സുജു ജോസഫ്, പിആർഒ
എക്സിറ്റർ: യുക്മ സൗത്ത് വെസ്റ്റ് റീജിയണിലുള്ള നേഴ്സുമാർക്ക് വേണ്ടി യുക്മ നേഴ്സസ് ഫോറം (യു എൻ എഫ് ) സൗത്ത് വെസ്റ്റ റീജിയണും എക്സിറ്റർ മലയാളി അസോസിയേഷനും സംയുക്തമായി മെയ് ഇരുപത്തിനാലാം തീയതി നടത്തുന്ന ഇൻ്റർനാഷണൽ നേഴ്സസ് ഡേയിലേക്ക് റീജിയണിലെ എല്ലാ നേഴ്സുമാരേയും സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി സ്വാഗതം ചെയ്തു.
യുകെ യിലെ മലയാളി നേഴ്സുമാർക്കായി യുക്മ 2012ൽ ആരംഭിച്ച സംഘടനയാണ് യുക്മ നേഴ്സസ് ഫോറം. യു കെ യിലെ മലയാളി നേഴ്സുമാരുടെ ഉന്നമനത്തിനും. അവരുടെ തൊഴിൽ സംബന്ധമായ കാര്യങ്ങൾക്കും മാർഗ്ഗനിർദ്ദേശം നൽകുന്നതിനും, കൂടാതെ സെമിനാറുകൾ, പരിശീലന ക്ലാസുകൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയവയിലൂടെ കൂടുതൽ അറിവും വൈദഗ്ദ്യവും നൽകി അവരെ ശാക്തീകരിക്കുക എന്നിവയാണ് യുക്മ നേഴ്സസ് ഫോറം കൊണ്ട് ഉദ്ദേശിക്കുന്നത്. നേഴ്സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഇൻ്റർനാഷണൽ നേഴ്സസ് ഡേ ആഘോഷിക്കുന്നത്. ആരോഗ്യ പരിചരണ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ ചെയ്ത സ്തുത്യർഹമായ സേവനമാണ് മഹാമാരിയെ തരണം ചെയ്യാൻ എല്ലാ രാജ്യങ്ങളിലെയും ആരോഗ്യ മേഖലയെ സഹായിച്ചത്.
എല്ലാ വർഷവും ലോക നേഴ്സസ് ദിനത്തിൽ നേഴ്സിംഗിൻ്റെ ഒരു പ്രത്യേക വശം ഉയർത്തിക്കാട്ടുന്നതിന് വ്യത്യസ്തമായ തീം ഉണ്ടാകാറുണ്ട്. 2025 ലെ ലോക നഴ്സസ് ദിനത്തിലെ തീം ആണ് “നേഴ്സുമാരുടെ ശാരീരികവും മാനസികവുമായ ക്ഷേമം” (Physical and Mental Wellbeing of the Nurses).
സെമിനാർ, ഡിബേറ്റ്, ഗ്രൂപ്പ് ഡിസ്കഷൻസ്, കൾച്ചറൽ പ്രോഗ്രാംസ് എന്നിവയെല്ലാം ഉൾപ്പെടുത്തി വിപുലമായ ആഘോഷങ്ങൾ ആണ് യുക്മ നേഴ്സസ് ഫോറം സൗത്ത് വെസ്റ്റ് റീജിയൺ ഇത്തവണ ഇൻ്റർനാഷണൽ നേഴ്സസ് ഡേ ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. എക്സിറ്ററിലെ ക്ലിസ്റ്റ് സെന്റ് മേരി വില്ലേജ് ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന ആഘോഷപരിപാടികൾക്ക് രാവിലെ പതിനൊന്ന് മണിയോടെ തുടക്കമാകും. രാവിലെ പതിനൊന്ന് മണിക്ക് രജിസ്ട്രേഷനോട് കൂടി ആരംഭിച്ചു വൈകിട്ടു അഞ്ചു മണിയോടെ സമാപിക്കുന്ന രീതിയിൽ ആണ് ക്രമീകരണങ്ങൾ ചെയ്തുവരുന്നത്.
വിവിധ നേഴ്സിംഗ് മേഖലകളിൽ നിന്നും പരിചയസമ്പന്നരായ സീനിയർ നഴ്സുമാർ, ട്രേഡ് യൂണിയൻ നേതാക്കൾ, സൗത്ത് വെസ്റ്റിലെ എന്എച്ച്എസുകളിൽ ഉന്നത സ്ഥാനം വഹിക്കുന്നവർ തുടങ്ങി പ്രഗത്ഭരായവരുടെ ക്ലാസുകൾ, നഴ്സസ് മാരുടേതായ കലാപരിപാടികള് തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ആഘോഷപരിപാടികൾ നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്
സുനിൽ ജോർജ്ജ് – +447916399895
ജോബി തോമസ് – +447877734955
click on malayalam character to switch languages