1 GBP = 115.02
breaking news

‘പാകിസ്താനിൽ കാട്ടുനീതി, കരസേന മേധാവിക്ക് നൽകേണ്ടിയിരുന്നത് ‘രാജാവ്’ എന്ന പദവി’; രൂക്ഷ വിമർശനവുമായി ഇമ്രാൻ ഖാൻ

‘പാകിസ്താനിൽ കാട്ടുനീതി, കരസേന മേധാവിക്ക് നൽകേണ്ടിയിരുന്നത് ‘രാജാവ്’ എന്ന പദവി’; രൂക്ഷ വിമർശനവുമായി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്താനിലെ കരസേന മേധാവി ജനറൽ അസിം മുനീറിനെതിരെ രൂക്ഷ വിമർശനവുമായി ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താനിൽ നിലവിൽ കാട്ടുനീതിയായതിനാൽ കരസേനാ മേധാവി ജനറൽ അസിം മുനീറിന് ഫീൽഡ് മാർഷൽ എന്നതിന് പകരം “രാജാവ്” എന്ന പദവി നൽകേണ്ടതായിരുന്നുവെന്നാണ് ഇമ്രാൻ ഖാൻ്റെ വിമർശനം.

ഇന്ത്യയുമായുള്ള സമീപകാല സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച ജനറൽ അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തിയിരുന്നു. ഇതോടെ പാകിസ്താൻ്റെ ചരിത്രത്തിൽ ആ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന രണ്ടാമത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥനായി അസിം മുനീർ മാറിയിരുന്നു. ‘മാഷാ അള്ളാ, ജനറൽ അസിം മുനീറിനെ ഫീൽഡ് മാർഷലായി നിയമിച്ചു. സത്യം പറഞ്ഞാൽ അദ്ദേഹത്തിന് ‘രാജാവ്’ എന്ന പദവി നൽകുന്നതായിരിക്കും കൂടുതൽ ഉചിതമായിരിക്കുക – കാരണം രാജ്യത്ത് ഇപ്പോൾ കാട്ടുനീതിയാണ്. കാട്ടിൽ ഒരു രാജാവേയുള്ളൂ’ എന്നായിരുന്നു എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഇമ്രാൻ ഖാൻ വിമർശിച്ചത്.

താനുമായി കരാറുണ്ടാക്കിയതായി ഉയർന്ന അഭ്യൂഹങ്ങൾ പൂർണ്ണമായും തെറ്റാണെന്നും 2023 ഓഗസ്റ്റ് മുതൽ വിവിധ കേസുകളിൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ വ്യക്തമാക്കി. ‘ഒരു കരാറും ഉണ്ടായിട്ടില്ല, ഒരു സംഭാഷണവും നടക്കുന്നില്ല. ഇവ അടിസ്ഥാനരഹിതമായ നുണകളാണ്’ എന്നാണ് ഇമ്രാൻ ചൂണ്ടിക്കാണിച്ചത്. പാകിസ്താൻ്റെ താൽപര്യങ്ങളെയും ഭാവിയെയും കുറിച്ച് യഥാർത്ഥ കരുതലുണ്ടെങ്കിൽ ചർച്ചയാകാമെന്നും ഇമ്രാൻ ഖാൻ സൂചിപ്പിച്ചു’. ‘രാജ്യം ബാഹ്യ ഭീഷണികളെയും, തീവ്രവാദത്തിന്റെ കുതിച്ചുചാട്ടത്തെയും, സാമ്പത്തിക പ്രതിസന്ധിയെയും നേരിടുന്നു. നമ്മൾ ഒന്നിക്കണം. ഞാൻ മുമ്പ് ഒരിക്കലും എനിക്കായി ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ഇപ്പോഴും അങ്ങനെ ആവശ്യപ്പെടില്ല’ എന്നും ഇമ്രാൻ ഖാൻ ചൂണ്ടിക്കാണിച്ചു. ഇന്ത്യ മറ്റൊരു ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് ഇമ്രാൻ ഖാൻ മുന്നറിയിപ്പ് നൽകി. അത്തരം ഏത് സാഹചര്യം നേരിടാനും ഷെഹ്ബാസ് ഷെരീഫ് ഭരണകൂടം തയ്യാറായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

നിയമം ശക്തർക്ക് മാത്രം ബാധകമാകുന്ന ഒരു സ്ഥലമായി പാകിസ്താൻ മാറിയിരിക്കുന്നുവെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. ‘ജനാധിപത്യത്തിന്റെ ആത്മാവ് തന്നെ തകർക്കപ്പെടുകയാണെന്ന് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നു. കള്ളൻ വലുതാകുന്തോറും അവർ വഹിക്കുന്ന പദവി ഉയർന്നതായിരിക്കും എന്ന സന്ദേശം നിങ്ങൾ നൽകുമ്പോൾ നിങ്ങൾ നീതിയെ കുഴിച്ചുമൂടുകയാണ്. ജീവനക്കാരുടെ പേരിൽ രജിസ്റ്റർ ചെയ്ത അഞ്ച് അപ്പാർട്ടുമെന്റുകളുമായി ബന്ധപ്പെട്ട് ആസിഫ് സർദാരിയുടെ സഹോദരിക്കെതിരെ എൻഎബി ഇപ്പോഴും കേസ് നിലനിൽക്കുന്നു. അവർ വിദേശത്താണ്. ആരും അവരെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്നില്ല. 22 ബില്യൺ പൗണ്ട് പികെആർ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഷെഹ്ബാസ് ഷെരീഫ് കുറ്റക്കാരനായിരുന്നു, എന്നിട്ടും അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കി’ എന്നും ഇമ്രാൻ ഖാൻ കുറിച്ചു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പാകിസ്താൻ്റെ ധാർമ്മികവും ഭരണഘടനാപരവുമായ ചട്ടക്കൂട് പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും മുൻ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തോഷഖാന-II കേസിലും പരിഹാസ്യമായ വിചാരണ പുനരാരംഭിച്ചിരിക്കുകയാണ്. ജയിലിലെന്നപോലെ, കോടതി നടപടികളും ഒരു കേണലിന്റെ ഇഷ്ടപ്രകാരമാണ് നടത്തുന്നത്. തന്റെ സഹോദരിമാരെയും അഭിഭാഷകരെയും കോടതിയിൽ നിന്ന് വിലക്കുകയാണ്. തന്റെ കൂട്ടാളികൾക്ക് തന്നെ കാണാൻ അനുവാദമില്ല. മാസങ്ങളോളമായി തന്റെ കുട്ടികളുമായി ബന്ധപ്പെടാൻ തനിക്ക് വിലക്കുണ്ട്. തന്റെ പുസ്തകങ്ങൾ പോലും എത്തിക്കുന്നില്ല. തന്റെ ഡോക്ടറെ കാണാൻ തനിക്ക് അനുമതി നിഷേധിക്കുന്നു. ഇത് കോടതി ഉത്തരവുകളുടെയും നിയമങ്ങളുടെയും തുടർച്ചയായ ലംഘന’മാണെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more