സീന മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെൻറ്; ഫൈനലിൽ താണ്ഡവമാടി ബാബു വീട്ടിൽ; തുടർച്ചയായി നാലാം തവണയും എൽ.ജി.ആർ, എസ്.എം 24 ഫോക്സ് ഇലവൻ റണ്ണറപ്പ്
May 28, 2025
ഡിനു ഡൊമിനിക്, പി. ആർ.ഓ
സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച അഞ്ചാമത് സീന മെമ്മോറിയൽ T10 ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. റോംസി ഹണ്ട്സ് ഫാം പ്ലെയിംഗ് ഫീൽഡിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ യുകെയിലെ കരുത്തരായ എട്ട് ടീമുകളാണ് രണ്ട് ഗ്രൂപ്പുകളിൽ ആയി നടന്ന മത്സരങ്ങളിൽ ഏറ്റുമുട്ടിയത്.
മെയ് 25 ഞായറാഴ്ച രാവിലെ ഒമ്പതര മണിയോടെ ആരംഭിച്ച ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ നിർവഹിച്ചു. പ്രസിഡൻറ് എം.പി. പത്മരാജിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ സെക്രട്ടറി ജിനോയ്സ് തോമസ് സ്വാഗതം ആശംസിച്ചു. ട്രഷറർ ഷാൽമോൻ പങ്കേത്ത്, സ്പോർട്സ് കോഡിനേറ്റർമാരായ നിശാന്ത് സോമൻ, റിയാ ജോസഫ്, രക്ഷാധികാരി ഷിബു ജോൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഫോക്കസ് ഫിൻഷുവർ ലിമിറ്റഡ്, കഫേ ദീവാലി, നാച്ചുറൽ ഫുഡ്സ് തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്പോൺസർമാർ.
ആദ്യമത്സരത്തിൽ ഗ്രൂപ്പ് A യിൽ എസ്.എം 24 ഫോക്സ് ഇലവൻ ബ്രഹ്മർ ദ്രവീഡിയൻസ് സാലിസ്ബെറിയെ പരാജയപ്പെടുത്തിയപ്പോൾ ഗ്രൂപ്പ് ബിയിൽ രണ്ടാമത്തെ പിച്ചിൽ നടന്ന മത്സരത്തിൽ ഗള്ളി ഓക്സ്ഫോർഡ് സ്വിണ്ടൻ സിസി യെ പരാജയപ്പെടുത്തി. ഫൈനലിൽ കേരള രഞ്ജി താരം രാഹുൽ പൊന്നന്റെ മികവിൽ 110 എന്ന കൂറ്റന്‍ സ്കോറിലേക്ക് നീങ്ങിയ എസ്.എം 24 ഫോക്സ് ഇലവൻ ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ചിരുന്നതാണ്. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ആറ് ഓവറിനു ശേഷം ഇടിമിന്നലായി മാറിയ ബാബു വീട്ടിലിൻറെ മികവിൽ അത്യന്തം ആവേശകരമായി അവസാന ഓവറിൽ എൽ.ജി.ആർ വിജയം തട്ടിയെടുക്കുകയായിരുന്നു.
വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ സെമിഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട എസ്.എം 24 ഫോക്സ് ഇലവന്റെ ആദിത്യ ചന്ദ്രന് സാലിസ്ബറി മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം സാബു ജോസഫും രണ്ടാം സെമിഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയ എൽ. ജി.ആർ ൻറെ പ്രെയിസൻ ഏലിയാസിന് എസ്.എം.എ വൈസ് പ്രസിഡൻറ് ലിനി നിനോയും ട്രോഫികൾ സമ്മാനിച്ചു.
മാൻ ഓഫ് ദി ഫൈനൽ ആയി തിരഞ്ഞെടുക്കപ്പെട്ട ബാബു വീട്ടിലിന് എസ്.എം.എ എക്സിക്യൂട്ടീവ് അംഗം അരുൺ കൃഷ്ണൻ, ബെസ്റ്റ് ബാറ്റ്സ്മാൻ (പ്രെയിസൻ ഏലിയാസ് – 108 runs) ബെസ്റ്റ് ബൗളർ ( ബാബു വീട്ടിൽ – 6 വിക്കറ്റ്) എന്നിവർക്ക് എസ്എംഎ ജോയിൻറ് സെക്രട്ടറി ആൻമേരി സന്ദീപ്, പി.ആർ.ഓ ഡിനു ഡൊമിനിക് എന്നിവർ ട്രോഫികൾ കൈമാറി. മികച്ച അമ്പയർമാർക്കുള്ള പുരസ്കാരങ്ങൾ എക്സിക്യൂട്ടീവ് അംഗങ്ങളായ റോഷ്ണി വൈശാഖ്, ബിബിൻ എന്നിവരും കൈമാറി.
ടൂർണമെന്റിന്റെ ജേതാക്കളായ എൽ.ജി ആറിന് മുഖ്യ സ്പോൺസർമാരായ ഫോക്കസ് ഫിൻഷുവർ ന് വേണ്ടി ജിനോയിസ് തോമസ് ട്രോഫിയും സമ്മാനത്തുകയായ ആയിരം പൗണ്ടും സമ്മാനിച്ചു. എൽ.ജി.ആർ നായകൻ കിജി സീന മെമ്മോറിയൽ എവർറോളിംഗ് ട്രോഫി രക്ഷാധികാരി ഷിബു ജോണിന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങി. ടൂർണമെൻറ് റണ്ണേഴ്സ് അപ്പായ എസ്.എം 24 ഫോക്സ് ഇലവൻ ന് പ്രശസ്ത ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസർ അൻവിൻ ജോസ് ട്രോഫി സമ്മാനിച്ചപ്പോൾ കോ സ്പോൺസർമാരായ കഫെ ദീവാലി (റഷീദ്) നാച്ചുറൽ ഫുഡ്സ് (സ്റ്റെഫിൻ) എന്നിവർ സമ്മാനത്തുകയായ 500 പൗണ്ടും താരങ്ങൾക്കുള്ള മെഡലുകളും കൈമാറി.
ടൂർണമെന്റിന്റെ നെടുംതൂണായി ഏവരെയും ഏകോപിപ്പിച്ച നിഷാന്ത് സോമൻ, മിതമായ നിരക്കിൽ ഭക്ഷണം നൽകിയ ടെർമറിക് കിച്ചൻ, കളിക്കാർ, കാണികൾ തുടങ്ങിയവർക്ക് എസ്എംഎ എക്സിക്യൂട്ടീവ് ബിജു ഏലിയാസ് നന്ദി അർപ്പിച്ചു.
എസ്എംഎ യ്ക്ക് വേണ്ടി BTM ഫോട്ടോഗ്രാഫി (ബിജു മൂന്നാനപ്പിള്ളിൽ), മീഡിയ ടീം അംഗങ്ങളായ പ്രശാന്ത്, അഖിൽ ജോസഫ് തുടങ്ങിയവർ പകർത്തിയ ചിത്രങ്ങൾ കാണുവാൻ സാലിസ്ബറി മലയാളി അസോസിയേഷൻറെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ലിങ്ക് ചുവടെ,
click on malayalam character to switch languages