ഹെമൽ ഹെംസ്റ്റഡ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്കു തുടക്കമായി; ഭക്തിസാന്ദ്രമായ ഓശാനത്തിരുന്നാളിന് ഫാ.അനൂപ് മലയിലിൽ കാർമ്മികത്വം വഹിച്ചു.
Apr 16, 2025
അപ്പച്ചൻ കണ്ണഞ്ചിറ
ഹെമൽ ഹെംസ്റ്റഡ്: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. ഇടവക വികാരി റവ. ഫാ. അനൂപ് മലയിൽ എബ്രഹാമിന്റെ കാർമ്മികത്വത്തിൽ കൊണ്ടാടിയ ആഘോഷമായ ഓശാന ഞായർ ആചരണം ഭക്തിസാന്ദ്രമായി. നോമ്പുകാലത്തിന്റെ അവസാന ഞായറാഴ്ചയും, വിശുദ്ധവാരത്തിന്റെ ആരംഭവുമായ ഓശാന ഞായർ തിരുക്കർമ്മങ്ങളിലും അനുബന്ധ ശുശ്രുഷകളിലും നിരവധി വിശ്വാസികളാണ് പങ്കുചേർന്നത്.
ക്രൂശീകരണത്തിന് ഏതാനും ദിനങ്ങൾക്ക് മുമ്പ് കഴുതക്കുട്ടിയുടെ പുറത്തുകയറി വിനയാന്വിതനായി നടത്തിയ യാത്രയും ജെറുശലേമിലേക്കുള്ള യേശുവിന്റെ രാജകീയമായ പ്രവേശനവും അവിടെ വരവേൽക്കുവാൻ വീഥികളിൽ തടിച്ചു കൂടിയവർ ഒലിവു ശിഖരങ്ങളും, പനയോലകളും വീശിക്കൊണ്ട് ‘ഹോശാന, ഇസ്രായേലിന്റെ രാജാവായ കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ എന്നു ആർത്തുവിളിച്ചു കൊണ്ടും, വസ്ത്രങ്ങളും, ചില്ലകളും നിരത്തിൽ വിരിച്ചു കൊണ്ടും പ്രൗഢിയോടെ വരവേറ്റതിന്റെ അനുസ്മരണം ഉണർത്തുന്നതായി ഓശാന ദിന ശുശ്രുഷകളും, തിരുന്നാൾ സന്ദേശവും.
ദേവാലയത്തിൽ ഒരുക്കിവെച്ചിരുന്ന കുരുത്തോലകൾ അനൂപ് അച്ചൻ വെഞ്ചിരിച്ചു വാഴ്ത്തി വിശ്വാസികൾക്ക് നൽകുകയും തുടർന്ന് ദേവാലയത്തിനു ചുറ്റും കുരുത്തോലകൾ വീശി ഓശാന കീർത്തനങ്ങൾ ആലപിച്ച് ഘോഷയാത്ര നടത്തുകയും ചെയ്തു. ദേവാലയത്തിന്റെ പ്രധാനകവാടം യേശുവിന്റെ പ്രവേശനം അനുസ്മരിച്ചു കൊണ്ട് അച്ചൻ ആചാരപ്രകാരം മുട്ടിത്തുറന്നുകൊണ്ടു വിശ്വാസികളോടൊപ്പം ദേവാലയത്തിനകത്തു പ്രവേശിച്ച് തുടർ തിരുക്കർമ്മങ്ങളും,അനുബന്ധ വായനകളും ശുശ്രുഷകളും നടത്തി. ഫാ. അനൂപ് മലയിൽ നൽകിയ ഓശാനത്തിരുന്നാൾ സന്ദേശം ചിന്തോദ്ധീപകവും ആൽമീയോർജ്ജം പകരുന്നതുമായി.
വിശുദ്ധവാരത്തിലേക്കു പ്രവേശിക്കുന്നതിന് ആമുഖമായി ധ്യാനവും അനുതാപ ശുശ്രുഷക്ക് അവസരവും ഒരുക്കിയിരുന്നു. തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പാസ്റ്ററൽ ഹൌസ് സന്ദർശനവും, സന്ധ്യാ പ്രാർത്ഥനാ നമസ്ക്കാരവും ഉണ്ടായിരിക്കും. ഏപ്രിൽ 16 ബുധനാഴ്ച പെസഹാ തിരുക്കർമ്മങ്ങളും അനുബന്ധ ശുശ്രുഷകളും നടക്കും. ഏപ്രിൽ 18 ന് ദുംഖവെള്ളി ശുശ്രുഷകളും പീഡാനുഭവ വായനകളും തിരുക്കർമ്മങ്ങൾക്ക് ശേഷം നേർച്ചകഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 19 ന് ശനിയാഴ്ച ശുശ്രുഷകൾ രാവിലെ എട്ടു മണിക്ക് വലിയ ശനിയാഴ്ച തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നതാണ്. ശനിയാഴ്ച വൈകുന്നേരം ആറരക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെയും വിശ്വാസത്തിന്റെയും മുഖമുദ്രയായ ഉത്ഥാനത്തിരുന്നാൾ ആരംഭിക്കും.
വിശുദ്ധ വാര തിരുക്കർമ്മങ്ങളിൾ പങ്കു ചേർന്ന് ക്രൂശിതന്റെ പീഡാനുഭവ യാത്രയോട് ചേർന്ന് അനുതാപത്തിലൂന്നിക്കൊണ്ട് പ്രാർത്ഥനാനിർഭരം ചരിക്കുവാനും, ഉദ്ധിതനായ ക്രിസ്തുവിലൂടെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും ഏവരെയും തിരുക്കർമ്മങ്ങളിലേക്കും ശുശ്രുഷകളിലേക്കും സ്നേഹപൂർവ്വം അനൂപ് അച്ചനും പള്ളിക്കമ്മിറ്റിയംഗങ്ങളും ക്ഷണിക്കുന്നു.
click on malayalam character to switch languages