1 GBP = 113.81

കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ് കേസ് പ്രതികള്‍ക്ക് ജാമ്യം

കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ് കേസ് പ്രതികള്‍ക്ക് ജാമ്യം

കോട്ടയം: ഗാന്ധിനഗര്‍ ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജിലെ റാഗിംഗ് കേസ് പ്രതികള്‍ക്ക് ജാമ്യം. സീനിയര്‍ വിദ്യാര്‍ത്ഥികളായ സാമുവല്‍, ജീവ, റിജില്‍ജിത്ത്, രാഹുല്‍ രാജ്, വിവേക് എന്നിവര്‍ക്കാണ് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായം, മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നീ കാരണങ്ങള്‍ കണക്കിലെടുത്താണ് ജാമ്യം നല്‍കിയത്.

ആറ് ജൂനിയര്‍ വിദ്യാര്‍ത്ഥികളാണ് റാഗിംഗിനിരയായത്. പ്രതികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ദേഹമാസകലം ലോഷന്‍ പുരട്ടിയ ശേഷം ഡിവൈഡര്‍ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിദ്യാര്‍ത്ഥി കരഞ്ഞ് നിലവിളിക്കുമ്പോള്‍ അവന്റെ കണ്ണിലേക്ക് ലോഷനൊഴിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അട്ടഹസിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. റാഗിംഗിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

തുടര്‍ന്ന് ഫെബ്രുവരി പതിനൊന്നിനാണ് പ്രതികള്‍ അറസ്റ്റിലായത്. 2024 നവംബര്‍ മുതല്‍ നാല് മാസമാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ പ്രതികള്‍ തുടര്‍ച്ചയായി ആക്രമിച്ചതെന്നാണ് അന്വേഷണ സംഘം ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്. റാഗിംഗിനെക്കുറിച്ച് പുറത്ത് പറയാതിരിക്കാന്‍ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയും പ്രതികള്‍ ആഘോഷിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ആതുരസേവനത്തിന് മാതൃകയാകേണ്ടവര്‍ ചെയ്തത് കൊടിയ പീഡനമാണ്. പ്രതികളായ വിദ്യാര്‍ത്ഥികളുടെ കൈവശം മാരകായുധങ്ങളുണ്ടായിരുന്നു. പ്രതികള്‍ ലഹരി ഉപയോഗിക്കുന്നവരാണ്. ലഹരിക്കായുളള പണം പ്രതികള്‍ കണ്ടെത്തിയത് ഇരകളായ വിദ്യാര്‍ത്ഥികളില്‍ നിന്ന്. റാഗിംഗിനെക്കുറിച്ച് കോളേജ് അധികൃതര്‍ക്കോ ഹോസ്റ്റല്‍ ചുമതലയുളളവര്‍ക്കോ അറിയില്ലായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ 40 സാക്ഷികളും 32 രേഖകളുമാണുളളത്.

റാഗിംഗ് വിവരം പുറത്തുവന്നതിനു പിന്നാലെ പ്രതികളെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇരയായ കുട്ടിയുടെ മാതാപിതാക്കള്‍ ക്ലാസ് ടീച്ചറോട് വിളിച്ചുപറയുമ്പോഴാണ് റാഗിംഗ് വിവരം കോളേജില്‍ അറിയുന്നത്. പ്രിന്‍സിപ്പാള്‍ റാഗിംഗിനിരയായ വിദ്യാര്‍ത്ഥികളെ വിളിച്ചുവരുത്തി പീഡനവിവരങ്ങള്‍ എഴുതിവാങ്ങി. ശേഷം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്കും എസ്പി ഓഫീസിലേക്കും പരാതി കൈമാറുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more