ന്യൂഡൽഹി: ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നു. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അയക്കാനാണ് പാകിസ്താൻ ഒരുങ്ങുന്നത്. നേരത്തെ പാകിസ്താനുമായുള്ള സംഘർഷത്തിൽ ഇന്ത്യൻ നിലപാട് വിശദീകരിക്കാൻ പ്രത്യേക സംഘത്തെ അയക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
ശനിയാഴ്ചയാണ് ഇത്തരമൊരു കാമ്പയിനിന് തുടക്കം കുറിക്കാൻ പാകിസ്താൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് തന്നോട് സംസാരിച്ചുവെന്ന് ബിലാവൽൽ ഭൂട്ടോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് വിളിച്ചിരുന്നു. അന്താരാഷ്ട്രവേദിയിൽ പാകിസ്താന്റെ സമാധാന ദൗത്യത്തിന്റെ ഭാഗമാകാൻ അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിസന്ധിഘട്ടത്തിൽ ചുമതല സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്താൻ മുൻ ഉപവിദേശകാര്യമന്ത്രി ഹിന റബ്ബാനി കർ, മുൻ പ്രതിരോധ മരന്തി ഖുറാം ദാസ്തിഗർ ഖാൻ, മുൻ വിദേശകാര്യ സെക്രട്ടറി ജാലിൽ അബ്ബാസ് ജിലാനി എന്നിവരാണ് സംഘത്തിലുണ്ടാവുക. മുൻ അംബാസിഡർ താരിഖ് ഫത്തേമിയെ റഷ്യയിലേക്കും യു.എസിലേക്കും അയക്കാനും പാകിസ്താന് പദ്ധതിയുണ്ട്.
പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷ്‍ക് ദർ പ്രതിനിധി സംഘത്തെ അയക്കുന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. യു.എസ്, യു.കെ, ബൽജിയം, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനാണ് പദ്ധതിയെന്ന് ദർ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെയും ഓപറേഷൻ സിന്ദൂറിനെയും തുടർന്നുള്ള നിർണായക നയതന്ത്ര നീക്കത്തിൽ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളെ ധരിപ്പിക്കാൻ കേന്ദ്രസർക്കാർ സർവകക്ഷി സംഘത്തെ അയക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
മുസ്‍ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ, സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ്, മുൻ വിദേശകാര്യ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരൻ തുടങ്ങിയവർ കേരളത്തിൽനിന്ന് സംഘത്തിലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
click on malayalam character to switch languages