ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെ പാകിസ്താന് മുന്നറിയിപ്പുമായി സാമ്പത്തിക റേറ്റിങ് ഏജൻസിയായ മൂഡീസ്. ഇന്ത്യയുമായുളള ഏറ്റുമുട്ടൽ പാകിസ്താനെ കൂടുതൽ അപകടത്തിലേക്ക് നയിക്കുമെന്നും സാമ്പത്തിക കാര്യങ്ങളിൽ പാകിസ്താനെ തകർക്കുമെന്നും മൂഡീസ് മുന്നറിയിപ്പ് നൽകി.
കടമെടുക്കൽ, വിദേശനാണ്യ ശേഖരം എന്നിവയിൽ പാകിസ്താൻ തിരിച്ചടി നേരിടുമെന്നാണ് മുന്നറിയിപ്പ്. ‘ ഇന്ത്യയുമായി ഇപ്പോൾ ഉള്ള, ഉണ്ടായേക്കാവുന്ന സംഘർഷങ്ങൾ പാകിസ്താനെ കൂടുതൽ അപകടത്തിലേക്കാണ് നയിക്കുക. പാകിസ്താന്റെ വളർച്ചയെയും, നിലവിലെ സാമ്പത്തിക അവസ്ഥയെയും രൂക്ഷമായി ബാധിക്കും. നിലവിൽ പാകിസ്താൻ സമ്പദ് വ്യവസ്ഥ വലിയ ഒരു തകർച്ചയിൽ നിന്ന് മെല്ലെ ഉയർത്തെഴുന്നേൽക്കുകയാണ്. എന്നാൽ ഒരു പ്രശ്നം ഉണ്ടായാൽ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമുള്ള പാകിസ്താന്റെ കടമെടുപ്പിനെയും മറ്റും അത് ബാധിച്ചേക്കും. അത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കും’ എന്നാണ് മൂഡീസ് മുന്നറിയിപ്പ് നൽകുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താൻ. ജൂലൈ 2023ലാണ് അന്താരാഷ്ട്ര നാണ്യനിധിയിൽ നിന്ന് മൂന്ന് ബില്യൺ ഡോളറിന്റെ ലോൺ ലഭിച്ചത്. ഇതിന് പിന്നാലെ വീണ്ടും പാകിസ്താന് കടമെടുക്കേണ്ടി വന്നു. 2022ലെ വെള്ളപ്പൊക്കം, ഇടയ്ക്കിടയ്ണ്ടാകുന്ന രാഷ്ട്രീയ അസ്ഥിരതകൾ എന്നിവ വിലക്കയറ്റം രൂക്ഷമാക്കിയിരുന്നു. ഒരിടയ്ക്ക് വിദേശനാണ്യ ശേഖരം അപകടകരമായ നിലയിലേക്ക് താഴ്ന്നിരുന്നു. ഇവയിൽ നിന്നെല്ലാം മെല്ലെ കരകയറി വരുകയാണ് രാജ്യം ഇപ്പോൾ. അതിനിടയിൽ ഒരു സംഘർഷം ഉണ്ടായാൽ, അത് സാമ്പത്തികമായി പാകിസ്താനെ തകർക്കുമെന്നാണ് മൂഡീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതേസമയം, ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യ വ്യാപകമായി മോക് ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ വിദ്യാർത്ഥികൾ ഉൾപ്പടെ പരിശീലനം നൽകേണ്ടത് ആവശ്യമാണെന്ന് കേന്ദ്രം അറിയിച്ചു. ഇതിൻ്റെ ഭാഗമായി മെയ് ഏഴാം തീയതി വിവിധ സംസ്ഥാനങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്തും.
വ്യോമാക്രമണ മുന്നറിയിപ്പിനായി സൈറണുകൾ സ്ഥാപിക്കാനും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ആക്രമണങ്ങളിൽ നിന്ന് രാജ്യത്തിലെ പ്രധാന കെട്ടിടങ്ങളും പ്ലാൻ്റുകളും സംരക്ഷിക്കാൻ സ്വീകരിക്കേണ്ട നടപടികളെടുക്കാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
click on malayalam character to switch languages