തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പതിനാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തേ തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലായിരുന്നു യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്ത് നാളെ കാലവര്‍ഷമെത്തുമെന്നാണ് പ്രവചനം. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടര്‍ച്ചായി മഴ ലഭിക്കുന്ന മേഖലകളില്‍ കനത്ത ജാഗ്രതാ പാലിക്കണം. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുക്കണം.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍, കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്നുവരെ തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്. കേരള തീരത്ത് രാത്രി 8.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും കന്യാകുമാരി തീരത്ത് 1.0 മുതല്‍ 1.1 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കമെന്നും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
click on malayalam character to switch languages