചിരുന്നു. പരിക്കിന്റെ ആശങ്കകള്‍ക്കിടയിലും ഐപിഎല്ലിന്റെ അവസാന ഘട്ടത്തില്‍ ഓസ്ട്രേലിയന്‍ സീമര്‍ വീണ്ടും ആര്‍സിബി ടീമില്‍ ചേര്‍ന്നിരുന്നു.
click on malayalam character to switch languages