ന്യൂയോർക്ക്: പ്രശസ്തമായ ഹാർവാർഡ് സർവകലാശാലക്കെതിരെ കടുത്ത നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സർവകലാശാലക്ക് നൽകിയിരുന്ന 2.2 ബില്യൺ ഡോളറിന്റെ ഗ്രാന്റ് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. കാമ്പസിൽ വിദ്യാർഥി പ്രതിഷേധങ്ങൾ അനുവദിക്കരുതെന്ന ഭരണകൂട നിർദേശം സർവകലാശാല തള്ളിയതിനു പിന്നാലെയാണ് നടപടി.
കൂടാതെ, സർവകലാശാലക്ക് നൽകിയിരുന്ന 60 മില്യൺ ഡോളറിന്റെ കരാറും താൽക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. കാമ്പസ് ആക്ടിവിസത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സർവകലാശാലക്ക് ട്രംപ് ഭരണകൂടം കത്ത് നൽകിയിരുന്നു. ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഉത്തരവ്. കാമ്പസിൽ മുഖാവരണം അനുവദിക്കരുത്, വിദ്യാർഥികളെയും ജീവനക്കാരെയും ഓഡിറ്റിങ്ങിന് വിധേയമാക്കണം, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശം അനുവദിക്കണം ഉൾപ്പെടെയുള്ള നിർദേശങ്ങളും ട്രംപ് മുന്നോട്ടുവെച്ചിരുന്നു.
സർവകലാശാലയുടെ ഫെഡറൽ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സർവകലാശാല അവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹാർവാർഡ് പ്രസിഡന്റ് അലൻ ഗാർബർ ഭരണകൂട നിർദേശം തള്ളിയത്. സർവകലാശാലയുടെ സ്വയംഭരണത്തിലും ഭരണഘടന അവകാശത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് അലൻ വ്യക്തമാക്കി.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ അമേരിക്കയിലെ കാമ്പസുകളിൽ വൻപ്രതിഷേധങ്ങളാണ് അരങ്ങേറിയിരുന്നത്. പലയിടത്തും പ്രതിഷേധങ്ങൾ അക്രമാസക്തമായി. വിദ്യാർഥികളുടെ ഫലസ്തീൻ അനുകൂല നിലപാടിനെതിരെ ട്രംപും റിപ്പബ്ലിക്കൻസും രംഗത്തുവന്നിരുന്നു. ട്രംപ് ഭരണകൂടം അധികാരത്തിൽ വന്നതിനു പിന്നാലെയാണ് കാമ്പസുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നത്.
അതേസമയം, യു.എസിൽ പട്ടാള നിയമ മാതൃകയിലുള്ള പുതിയ ഉത്തരവിൽ ഒപ്പിടാനും ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. സിവിൽ നിയമനിർവഹണത്തിൽ യു.എസ് സൈന്യത്തിന് അധികാരം കൊടുക്കുന്ന നിയമമാണ് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് നടപ്പാക്കുകയെന്നാണ് സൂചന. ഏപ്രിൽ 20ന് നിർണായക തീരുമാനം എടുക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
click on malayalam character to switch languages